‘നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ’; അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കുമെന്ന് സിബിഐ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് സിബിഐ ഹൈക്കോടതിയില്‍. തെളിവോ രേഖകളോ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗൂഢാലോചനയുടെ മുഖ്യകണ്ണികള്‍ ഉദ്യോഗസ്ഥരാണെന്നും ആരോപണമുണ്ട്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

തെളിവുകളൊന്നും നമ്പി നാരായണനെതിരെയുണ്ടായിരുന്നില്ല. രാജ്യാന്തര ഗൂഢാലോചന നടന്നോ എന്ന് സംശയിക്കുന്നുണ്ട്. പ്രതികള്‍ പൊലീസില്‍ ഉന്നത സ്ഥാനങ്ങളിലിരുന്നവരാണ്. അതുകൊണ്ട് ജാമ്യം അനുവദിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ് മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Also Read: പ്രതാപ് ചന്ദ്ര സാരംഗി പുറത്തേക്ക്, ഹര്‍ഷവര്‍ധനും; എല്‍ മുരുഗനും സിന്ധ്യയും അകത്തേക്ക്, കേന്ദ്ര മന്ത്രിസഭ പുന:സംഘടന ഇങ്ങനെ

നമ്പി നാരായണനെ കേസില്‍പ്പെടുത്തിയതോടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെട്ടു. ഇതാണ് അന്താരാഷ്ട്ര ഗൂഢാലോചന നടന്നെന്ന സംശയത്തിലേക്ക് സിബിഐയെ എത്തിച്ചിരിക്കുന്നത്. ജാമ്യം ആവശ്യപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയിലെ മുഖ്യകണ്ണികളാണെന്നാണ് സിബിഐ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.