പെരിയ ഇരട്ടക്കൊലപാതകം: ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെക്കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ഏച്ചിലടക്കം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരാണ് അറസ്റ്റിലായത്. സിബിഐ കേസ് ഏറ്റെടുത്ത് ആറുമാസത്തിന് ശേഷമാണ് നടപടി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കും.

കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ പങ്കാളികളായി, പ്രതികള്‍ക്ക് ആയുധം കൈമാറി, കൊലപാതകത്തിനായി വാഹനം ഒരുക്കിനല്‍കി, പ്രതികള്‍ക്ക് കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവഴിയടക്കമുള്ള വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റെജി വര്‍ഗീസാണ് കൊലയാളികള്‍ക്ക് ആയുധം നല്‍കിയത്. കൃപേഷിന്റെയും ശരത്തിന്റെയും നീക്കങ്ങള്‍ സുരേന്ദ്രന്‍ പ്രതികളെ അറിയിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിപിഐഎം ലോക്കല്‍-ഏരിയാ സെക്രട്ടറിമാരുള്‍പ്പെടെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ജാമ്യത്തിലാണ്.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.

2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വിവധ വാഹനങ്ങളിലായെത്തിയ സംഘം പെരിയ കല്യാട്ടുവെച്ച് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ് സംഭവസ്ഥലത്തുവെച്ചും ശരത് ലാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.