സിബിഐ അന്വേഷിക്കാതിരുന്ന ‘രഹസ്യ കൈമാറ്റങ്ങൾ’, സംശയിക്കാതെ വിട്ട നമ്പി നാരായണന്റെ 45,498 രൂപയുടെ ടെലിഫോൺ ബിൽ; കാരവൻ – ചാരക്കേസ് അന്വേഷണ റിപ്പോർട്ട് നാലാം ഭാ​ഗം

ചെറിയൊരു മോഷണമോ നിസാരമായ ഒരു അഴിമതിയോ പോലെയാണ് ഒരു ചാരവൃത്തി കേസ് ബ്യൂറോ കൈകാര്യം ചെയ്തിരുന്നതെന്ന് സിബിഐ റിപ്പോർട്ട് കാണിച്ചുതരുന്നു. കുറ്റാരോപിതർ കേരള പൊലീസിനും ഐബിക്കും നൽകിയ മൊഴികൾ “അവർക്കിടയിൽ തന്നെ പരസ്പര വിരുദ്ധമായിരുന്നു” എന്നത് അടിസ്ഥാനമാക്കിയാണ് സിബിഐ കേസ് തള്ളിക്കളഞ്ഞത്. ഐബി റിപ്പോർട്ടുകളിൽ നിന്ന് വിസ്തരിച്ച് വ്യാഖ്യാനങ്ങൾ നടത്തുന്നുണ്ടെങ്കിലും, ബ്യൂറോ ചില പ്രത്യേക തുമ്പുകൾ മാത്രമാണ് അന്വേഷണത്തിന് തെരഞ്ഞെടുത്തത്. പല സന്ദർഭത്തിലും ഈ തുമ്പുകൾ, ആരോപിക്കപ്പെട്ട കൂടിക്കാഴ്ച്ചകളുടെ തീയതികൾ തമ്മിലെ പൊരുത്തക്കേടുകൾ പോലെയുള്ള നിസാരമായ സാങ്കേതികത്വം വിശദീകരിച്ച് തള്ളിക്കളഞ്ഞു. ഇന്റലിജൻസ് ബ്യൂറോയ്ക്ക് കുറ്റാരോപിതർ നൽകിയ വ്യത്യസ്ത മൊഴികളിൽ സുപ്രധാനമായ ഒരു കേന്ദ്രീകരണം/ഒരേ ഇടത്തേക്ക് എത്തിച്ചേരൽ ഉണ്ടായിരുന്നു, തങ്ങളുടെ പ്രക്രിയക്കിടെ, ഇതടക്കം നിർണായകമായ ഒട്ടേറെ വിശദാംശങ്ങൾ സിബിഐ സംഘം അവ​ഗണിച്ചതായി കാണാം. കേസ് ഏറ്റെടുത്തപ്പോൾ മുതൽ, ഐബിയും കേരള പൊലീസും ശേഖരിച്ച വിവരങ്ങളിന്മേൽ കൃത്യമായ ഒരു അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം സിബിഐക്കുണ്ടായിരുന്നു, പക്ഷെ, തങ്ങളുടെ പ്രയത്നത്തിന്റെ വലിയ പങ്കും ബ്യൂറോ ചെലവഴിച്ചത്, പൊലീസ് തെറ്റാണെന്ന് തെളിയിക്കാൻ വേണ്ടിയാണെന്നാണ് മനസിലാക്കാൻ കഴിയുക. തുമ്പുകളിൽ ചിലതിലേക്ക് സിബിഐ സ്വന്തം നിലയിൽ നടത്തിയ അന്വേഷണങ്ങളുടെ ഫലങ്ങൾ വാസ്തവത്തിന് നിരക്കുന്നതല്ല എന്നത് കൂടുതൽ ഉത്കണ്ഠപ്പെടുത്തുന്നു.

‘ആകസ്മികമായ കണ്ടുമുട്ടലുകളുടെ’ ഒരു പരമ്പരയിലൂടെയാണ് സിബിഐ റിപ്പോർട്ട്, ബിസിനസ് ഇടപാടുകളിൽ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന ഒരു കൂട്ടം വ്യക്തികളുടെ ബന്ധത്തെ വിശദീകരിച്ചത്. 1994, ജൂൺ 20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് മാലിദ്വീവിയൻ സർക്കാർ ഏജന്റായ മറിയം റഷീദ ചന്ദ്രശേഖറെ ആദ്യം കണ്ടുമുട്ടുന്നത്. ഐബി റിപ്പോർട്ടുകൾ പ്രകാരം, ഫൗസിയ ഹസന്റെ മകൾ നാസിഹ ഫൗസിയക്ക് കൊടുക്കാനായി ഏൽപിച്ച “17,000 യുഎസ് ഡോളർ, ഒരു പാക്കറ്റ്, ഒരു കത്ത്” എന്നിവ മറിയം റഷീദയുടെ കൈവശമുണ്ടായിരുന്നു. മാലിദ്വീപ് സ്വദേശികളെ തന്റെ ചാര പ്രവർത്തനങ്ങൾക്ക് ഇടനിലക്കാരായി ഉപയോ​ഗിച്ചിരുന്നയാളെന്ന് ആരോപിക്കപ്പെടുന്ന – മാലിയിലെ ഹബീബ് ബാങ്ക് ജീവനക്കാരൻ – മൊഹിയുദ്ദീൻ അയച്ച 25,000 ഡോളറാണ് മറിയം റഷീദ എത്തിച്ചുകൊടുത്ത പാക്കറ്റിൽ ഉണ്ടായിരുന്നതെന്ന് ഫൗസിയ ഹസനും ചന്ദ്രശേഖറും പറഞ്ഞതിനെ അടിസ്ഥാനമാക്കി ഐബി റിപ്പോർട്ടിൽ പ്രസ്താവിക്കുന്നുണ്ട്. ഇരു വനിതകളും ചന്ദ്രശേഖറിന് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് ഈ പാക്കറ്റ് കൈമാറി. “ചന്ദ്രശേഖരൻ ഈ സന്ദർശനവും തന്റെ ഓഹരിയായി 10,000 ഡോളറിന്റെ കവർ കൈപ്പറ്റിയതും സമ്മതിച്ചു,”ഫൗസിയ ഹസനേക്കുറിച്ചുള്ള ഐബി റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.

കെ ചന്ദ്രശേഖർ, 2018 സെപ്റ്റംബർ 16ന് മരിച്ചു

ഈ കൂടിക്കാഴ്ച്ചകൾ എന്തുകൊണ്ട് നടന്നു എന്നതിന് വ്യത്യസ്തമായ മറ്റൊരു ഉദ്ദേശ്യമാണ് സിബിഐ റിപ്പോർട്ട് ആരോപിക്കുന്നത്. തന്റെ മകൾ ജില ഹംദിയെ “മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് വേണ്ടി ബാം​​ഗ്ലൂരിലെ ഏതെങ്കിലും നല്ല സ്കൂളിൽ” ചേർക്കാൻ വേണ്ടിയാണ് 1994 മെയ് മുതൽ ജൂലൈ വരെ ഫൗസിയ ഹസൻ ഇന്ത്യയിൽ തങ്ങിയതെന്ന് സിബിഐ റിപ്പോർട്ട് പറയുന്നു. ഹംദി അതുവരെ കൊളംബോയിലാണ് പഠിച്ചിരുന്നത്. സുഹെയ്റയ്ക്ക് ഒപ്പമായിരുന്നു ഹംദിയുടെ താമസം. പുതിയൊരു സ്കൂളിലേക്കുള്ള ഈ മാറ്റത്തെ സാമ്പത്തികമായി സഹായിക്കാൻ മറിയം റഷീദ മാലിദ്വീപിലുണ്ടായിരുന്ന നാസിഹയിൽ നിന്ന് 17,000 ഡോളർ ശേഖരിച്ചു. ജൂൺ 20ന് ബാം​ഗ്ലൂരിലെത്തി, അവിടെ എയർപോർട്ടിൽ വെച്ചാണ് ചന്ദ്രശേഖറുമായുള്ള മറിയം റഷീദയുടെ “ആകസ്മിക കണ്ടുമുട്ടൽ” സംഭവിക്കുന്നത്. “എന്തെങ്കിലും സഹായം വേണ്ടിവന്നാൽ” ബന്ധപ്പെടാനായി ചന്ദ്രശേഖർ തന്റെ വിസിറ്റിങ്ങ് കാർഡ് മറിയം റഷീദയ്ക്ക് നൽകി. മറിയം റഷീദയെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോഴാണ് ചന്ദ്രശേഖറിന് ഫൗസിയ ഹസനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

ഹംദിയുടെ അഡ്മിഷന് വേണ്ടി സഹായം ചോദിച്ച് ഫൗസിയ ഹസനും മറിയം റഷീദയും ചന്ദ്രശേഖറുടെ ഓഫീസിലേക്ക് ചെന്നു. ചന്ദ്രശേഖർ അദ്ദേഹത്തിന്റെ സുഹൃത്ത് എസ് കെ ശർമയോട് സഹായം ആവശ്യപ്പെട്ടു. ബാൾഡ് വിൻ ​​​ഗേൾസ് ഹൈ സ്കൂൾ പ്രിൻസിപ്പാളായ ലെയ്ല തോമസിന്റെ ഭർത്താവിനെ ശർമ്മയ്ക്ക് അറിയാമായിരുന്നു. മൂവരും പ്രിൻസിപ്പാളിന്റെ വീട് ഒരേ ദിവസം തന്നെ രണ്ട് വട്ടം സന്ദർശിച്ചു. വിരമിച്ച സൈനിക ഉദ്യോ​ഗസ്ഥനായ കെ എൽ ഭാസിൻ എന്നയാളും രണ്ടാമത്തെ തവണ അവരോടൊപ്പമുണ്ടായിരുന്നു.

എസ് കെ ശർമ്മ

സിബിഐ റിപ്പോർട്ട് പ്രകാരം, മറിയം റഷീദയും ചന്ദ്രശേഖറും ആദ്യമായി കണ്ടുമുട്ടിയതിന് മൂന്ന് ദിവസത്തിന് ശേഷം, ജൂൺ 23ന് ഹംദി സ്കൂളിൽ പ്രവേശനം നേടി.

ബാൾഡ് വിൻ ​​ഗേൾസ് ഹൈ സ്കൂളിന്റെ 1994ലെ അഡ്മിഷൻ റെക്കോഡ് കാരവൻ പരിശോധിച്ചു. ലെയ്ല തോമസ് ഒപ്പിട്ട ഹംദിയുടെ അഡ്മിഷൻ ഫോമിലെ തീയതി ജൂൺ 18 ആണ് – സിബിഐ തെളിവായി ഹാജരാക്കുന്ന തീയതിയേക്കാൾ അഞ്ച് ദിവസം മുൻപ്. ജൂൺ 16നാണ് അപേക്ഷാ ഫോം സമർപ്പിക്കപ്പെട്ടത്. മാലിദ്വീപ് സ്വദേശിനികൾ ചന്ദ്രശേഖറെ ‘ആകസ്മികമായി കണ്ടുമുട്ടിയ’ സമയത്ത് തന്നെ ഹംദിക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചിരുന്നെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. പിന്നെ എന്തിനാണ് മറിയം റഷീദയും ഫൗസിയ ഹസനും ​ഗ്ലാവ്കോസ്മോസ് ഏജന്റിന്റെ ഓഫീസിൽ പോയത്?

ഫൗസിയ ഹസൻ ചന്ദ്രശേഖറെ കണ്ടുമുട്ടിയതിനേക്കുറിച്ചുള്ള സിബിഐ കഥ, ഫൗസിയ ഹസന്റെ തന്നെ പുസ്കത്തിലെ വാക്കുകളുമായി ഒത്തുപോകുന്നില്ല. ഫൗസിയ ഹസൻ എഴുതിയ “വിധിക്കുശേഷം : ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകൾ” എന്ന പുസ്തകം 2018ൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. പുസ്തകത്തിൽ ചന്ദ്രശേഖറെ സന്ദർശിക്കാനുള്ള കാരണമായി ഫൗസിയ ഹസൻ പറയുന്നത് മകളുടെ വിദ്യാഭ്യാസമല്ല. മറ്റെന്തോ ആവശ്യത്തിനായി മറിയം റഷീദ ഫൗസിയ ഹസനെ കൊണ്ടുപോയതാണ്. “അവളുടെ അഭ്യർത്ഥനയനുസരിച്ച് ഞാനും കൂടെ പോയി,” ഫൗസിയ ഹസൻ എഴുതി. “നാസിഹ എനിക്ക് നൽകിയ1,500 ഡോളറിൽ 1,000 എക്സ്ചേഞ്ച് ചെയ്തെടുക്കുന്നതിനേക്കുറിച്ചും ഞാൻ ആലോചിച്ചിരുന്നു.”

കറൻസി മാറ്റാൻ ചന്ദ്രശേഖർ ആരെയോ വിളിച്ച് ഏർപ്പാട് ചെയ്തു. ഈ സന്ദർഭത്തിൽ മകളുടെ സ്കൂൾ ഫീസുമായി ബന്ധപ്പെട്ട പ്രശ്നം ഫൗസിയ ഹസൻ അവതരിപ്പിച്ചു, ചന്ദ്രശേഖർ അവരെ സഹായിക്കാൻ സന്നദ്ധനായി. ഈ വിവരണമനുസരിച്ച് ഫൗസിയ ഹസനെ സഹായിക്കണമെന്ന ആവശ്യം പ്രകടിപ്പിച്ച് മറിയം റഷീദ ചന്ദ്രശേഖറുമായി ബന്ധപ്പെട്ടിട്ടില്ല. “ശശികുമാരനുമായി ബന്ധപ്പെടാൻ മറിയം റഷീദയെ ചന്ദ്രശേഖർ സഹായിച്ചു,” ഫൗസിയ ഹസൻ എഴുതി.

നമ്പി നാരായണന്റെ ആത്മകഥയുമായി ഫൗസിയ ഹസൻ

ഈ കഥയുടെ വ്യത്യസ്തമായ ഒരു ഭാഷ്യമാണ് നമ്പി നാരായണന്റെ ഓർമ്മക്കുറിപ്പുകളിലും ഉള്ളത്. ആ കഥ പ്രകാരം, തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു കസ്റ്റംസ് ഓഫീസർ മറിയം റഷീദയിൽ നിന്ന് 100 ഡോളർ പിടിച്ചെടുത്തപ്പോൾ ചന്ദ്രശേഖർ അവരെ സഹായിച്ചു എന്ന് നമ്പി നാരായണൻ കേട്ടിരുന്നു. ഹൃദയസംബന്ധമായ രോ​ഗങ്ങൾ കാരണം ചികിത്സയ്ക്ക് വേണ്ടിയാണ് ഇന്ത്യയിലെത്തിയതെന്ന് മറിയം റഷീദ ചന്ദ്രശേഖറോട് പറഞ്ഞു – മറിയം റഷീദ ഐബിയോട് പറഞ്ഞ അതേ കാര്യം – ഒപ്പം തന്റെ മകളേയും ഫൗസിയ ഹസന്റെ മകളേയും ഒരു സ്കൂളിൽ ചേർക്കാൻ കൂടിയാണെന്നും. ഈ ഉദ്ദേശ്യത്തോടെയാണ് ചന്ദ്രശേഖർ മാലിദ്വീപ് സ്വദേശിനികളെ ശശികുമാരന് പരിചയപ്പെടുത്തിയത്, ശശികുമാരന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറായിരുന്നു. മറിയം റഷീദയെ 14 വർഷമായി അറിയാമായിരുന്നെന്ന് എഴുതിയ ഫൗസിയ ഹസൻ, എന്നിട്ടും തന്റെ പുസ്തകത്തിൽ മറിയം റഷീദയുടെ ഹൃദയ സംബന്ധമായ രോ​ഗങ്ങളേക്കുറിച്ച് ഒന്നും തന്നെ സൂചിപ്പിക്കുന്നില്ല. മറിയം റഷീദയെ ഇന്ത്യയിലേക്ക് അയച്ച, മാലിദ്വീപ് നാഷണൽ സെക്യൂരിറ്റി സർവ്വീസ് ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൾ സത്താർ, മറിയം റഷീദയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോ​ഗമുണ്ടെന്ന കാര്യം നിഷേധിച്ചതും ഐബിയുടെ റിപ്പോർട്ടിലുണ്ട്.

സിബിഐ റിപ്പോർട്ട് പരാമർശിക്കുന്ന രണ്ടാമത്തെ “ആകസ്മിക കൂടിക്കാഴ്ച്ച” കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇരു വനിതകളും ജൂൺ 30ന് തിരുവനന്തപുരത്തേക്ക് പോകുകയും ജൂലൈ മൂന്ന് വരെ കോവളം ഹോട്ടലിൽ തങ്ങുകയും ചെയ്തു. ഒരു സൗദി പൗരനായ അഹ്മദ് ഫുവാദ് ജിസാവിയാണ് രണ്ട് പേരുടേയും താമസച്ചെലവുകൾ വഹിച്ചത്. റിയാദിലെ അൽ ഫുവാദിയ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ്ങ് കമ്പനിയുടെ ചെയർമാനായിരുന്നു ജിസാവിയെന്ന് സിബിഐ റിപ്പോർട്ട് പ്രസ്താവിക്കുന്നു. ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനെത്തിയ ജിസാവി ഫൗസിയ ഹസനേയും മറിയം റഷീദയേയും “യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു”. “സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് നൽകിയ മൊഴിയിൽ മനുഷ്യത്വപരമായ കാരണങ്ങളാലാണ് അവരെ സഹായിച്ചതെന്ന് ജിസാവി അവകാശപ്പെടുന്നു,” സിബിഐ റിപ്പോർട്ട് പറഞ്ഞു.

1994 ഓ​ഗസ്റ്റ് 19 എന്ന തീയതിയിലുള്ള ഡയറിക്കുറിപ്പിൽ, ആയുധങ്ങൾ വിൽക്കാൻ ജിസാവി ഇറാഖി ഭരണകൂടത്തെ സഹായിക്കുകയായിരുന്നെന്ന് മറിയം റഷീദ എഴുതിയിട്ടുണ്ട്. ജിസാവി ഒരു അന്താരാഷ്ട്ര ആയുധ ഇടപാടുകാരനായിരുന്നോയെന്ന് ബ്യൂറോ അന്വേഷിച്ചോ എന്നത് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല, എന്നോട് സംസാരിച്ച ഐബി ഓഫീസർമാരും ധർ തന്റെ പുസ്കത്തിലും ഇക്കാര്യം ആവർത്തിച്ച് ഉന്നയിക്കുന്നുണ്ടായിരുന്നു. ജിസാവി പറഞ്ഞ വാക്കുകൾ തങ്ങളുടെ റിപ്പോർട്ടിൽ അതേ പോലെ ഏറ്റെടുത്തിരിക്കുകയാണ് സിബിഐ സംഘം. ചന്ദ്രശേഖറേ പോലെ തന്നെ, മാലിദ്വീപ് സ്വദേശിനിമാരെ സഹായിക്കുക മാത്രമായിരുന്ന ഒരു മനുഷ്യ സ്നേഹിയായാണ് ജിസാവിയെ സിബിഐ പരാമർശിക്കുന്നത്. ജിസാവിയെ ബ്യൂറോ നേരിട്ട് ചോദ്യം ചെയ്തോ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.

സാമ്രാട്ട് ഹോട്ടലിൽ താമസിക്കവെ മറിയം റഷീദ ശശികുമാരനെ ഫോൺ ചെയ്തത് സിബിഐ റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. ഐഎസ്ആർഒ ഉദ്യോ​ഗസ്ഥൻ ഒരിക്കൽ തന്റെ ഭാര്യയ്ക്കൊപ്പമാണ് രണ്ട് മാലിദ്വീപ് സ്വദേശിനിമാരേയും കണ്ടത്, പിന്നീട് ശശികുമാരൻ രണ്ട് തവണ മറിയം റഷീദയെ ഡിന്നറിന് കൊണ്ടുപോയെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. ഐബിയുടെ ആദ്യ ചോദ്യംചെയ്യലുമായും ഫൗസിയ ഹസന്റെ പുസ്തകത്തിലെ വിവരണവുമായും ഇത് ഒത്തുപോകുന്നു.

ഫൗസിയ ഹസൻ മറിയം റഷീദയോടൊപ്പം

1964ലെ, കേന്ദ്ര സർക്കാർ ജീനക്കാർക്കുള്ള പെരുമാറ്റച്ചട്ടമനുസരിച്ച് മാലിദ്വീപ് പൗരന്മാരുമായുള്ള തന്റെ സമ്പർക്കത്തേക്കുറിച്ച് ശശികുമാരൻ ഐഎസ്ആർഒയിലെ മേലുദ്യോ​ഗസ്ഥരോട് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു, അവരിലൊരാൾ മാലിദ്വീപ് ഭരണകൂടത്തിന്റെ ഏജന്റ് കൂടിയായിരിക്കെ പ്രത്യേകിച്ചും. “തുടർച്ചയായുള്ള കൂടിക്കാഴ്ച്ചകൾക്കും ഫോൺ സംഭാഷണങ്ങൾക്കും ശേഷം പോലും ശശികുമാരൻ അങ്ങനെ ചെയ്തില്ലെന്ന വസ്തുത, ഈ ഇടപെടലുകളുടെ സ്വഭാവം സംശയാസ്പദമാക്കി, വിദേശ ഏജന്റുമാരുമായുള്ള ആശയവിനിമയം വിലക്കുന്ന ഔദ്യോ​ഗിക രഹസ്യ നിയമത്തിന്റെ ലംഘനവുമാണിത്,” ഒരു ഐബി ഓഫീസർ എന്നോട് പറഞ്ഞു.

1994 നവംബറിൽ, ശശികുമാരന്റേയും മറ്റുള്ളവരുടേയും വീടുകളിൽ പരിശോധന നടത്തിയതായി സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പക്ഷെ, കേരള പൊലീസ് പിടിച്ചെടുക്കുകയും പിന്നീട് ബ്യൂറോയുടെ അന്വേഷണ ഉദ്യോ​ഗസ്ഥർ ഏറ്റെടുക്കുകയും ചെയ്ത രേഖകളേക്കുറിച്ച് റിപ്പോർട്ടിൽ നിശ്ശബ്ദത തുടരുന്നു. ശശികുമാരൻ ഐബിക്ക് നൽകിയ മൊഴിയിലെ പല വിശദാംശങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്, “വൈക്കിങ്ങ്/വികാസ് എഞ്ചിനുകളുടെ രേഖാചിത്രങ്ങൾ, ക്രയോ എഞ്ചിന്റെ ഘടകങ്ങൾ വേർതിരിച്ച് കാണിച്ചിരിക്കുന്നത്, പിഎസ്എൽവി രൂപരേഖകൾ തുടങ്ങിയവ നമ്പി നാരായണൻ, ചന്ദ്രശേഖർ എന്നിവർ മുഖേനയും ശശികുമാരനാൽ തന്നേയും കൈമാറ്റം ചെയ്യപ്പെട്ടു” എന്നതും എങ്ങനെ “റഷ്യൻ ടാങ്കുകൾ ഉപയോ​ഗിച്ച് ക്രയവിക്രയം നടത്താനുള്ള സാധ്യതകൾ അന്വേഷിച്ചു” എന്നതും ഉൾപ്പെടെയാണിത് – പക്ഷെ, ഈ കോണുകളിലൂടെ ഏതെങ്കിലും തുടരന്വേഷണം നടത്തിയതായി സിബിഐ റിപ്പോർട്ടിൽ ഇല്ല.

അതിന് പകരം, റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “ഐഎസ്ആർഒയുടേയോ അല്ലെങ്കിൽ ഏതെങ്കിലും പ്രതിരോധ സ്ഥാപനങ്ങളുടേയോ രഹസ്യ രേഖകൾ കൈമാറ്റം ചെയ്തുകൊണ്ട് കുറ്റാരോപിതർ ചാരവൃത്തിയിൽ ഏർപ്പെട്ടു എന്ന് ചൂണ്ടിക്കാണിക്കുന്ന – നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട ഏതെങ്കിലും തെളിവുകൾ – അന്വേഷണത്തിനിടെ വന്നിട്ടില്ല, കുറ്റം ചുമത്താവുന്ന എന്തെങ്കിലും രേഖകളും കണ്ടെത്താനായിട്ടില്ല.”

സിബിഐയോട് താൻ ഇങ്ങനെ പറഞ്ഞതായി നമ്പി നാരായണൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്, “റോക്കറ്റ് രഹസ്യങ്ങൾ പേപ്പർ വഴി കൈമാറ്റം ചെയ്യാൻ കഴിയാത്തതിനാൽ ഈ കേസ് പൂർണമായും കെട്ടിച്ചമച്ച ഒരു ആരോപണമാണ്, വർഷങ്ങളുടെ പരിശീലനവും നേരിട്ടുള്ള കഠിനമായ കൂട്ടുപ്രയത്നവും ഇതിന് ആവശ്യമാണ് – ഞങ്ങൾ വികാസ് എഞ്ചിൻ വികസിപ്പിച്ചെടുത്തതുപോലെ.” നമ്പി നാരായണന്റെ സംസാരത്തിൽ, ഐബി ഓഫീസർമാർ അടിസ്ഥാന ശാസ്ത്രം പോലും മനസിലാകാത്ത കഴിവുകെട്ട “അൽപബുദ്ധികൾ” ആയിരുന്നു. അവരിൽ നിർബന്ധപൂർവ്വം ചോദ്യം ചെയ്യൽ തുടർന്ന ഒരാൾ, അത്രയ്ക്ക് ഉപയോ​ഗമില്ലാത്തതാണെങ്കിൽ എന്തിനാണ് താങ്കൾ ഈ രേഖാചിത്രങ്ങൾ കൈവശം വെച്ചതെന്ന് ആരാഞ്ഞു, നമ്പി നാരായണൻ മറുപടി നൽകി. “അല്ല, അവ മതിയാകില്ല എന്നാണ് ഞാൻ പറഞ്ഞത്. ഒരു റോക്കറ്റോ അല്ലെങ്കിൽ എഞ്ചിനോ വികസിപ്പിച്ചെടുക്കുന്നതിൽ, രേഖാ ചിത്രങ്ങൾക്ക് ചെറിയ പങ്ക് മാത്രമേയുള്ളൂ.”

നമ്പി നാരായണനേക്കുറിച്ചുള്ള ഐബി റിപ്പോർട്ട് പ്രകാരം, “കർത്തവ്യ നിർദ്ദേശം” ഇങ്ങനെയായിരുന്നു, “സ്ട്രാപ് ഓൺ സോളിഡ് സ്റ്റേജ് (S-9) ഉൾപ്പെടെ വൈക്കിങ്ങ് എഞ്ചിന്റെ രേഖാചിത്രങ്ങൾ, ഫാബ്രിക്കേഷൻ രൂപരേഖയും സോളിഡ് പ്രൊപ്പല്ലന്റ് കോംപൊസിഷനും ഉൾപ്പെടെ പിഎസ്എൽവി, (Viking engine including the strap-on-solid stage (S-9 stage), PSLV along with the fabrication drawings and solid propellant composition) ഇവ മൂന്ന് ഘട്ടങ്ങളായി തിരിച്ച് മൂന്ന് വ്യത്യസ്ത തീയതികളിൽ ഹബീബുള്ള ഖാന് കൈമാറണം.” ഇടപാടിനാകെ 1.5 കോടി രൂപ പ്രതിഫലം നൽകാമെന്ന് ഹബീബുള്ള ഖാൻ സമ്മതിച്ചതായി ഐബി റിപ്പോർട്ടിൽ ആരോപിത വിവരമുണ്ട്. ഇതിലേക്കായുള്ള രണ്ടു ​ഗഡുക്കൾ ഫൗസിയ ഹസന് നൽകിക്കഴിഞ്ഞതായും മൂന്നാമത്തെ തവണയായുള്ള തുക – ഫൗസിയ ഹസൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് രണ്ട് മാസം മുൻപ് – 1994 ഡിസംബർ അഞ്ചിന് നൽകാനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നും ആരോപിക്കപ്പെടുന്നു.

ഐബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ലക്ഷ്യമിട്ടിരുന്നത് രേഖകൾ കൈമാറൽ മാത്രമായിരുന്നില്ല, ഉടമ്പടി തുടരാനും കൂടിയായിരുന്നു. കുറ്റാരോപിതർ കണ്ടുമുട്ടിയത് ആകസ്മികമായല്ലെന്നും ദീർഘകാല ബന്ധമുള്ളതായാണ് കാണപ്പെടുന്നതെന്നും റിപ്പോർട്ട് പ്രതിപാദിക്കുന്നു. “രണ്ട് ഐഎസ്ആർഒ ഉദ്യോ​ഗസ്ഥരും ചന്ദ്രശേഖറും ചേർന്ന് ഏതാനും സാങ്കേതികവിദ്യാ രേഖാചിത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ രഹസ്യമായി തീരുമാനിച്ചു (പ്രധാനമായും ഈക്വിലീബ്രിയം റെ​ഗുലേറ്ററുമായും മറ്റ് ചില നിർണായക ഘടകങ്ങളുമായും ബന്ധപ്പെട്ടവ), നമ്പി നാരായണനേക്കുറിച്ചുള്ള ഐബി രേഖകൾ പറയുന്നു. “മാറ്റം വരുത്തിയ ഈ സാങ്കേതികവിദ്യയുപയോ​ഗിച്ച് എഞ്ചിൻ നിർമ്മിച്ചെടുക്കുമ്പോൾ അത് ശരിയായി പ്രവർത്തിക്കില്ല, വാങ്ങിയവർ യന്ത്രം കുറ്റമറ്റതാക്കാൻ സഹായം അഭ്യർത്ഥിച്ച് വിൽപനക്കാരുടെ അടുക്കലെത്തേണ്ടി വരും, അപ്പോൾ കാര്യമായൊരു തുക അധികമായി ആവശ്യപ്പെടുകയായിരുന്നു പ്രധാന ലക്ഷ്യം.”

നമ്പി നാരായണൻ (വൃത്തത്തിൽ) ഫ്രാൻസ് സന്ദർശനത്തിനിടെ, 1985

1974 മുതൽ 1977 വരെയുള്ള കാലയളവിലെ ഫ്രാൻസ് സന്ദർശനങ്ങൾക്കിടെ, എസ്ഇപിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് താൻ “രഹസ്യ രേഖകൾ” കൈക്കലാക്കിയെന്ന് നമ്പി നാരായണൻ സമ്മതിച്ചതായി ഐബിയുടെ ചോദ്യം ചെയ്യൽ റിപ്പോർട്ടിലുണ്ട്. “രാജ്യത്തിന്റെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനാണ് താൻ അത്തരം പ്രവൃത്തികൾ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു,” ഐബി രേഖ പറയുന്നു. “മറ്റ് ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഉന്നമനത്തിനായി – പ്രത്യേകിച്ചും ആണവോർജം, മിസൈൽ സിസ്റ്റം, ക്രയോജനിക് വിദ്യ എന്നീ രം​ഗങ്ങളിൽ വിനിയോ​ഗിക്കാവുന്ന – രേഖകൾ, രേഖാചിത്രങ്ങൾ, വിവരങ്ങൾ എന്നിവ കരസ്ഥമാക്കാനുള്ള ‘ചാരവൃത്തി’യാണ് താൻ യഥാർത്ഥത്തിൽ ചെയ്തിരുന്നതെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു.” തന്റെ ഈ ദൗത്യത്തിലൂടെ എസ്ഇപിയിൽ നിന്ന് അതീവ രഹസ്യാത്മകമായ രണ്ട് രേഖകൾ കൈക്കലാക്കിയെന്ന് നമ്പി നാരായണൻ ഐബിയോട് പറഞ്ഞു. രണ്ടായിരം പേജ് വരുന്ന – “ആണവ പോർമുനയേയും മിസൈലിനേയും സംബന്ധിക്കുന്ന പാരസ്പരിക രേഖയും (​Inter phase document)” ഏതാണ്ട് 700 പേജുകൾ വരുന്ന – “മിറാഷ് യുദ്ധവിമാനത്തിന്റെ എഞ്ചിന്റേയും രൂപകൽപനയുടേയും വിശദമായ രേഖാചിത്രങ്ങളും” ഉൾപ്പെടെയാണിത്. അതുകൂടാതെ, ശശികുമാരൻ ഐബിക്ക് നൽകിയ മൊഴി പ്രകാരം, ഫ്ലൈറ്റ് റെക്കോർഡുകൾ, ഉപ​ഗ്രഹ വിക്ഷേപണത്തേക്കുറിച്ചുള്ള വിവരങ്ങൾ, ലോഞ്ച് പാഡ് – റോക്കറ്റ് പരീക്ഷണ സംവിധാനങ്ങൾ എന്നിവയേക്കുറിച്ചുള്ള രേഖകളും ഇക്കൂട്ടത്തിലുണ്ട്.

ഏതെങ്കിലും രേഖകൾ നഷ്ടപ്പെട്ടതായി ഐഎസ്ആർഒയിൽ നിന്ന് പരാതിയുണ്ടായില്ലെന്നും സിബിഐ റിപ്പോർട്ട് വാദിക്കുന്നുണ്ട്. ബ്യൂറോയുടെ അഭ്യർത്ഥന പ്രകാരം തങ്ങളുടെ രേഖകൾ പരിശോധിച്ച് തിട്ടപ്പെടുത്താൻ ഐഎസ്ആർഒ ഒരു സമിതി രൂപീകരിച്ചു. 1995 ജനുവരി ഒന്നിന് ഫയൽ ചെയ്ത ആദ്യ റിപ്പോർട്ട് പ്രകാരം, ക്രയോജനിക് സാങ്കേതികവിദ്യയേക്കുറിച്ച് പ്രതിപാദിക്കുന്ന ആറായിരത്തോളം രേഖകളിൽ നാലെണ്ണം കാണാനില്ലായിരുന്നു. “ക്രയോ അല്ലാത്ത മേഖല”യിൽ വരുന്ന മറ്റ് വിഭാ​ഗങ്ങളിലെ 33,436 രേഖകളിൽ 529 എണ്ണവും കണ്ടെത്തിയില്ല. ഒരു മാസത്തിലധികം കഴിഞ്ഞ്, ഫെബ്രുവരി 24ന് സമിതി രണ്ടാമതൊരു റിപ്പോർട്ട് കൂടി സമർപ്പിച്ചു, അത് പ്രകാരം ക്രയോജനിക് സാങ്കേതികവിദ്യയേക്കുറിച്ചുള്ള – കാണാതായ നാല് രേഖകളും കണ്ടെത്തി, ഒപ്പം കിട്ടാതിരുന്ന 529 മറ്റ് രേഖകളിൽ 275 എണ്ണവും കണ്ടുകിട്ടി. കണ്ടെത്തി തിട്ടപ്പെടുത്താൻ കഴിയാതെ അവശേഷിച്ച രേഖകളിൽ ഉൾപ്പെട്ടിരുന്നത് “ഉപ സാമ​ഗ്രികളുടെ (Sub – Items) രേഖാചിത്രങ്ങൾ, ഉപ സംവിധാനങ്ങളിൽ (sub systems) ചിലതിന്റെ അളവ് ട്യൂബിങ്ങുകൾ (measurement tubings), ചില ഉപ സംവിധാനങ്ങളുടെ കൂട്ടിച്ചേർക്കൽ രൂപരേഖകൾ, അളവ് വിവരങ്ങൾ തുടങ്ങിയവ” ആണെന്ന് സമിതി പ്രതികരിച്ചു. ഐഎസ്ആർഒ പദ്ധതിയിലെ “ചെറിയ എണ്ണത്തിലുള്ള കുറച്ച് എസ്ഇപി രേഖാചിത്രങ്ങൾ കാണാതായത് എന്തെങ്കിലും പ്രതികൂലഫലം” ഉണ്ടാക്കിയിരുന്നില്ലായെന്ന് പറയാൻ സിബിഐ സമിതിയെ ഉദ്ധരിച്ചു. ചില രേഖകൾ പുറത്ത് കൊണ്ടുപോയിരിക്കാമെന്നും, പകർപ്പെടുത്ത് തിരികെ അകത്ത് എത്തിച്ചിരിക്കാം എന്നുമുള്ള സാധ്യതകൾ സിബിഐ പരി​ഗണിച്ചില്ല, ശശികുമാരന്റെ വീട്ടിലും ഓഫീസിലും പൊലീസും ഐബിയും നടത്തിയ റെയ്ഡുകളിൽ റോക്കറ്റ് രൂപകൽപനയുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ കണ്ടെത്തിയെന്ന വസ്തുത നിലനിൽക്കെയാണിത്.

മറ്റ് പല ഐഎസ്ആർഒ ശാസ്ത്രജ്ഞൻമാരുടേയും മൊഴികൾ സിബിഐ രേഖപ്പെടുത്തി. ഇവയെ അടിസ്ഥാനമാക്കി, വിശ്വസ്തവും രഹസ്യസ്വഭാവമുള്ളതുമായി “രേഖാചിത്രങ്ങൾ/രേഖകൾ വേർതിരിക്കുന്ന സമ്പ്രദായം ഐഎസ്ആർഒയിൽ ഇല്ല” എന്ന തീർച്ചപ്പെടുത്തലിലേക്ക് കേന്ദ്ര ഏജൻസിയെത്തി. നമ്പി നാരായണൻ തന്റെ ആത്മകഥയിൽ ഇത് ആവർത്തിക്കുന്നുണ്ട്. 13 ഉദ്യോ​ഗസ്ഥരിൽ ഉന്നത പദവിയിലിരിക്കുന്ന കുറഞ്ഞത് നാല് പേരെങ്കിലും നിയമവിരുദ്ധ ഇടപാടുകൾക്ക് കൂട്ടുനിന്നവരാണെന്ന് ശശികുമാരൻ ഐബിക്ക് നൽകിയ മൊഴിയിൽ പേരെടുത്തുപറഞ്ഞിരുന്നു. പക്ഷെ, അത് സൂചിപ്പിക്കുന്നതിൽ സിബിഐ റിപ്പോർട്ട് പരാജയപ്പെട്ടു. ഈ മുതിർന്ന ഉദ്യോ​ഗസ്ഥരിൽ ഏതെങ്കിലും ഒരാളേക്കുറിച്ച് ഒരു അന്വേഷണം നടത്തിയതായി സിബിഐ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുമില്ല. കുറച്ച് ഐഎസ്ആർഒ ഉദ്യോ​ഗസ്ഥർ കൂടി ഉൾപ്പെടെ, കേരള പൊലീസ് “അറസ്റ്റ് ചെയ്യപ്പെടണമെന്ന് ആ​ഗ്രഹിച്ച”, സംശയിക്കപ്പെടുന്ന ഒമ്പത് പേരുടെ ഒരു പട്ടിക തനിക്ക് നൽകിയിരുന്നെന്ന് പി എം നായർ എന്നോട് പറഞ്ഞു.

പിഎം നായർ

“എന്തെങ്കിലും രേഖകൾ പഠിക്കാൻ ഏതെങ്കിലും ശാസ്ത്രജ്ഞൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് സ്വതന്ത്രമായി ഡോക്യുമെന്റേഷൻ സെൽ/ലൈബ്രറിയിൽ പോകാം, രേഖകൾ പഠിക്കാം,” സിബിഐ റിപ്പോർട്ട് ചെയ്തു. “ഡോക്യുമെന്റേഷൻ ഇഷ്യൂ രജിസ്റ്ററിൽ വേണ്ടവണ്ണം രേഖപ്പെടുത്തിയ ശേഷം കോപ്പികൾ പുറത്തേക്ക് കൊടുത്തുവിടുന്ന പതിവുണ്ടായിരുന്നു.” സിബിഐ റിപ്പോർട്ട് പ്രകാരം, ഫാബ്രിക്കേഷൻ വിഭാ​ഗവുമായി ബന്ധപ്പെട്ട ഏതാണ്ട് 17,000 പേജുകൾ വരുന്ന രേഖകൾ ശശികുമാരന് കൊടുത്തയച്ചിട്ടുണ്ട്, ശശികുമാരൻ ഫാബ്രിക്കേഷൻ വിഭാ​ഗത്തിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. അഹമ്മദാബാദിലേക്കുള്ള ശശികുമാരന്റെ സ്ഥലംമാറ്റത്തിന് ശേഷം, “രേഖാചിത്രങ്ങളുടെ എല്ലാ പകർപ്പുകളും കേടുപറ്റാതെ കാണപ്പെട്ടു.”

“രഹസ്യമാർന്നത്” എന്ന അടയാളം ഇല്ലായിരുന്നു എന്നതിനർത്ഥം ഐഎസ്ആർഒയ്ക്ക് രേഖകൾ വേർതിരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ലെന്നല്ല. വളപ്പിൽ‌ നിന്നും ഏതൊക്കെ തരത്തിലുള്ള രേഖകളാണ് പുറത്തേക്ക് കൊണ്ടുപോകുന്നത് എന്നത് ഐഎസ്ആർഒ ​ഗൗനിച്ചിരുന്നില്ല എന്നും അത് സൂചിപ്പിക്കുന്നില്ല. 1994 നവംബറിൽ, എൽപിഎസ് സി കൺട്രോളർ എംകെസി നായർ, ശശികുമാരനെതിരായ എഫ്ഐആറിന്റെ ഒരു പകർപ്പ് ആവശ്യപ്പെട്ട് അന്നത്തെ കേരള ഡിജിപി ടിവി മധുസൂദനന് ഒരു കത്തയച്ചു. “മി. ശശികുമാരൻ ഞങ്ങളുടെ കേന്ദ്രത്തിൽ വളരെ മുതിർന്ന പദവിയിലാണ് ഇരിക്കുന്നത്, കൂടാതെ എൽപിഎസ് സി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഏതാണ്ട് എല്ലാ രേഖകളും അദ്ദേഹത്തിന് പ്രാപ്യമാണ്,” കത്തിൽ പറയുന്നു. “ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ, ഞങ്ങളുടെ വകുപ്പിൽ അനുയോജ്യമായ നടപടികളെടുത്ത് മുന്നോട്ടുപോകേണ്ടതിന് ഈ വിവരം പരി​ഗണിക്കേണ്ടത് അത്യാവശ്യമാണ്.” സിബിഐ പറഞ്ഞതുപോലെ, രേഖകൾ പൊതുവായി ലഭ്യമായിരുന്നെങ്കിൽ അന്ന് ഐഎസ്ആർഒ ചെയർമാനായിരുന്ന കെ കസ്തൂരിരം​ഗന് ചാരവൃത്തിയേക്കുറിച്ചുള്ള ആരോപണങ്ങൾ എളുപ്പത്തിൽ തള്ളിക്കളയാമായിരുന്നു, പക്ഷെ അദ്ദേഹം അങ്ങനെ ചെയ്തില്ല.

കെ കസ്തൂരിരം​ഗൻ

ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ കസ്തൂരി രം​ഗൻ, “തുറന്നുവെയ്ക്കലിന്റെ ഒരു സംസ്കാരം” ഐഎസ്ആർഒ പിന്തുടരുന്നുണ്ടെങ്കിലും രേഖകൾ എന്തിനൊക്കെയാണ് ഉപയോ​ഗിക്കപ്പെടുന്നതെന്ന് മനസിലാക്കാൻ ചില പരിധികൾ വെച്ചിരുന്നതായി പ്രസ്താവന നടത്തി. “ഏത് രഹസ്യവിവരശേഖരണ പദ്ധതിയുടെ ലക്ഷ്യങ്ങളാണെങ്കിലും ഒരാൾക്ക് വിശാലമായി തിരിച്ചറിയാൻ കഴിയും. അത് വാണിജ്യപരമായ രഹസ്യവിവരത്തിന് വേണ്ടിയാകാം. അല്ലെങ്കിൽ നമ്മൾ നേടിയെടുത്തിരിക്കുന്ന സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ നിലയേക്കുറിച്ചുള്ള വിവരം ലഭിക്കുന്നതിനാകാം. അല്ലെങ്കിൽ നിർണായക മേഖലകളേക്കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാനാകാം. അല്ലെങ്കിൽ വിവരങ്ങളിലൂടെ അതിന്റെ തന്നെ കാര്യശേഷി വികസിപ്പിച്ചെടുക്കാൻ ഉപയോ​ഗിക്കാനാകാം. നാനാതരം ലക്ഷ്യങ്ങളുണ്ട്. പക്ഷെ ഇപ്പോൾ, കൃത്യമായും എന്താണ് പുറത്ത് പോയത് അല്ലെങ്കിൽ എന്തെങ്കിലും യഥാർത്ഥത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കിപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. “

മുന്നേയുണ്ടായ അന്വേഷണങ്ങളിലെ ‘കള്ളികൾ പൊളിക്കാനുള്ള’ സിബിഐ വിശദീകരണത്തിൽ വലിയൊരു പങ്കും ഊന്നുന്നത് “രഹസ്യ യോ​ഗങ്ങൾ” നടന്നിട്ടേയില്ലെന്ന് തെളിയിക്കുവാനാണ് – ഐബി റിപ്പോർട്ടുകൾ പ്രകാരം, ശാസ്ത്രജ്ഞരും റഷ്യൻ പൗരന്മാരും തമ്മിലുള്ള രേഖാ കൈമാറ്റങ്ങൾ നടന്നതോ അല്ലെങ്കിൽ വില പേശൽ നടന്നതോ ഈ രഹസ്യയോ​ഗങ്ങളിൽ വെച്ചാണ്. ശശികുമാരനാണ് ​തന്നെ ഗ്ലാവ്കോസ്മോസ് ജീവനക്കാരനായിരുന്ന അലക്സി വാസ്സിവിന് പരിചപ്പെടുത്തിയതെന്ന് ചന്ദ്രശേഖർ ഐബിയോട് പറഞ്ഞതായി ആരോപിത വിവരമുണ്ട്. അലക്സി വാസ്സിവിന്റെ റഷ്യയിലെ ഫ്ലാറ്റിൽ ശശികുമാരൻ താമസിക്കാറുണ്ടായിരുന്നെന്നും ചന്ദ്രശേഖർ പറഞ്ഞു. “ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകൾ, ഡീസൽ ജനറേറ്റർ സെറ്റുകൾ തുടങ്ങിയ ചില റഷ്യൻ ഉൽപന്നങ്ങളുടെ സാങ്കേതിക നിർമ്മാണ രഹസ്യവും ഏജൻസി അവകാശങ്ങളും കിട്ടാനുള്ള സാധ്യതകളേക്കുറിച്ച് ഞങ്ങൾ നീണ്ട ചർച്ചകൾ നടത്താറുണ്ടായിരുന്നു,” ഐബിയ്ക്ക് നൽകിയ മൊഴിയിൽ ചന്ദ്രശേഖർ എഴുതി.

1991ൽ ശശികുമാരൻ അഞ്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കൊപ്പം ആറ് മാസത്തേക്ക് റഷ്യയിൽ പോയപ്പോഴാണ് അലക്സി വാസ്സിവും ചന്ദ്രശേഖറും തമ്മിലുള്ള കൂടിക്കാഴ്ച്ച സംഭവിച്ചതെന്ന് ഐബി മൊഴികളിലുണ്ട്. എൽപിഎസ് സി രേഖകൾ പ്രകാരം 1991ൽ ശശികുമാരൻ റഷ്യ സന്ദർശിച്ചിട്ടില്ലെന്നാണ് ഈ ആരോപണങ്ങളിന്മേലുള്ള അന്വേഷണത്തിൽ സിബിഐ റിപ്പോർട്ട് പറഞ്ഞത്. ഉദ്യോ​ഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ച്ചകൾ നടന്നിട്ടേയില്ലെന്ന് പ്രതിപാദിക്കാൻ തീയതികളിലെ ഇത്തരം പൊരുത്തക്കേടുകൾ സിബിഐ റിപ്പോർട്ടിൽ ഉപയോ​ഗിച്ചു. എന്തിനേറെ, താൻ പതിവായി റഷ്യ സന്ദർശിച്ചിരുന്നതിനേക്കുറിച്ച് ശശികുമാരൻ എന്നോട് സംസാരിച്ചു.

“1992ൽ ഞങ്ങൾ ചെല്ലുമ്പോൾ അവർ റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന വിവിധ കമ്പനികൾക്കൊപ്പം അവരുടെ എല്ലാ റോക്കറ്റ് സാങ്കേതിക ശാസ്ത്രവും തുറന്നിടുകയായിരുന്നു,” ശശികുമാരൻ പറഞ്ഞു. 1990കളുടെ തുടക്കത്തിൽ റഷ്യൻ വിപണി എങ്ങനെയാണ് തകർച്ച നേരിട്ടുകൊണ്ടിരുന്നതെന്നും, അതിലൂടെ ഇന്ത്യയ്ക്ക് നിറയെ വാണിജ്യ സാധ്യതകൾ ഉയർന്നുവന്നതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “അവരെല്ലാവരും പ്രദർശിപ്പിക്കാൻ ആ​ഗ്രഹിച്ചു, ഇതെല്ലാം ലഭ്യമാണ്, അർക്കെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ വാങ്ങാം എന്ന് പറഞ്ഞുകൊണ്ട്.” റഷ്യയിൽ നിന്ന് തിരികെവരുമ്പോൾ, ഈ അവസരം വേണ്ടരീതിയിൽ വിനിയോ​ഗിക്കണമെന്ന് കസ്തൂരിരം​ഗനെ ബോധ്യപ്പെടുത്താൻ കഴിയാത്തതിൽ താൻ നിരാശനായിരുന്നെന്ന് ശശികുമാരൻ എന്നോട് പറഞ്ഞു.

“നമ്പി നാരായണനും ശശികുമാരനും ഒരിക്കലും ഒരേ സമയം തുടർച്ചയായി 15 ദിവസം അവധിയെടുത്തിട്ടില്ല, അതുകൊണ്ട് തന്നെ ആരോപിക്കപ്പെടുന്നതുപോലെ രണ്ടാഴ്ച്ച നീണ്ട യാത്രകൾ പോകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടാകില്ല,” സിബിഐ റിപ്പോർട്ട് പറഞ്ഞു. ഇതിനെ അടിസ്ഥാനമാക്കി, കുറ്റാരോപിതർ ഐബിക്ക് നൽകിയ മൊഴികളിൽ വിശദീകരിച്ച – ചർച്ചകളും ഇടപാടുകളും നടന്നിരിക്കാമെന്ന സാധ്യത ബ്യൂറോ തള്ളിക്കളഞ്ഞു. പക്ഷെ, അതേ വർഷം തന്നെ ഔദ്യോ​ഗിക പര്യടനത്തിന്റെ ഭാ​ഗമായി രണ്ട് വട്ടം – ജനുവരി 10 മുതൽ 19 വരേയും മെയ് 28 മുതൽ ജൂൺ 14 വരേയും – താൻ മോസ്കോ സന്ദർശിച്ചിരുന്നെന്ന് നമ്പി നാരായണൻ സിബിഐയോട് പറയുകയും ചെയ്തിരുന്നു.

നമ്പി നാരായണൻ റഷ്യയിൽ ഒരു സന്ദർശനത്തിനിടെ

കുറ്റാരോപിതരുടെ മൊഴികൾ മുഖവിലയ്ക്കെടുത്ത കേരളാ പൊലീസിനേയും ഐബിയേയും കുറ്റപ്പെടുത്തിയ സിബിഐ, പ്രതികൾ എല്ലാ ആരോപണങ്ങളും “ദൃഢമായി നിഷേധിച്ചു” എന്നെഴുതി. കുറ്റാരോപിതർ പലവിധ വ്യക്തിത്വങ്ങളും മറച്ചുവെയ്ക്കൽ കഥകളും ഉപയോ​ഗിച്ചിരിക്കാമെന്ന സാധ്യത സിബിഐ അവ​ഗണിച്ചെന്ന് ഐബി ഉദ്യോ​ഗസ്ഥർ വാദിച്ചു – ചാരവൃത്തികളിൽ ഏർപ്പെടുന്ന ഏജന്റുമാർ പ്രയോ​ഗിക്കുന്ന, അറിയപ്പെടുന്ന ഒരു തന്ത്രമാണിത് – സംശയിക്കപ്പെടുന്നവരുടെ ഔദ്യോ​ഗിക പേരുകളും ലഭ്യമായ രേഖകളും അടിസ്ഥാനമാക്കി അന്വേഷണം നടത്താനാണ് സിബിഐ തീരുമാനിച്ചത്. മാലിദ്വീപിയൻ പ്രതിരോധ മന്ത്രാലയവും നാഷണൽ സെക്യൂരിറ്റിയും നൽകിയ വിവരങ്ങളാണ് മറിയം റഷീദ, ഫൗസിയ ഹസൻ, നാസിഹ എന്നിവരുടെ പശ്ചാത്തലം നിർണയിക്കാനായി സിബിഐ ആശ്രയിച്ചത്.

കൊളംബോയിലെ പാകിസ്താനി ഹൈ കമ്മീഷനിൽ മുതിർന്ന ഉദ്യോ​ഗസ്ഥനായ മാഷർ ഖാൻ, ഫൗസിയ ഹസന് മൂന്ന് പാസ്പോർട്ടുകൾ നൽകിയെന്നും – പാകിസ്താൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പേരിലുള്ള ഇവയോരൊന്നിലും വെവ്വെറേ പേരുകളാണ് ഉണ്ടായിരുന്നതെന്നും ഫൗസിയ ഹസനും മറിയം റഷീദയും ഐബിയോട് പറയുകയുണ്ടായി. സുഹെയ്റയ്ക്കും പല പാസ്പോർട്ടുകൾ ഉണ്ടായിരുന്നതായി ആരോപണമുണ്ട്. പരിശോധന നടത്താനായി ഫൗസിയ ഹസന്റേയും മറിയം റഷീദയുടേയും ഓരോ പാസ്പോർട്ടുകൾ വീതം മാത്രമാണ് തന്റെ ടീമിന് ലഭിച്ചതെന്ന് എന്നോട് സംസാരിച്ച സിബിഐ ഉദ്യോ​ഗസ്ഥൻ സ്ഥിരീകരിച്ചു. ഐബി ഓഫീസർമാർ പറയുന്നതനുസരിച്ച്, ശശികുമാരനും നമ്പി നാരായണനും കൂടി പരിശോധിക്കപ്പെടാതിരുന്ന മറ്റ് പാസ്പോർട്ടുകളുണ്ടായിരുന്നു.

Also Read: ‘ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജിക്കും രമൺ ശ്രീവാസ്തവയുടെ ഭാര്യക്കും നമ്പി നാരായണൻ ഭൂമി കൈമാറി’; ഹൈക്കോടതിയിൽ രേഖകളുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥർ

ശാസ്ത്രജ്ഞർ സ്വകാര്യ താൽപര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ജോലികളിലേർപ്പെട്ടിരുന്നു എന്ന ആരോപണങ്ങളിന്മേലും സിബിഐ കണ്ണടച്ചു. കേരള പൊലീസ് പറയുന്നത് പ്രകാരം, ഒട്ടേറെ വിദേശ വിനിമയ ഇടപാടുകൾ നടത്തുന്ന കുര്യൻ കളത്തിൽ എന്ന എക്സ്പോർട്ടറുടെ സ്വകാര്യ ഉപദേഷ്ടാവായി നമ്പി നാരായണൻ പ്രവർത്തിച്ചിരുന്നു. സിബിഐ റിപ്പോർട്ട് ഇങ്ങനെയാണ് പ്രസ്താവിക്കുന്നത്, “നമ്പി നാരായണൻ കുര്യൻ കളത്തിലിനെ ബിസിനസിൽ ഉപദേശിക്കാറുണ്ട്. വിദ​ഗ്ധോപദേശ ജോലിക്ക് വേണ്ടിയുള്ള ആഭ്യന്തര-വിദേശയാത്രകളുടെ ചെലവ് കുര്യൻ കളത്തിലാണ് വഹിച്ചിരുന്നത്.” നമ്പി നാരായണന്റെ വീട്ടിൽ ടെലിഫോൺ സ്ഥാപിച്ചതും ബില്ലുകൾ അടച്ചിരുന്നതും കുര്യൻ കളത്തിലായിരുന്നു. 1994 ഏപ്രിൽ 16 മുതൽ ജൂൺ 15 വരെയുള്ള രണ്ട് മാസ കാലയളവിലെ ടെലിഫോൺ ബില്ലായി വന്നത് 45,498 രൂപ. ഈ കാലയളവിലെ നമ്പി നാരായണന്റെ കോൾ രജിസ്റ്റർ കാരവന് ലഭിച്ചു. അമേരിക്ക, ഓസ്ട്രേലിയ, കസാഖ്സ്ഥാൻ, യുഎഇ, കാനഡ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്ക് നിരന്തരമായി അന്താരാഷ്ട്ര കോളുകൾ ചെയ്തിട്ടുണ്ടെന്ന് ഫോൺ രേഖകളിൽ വ്യക്തമാണ്. ഏതാണ്ട് 35,000 രൂപ മാസശമ്പളക്കാരനാകാൻ1999 ആകണമായിരുന്നു എന്നിരിക്കെ ഒരു ശാസ്ത്രജ്ഞന് അത്രയും തുക ടെലിഫോൺ ബില്ലായി അടക്കേണ്ടി വരുന്നെന്ന വസ്തുതയിൽ സിബിഐ സംശയാസ്പദമായി ഒന്നും കണ്ടതേയില്ല. യഥാർത്ഥത്തിൽ ടെലിഫോൺ, കുര്യൻ കളത്തിലിന് വേണ്ടി ജോലി ചെയ്യുകയായിരുന്ന നമ്പി നാരായണന്റെ മകന് വേണ്ടിയായിരുന്നു എന്നാണ് സിബിഐ റിപ്പോർട്ട് പ്രതിപാദിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾ കോൾ റെക്കോഡുകൾ പരിശോധിക്കുന്നതിലൂടെ വ്യക്തമായേനെ, പക്ഷെ, സിബിഐ ഉദ്യോ​ഗസ്ഥൻ എന്നോട് പറഞ്ഞതു പ്രകാരം, തുടർന്ന് അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതില്ല എന്ന നിർദ്ദേശമാണ് അദ്ദേഹത്തിന്റെ സംഘത്തിന് ലഭിച്ചത്.

നമ്പി നാരായണൻ

മാത്രമല്ല, സ്വകാര്യ ഉപദേഷ്ടാവായുള്ള നമ്പി നാരായണന്റെ ജോലി 1964ലെ കേന്ദ്ര സിവിൽ സർവ്വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ്. ഏതെങ്കിലുമൊരു സ്വകാര്യ കമ്പനിയുടെ വ്യവഹാരത്തിൽ നേരിട്ടോ അല്ലാതെയോ ഏർപ്പെടാനോ പ്രചാരണത്തിന്റെ ഭാ​ഗമാകാനോ ഒരു സർക്കാർ ജീവനക്കാരന് അനുമതിയില്ല. സിബിഐ റിപ്പോർട്ടിൽ ഇതൊരു പ്രശ്നമായി തോന്നിയതായി കാണുന്നില്ല.

കുറ്റാരോപിതർ നൽകിയ വിശദാംശങ്ങളിലെ വൈരുദ്ധ്യങ്ങളിൽ ഓർമ്മപ്പിശക് ഒരു പ്രധാന ഘടകമായിരിക്കാമെന്ന് ഒരു ഐബി ഉദ്യോ​ഗസ്ഥൻ എന്നോട് പറഞ്ഞു. “ചില തെറ്റായ തീയതികൾ സൂചിപ്പിക്കപ്പെടാം, കാരണം നിങ്ങൾ കുറ്റാരോപിനായ ഒരു വ്യക്തിയെ ചോദ്യംചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ സമ്മർദ്ദത്തിലാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു പ്രത്യേക തീയതി ഓർത്തെടുക്കാനാണ് നമ്മൾ അവരോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അവർ ചിലപ്പോൾ പറയും നവംബറിലെ രണ്ടാമത്തെ ആഴ്ച്ചയെന്ന്. യഥാർത്ഥത്തിൽ അവർ അത്രയേ ഓർത്തിരിക്കുന്നുണ്ടാകൂ.” കൂടുതൽ കൃത്യതയാർന്ന ഒരു തീയതിയിലേക്ക് എത്താനായി, ഓർമ്മിച്ചെടുക്കാൻ അവരെ സഹായിച്ചുകൊണ്ട് അന്വേഷകർ തുടർചോദ്യങ്ങൾ ചോദിക്കും, ഇതുപോലെ, “അത് ആഴ്ച്ചയുടെ അവസാനത്തിലായിരുന്നോ തുടക്കത്തിലായിരുന്നോ?” എങ്കിൽ പോലും “രണ്ട്-മൂന്ന് ദിവസത്തിന്റെ വ്യത്യാസം സ്വാഭാവികമായി അവിടെയുണ്ടാകും,” അദ്ദേഹം പറഞ്ഞു. ബുദ്ധിപൂർവ്വമായ പുറം അന്വേഷണങ്ങളിലൂടെ (field enquiries) മാത്രമേ കൃത്യമായ തീയതികൾ സ്ഥിരീകരിക്കാൻ കഴിയൂ. ഐബിക്കും പൊലീസിനും കുറ്റാരോപിതരെ ലഭിച്ചത് 40 ദിവസത്തേക്ക് മാത്രമാണ്. ഇന്ത്യയുടെ മുൻനിര അന്വേഷണ സംവിധാനം എന്ന നിലയ്ക്ക് സിബിഐയാണ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നത്. “അത് ചെയ്യേണ്ടിയിരുന്നത് സിബിഐ ആണ്,” ഐബി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. “പക്ഷെ, അതിന് പകരം, അവർ ഐബി സൂചിപ്പിച്ച തീയതികൾ തെറ്റാണെന്ന് തെളിയിക്കാനാണ് ശ്രമിച്ചത്,” പ്രസ്തുത സമയത്ത് കുറ്റാരോപിതർ ന​ഗരത്തിലുണ്ടായിരുന്നില്ല എന്ന് കൃത്യമായി വാദിക്കാൻ. “അങ്ങനെ അവരുടെ പണി പൂർത്തിയായി. വലിയ കൗശലത്തോടെ. ഇങ്ങനെയാണവർ കേസിനെ തകർത്തുകളഞ്ഞത്.”

സിബിഐയുടെ ചാരക്കേസ് അവസാനിപ്പിക്കൽ റിപ്പോർട്ട് ഒരു അന്വേഷണം എങ്ങനെ നടത്തരുത് എന്നതിന്റെ പാഠപുസ്തകമായി കാണേണ്ട ഒന്നാണ്. തെറ്റുകളും വഴുതലും ചൂണ്ടിക്കാട്ടി, ഐബിയും പൊലീസും കേസ് കൈകാര്യം ചെയ്തപ്പോഴുണ്ടായ എല്ലാ വിധ തകരാറുകളുടേയും പേരിൽ അവരെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും സിബിഐയുടെ തന്നെ പിഴവുകളാണ് അതിലുമെല്ലാം ഒരുപാടേറെ ഗുരുതരമായി വെളിപ്പെടുന്നത്.

തുടരും…

(പരിഭാഷ: റെയ്ക്കാഡ് അപ്പു ജോര്‍ജ്‌)

Also Read: ബഹിരാകാശ രഹസ്യങ്ങള്‍: ഇന്ത്യയിലെ ഏറ്റവും വലിയ ചാരക്കേസ് സിബിഐ ഇല്ലാതാക്കിയത് എങ്ങനെ?

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ കേരള രാഷ്ട്രീയത്തേയും മലയാള മാധ്യമരംഗത്തേയും ഐഎസ്ആര്‍ഒ ചാരക്കേസിനോളം ഇളക്കിമറിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല. ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ മുന്‍ പൊലീസ്-ഐബി ഉദ്യോഗസ്ഥരെ സിബിഐ പ്രതിയാക്കിയതോടെ ചാരക്കേസ് ചര്‍ച്ചകളുടെ പുതിയൊരു ഘട്ടം ആരംഭിച്ചുകഴിഞ്ഞു. നിഗൂഢതകള്‍ അവശേഷിക്കുന്നതിനിടെ കാരവന്‍ ലേഖിക നിലീന എംഎസ് തയ്യാറാക്കിയ വാര്‍ത്താ റിപ്പോര്‍ട്ട് സിബിഐ എങ്ങനെയാണ് കേസ് അട്ടിമറിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു. ചാരക്കേസിനേക്കുറിച്ച് ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും സമഗ്രമായ അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ട് ന്യൂസ്‌റപ്റ്റ് മലയാളത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു. ആദ്യ ചാപ്റ്റർ വായിക്കാം.

Also Read: ‘നമ്പി നാരായണന്‍ ഒരു കള്ളനാണ്’; കൂട്ടുപ്രതിയായിരുന്ന ഡി ശശികുമാരന്‍ പറയുന്നു; ചാരക്കേസ് അന്വേഷണ റിപ്പോര്‍ട്ട് രണ്ടാം ഭാഗം

Also Read: രാജ്യങ്ങള്‍ ക്രയോ സാങ്കേതികവിദ്യ ഇത്രയേറെ ആഗ്രഹിച്ചതെന്തുകൊണ്ട്?; മോഡി-നമ്പി കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെന്ത്?; കാരവന്‍-ഐഎസ്ആര്‍ഒ അന്വേഷണറിപ്പോര്‍ട്ട് മൂന്നാം ഭാഗം