അബിയെ ചാരിനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഷെയ്ന്‍, കുഞ്ചാക്കോ ലെഗസിയുമായി ബോബന്‍; താരങ്ങളുടെ ഫാദേഴ്‌സ് ഡേ പോസ്റ്റുകള്‍

ഫാദേഴ്‌സ് ഡേയില്‍ ആശംസകളും ചിത്രകളും ഓര്‍മ്മകളും പങ്കുവെച്ച് താരങ്ങള്‍. മമ്മൂട്ടി കൊച്ചുമകള്‍ മറിയത്തിന്റെ മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തത്. എന്റെ ഏറ്റവും വലിയ സന്തോഷം, എന്റെ പിതാവും എന്റെ കുട്ടിയും എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

പിതാവ് വിശ്വനാഥനൊപ്പം നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തു.

തന്റെ മകനെ തിലകന്‍ ലാളിക്കുന്ന ചിത്രമാണ് ഷമ്മി തിലകന്‍ പങ്കുവെച്ചത്. തനിക്ക് കിട്ടാതെ പോയ ലാളന മകന് ലഭിച്ചതിന് അവനോട് അസൂയ തോന്നിയെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷമ്മി തിലകന്റെ കുറിപ്പ്

‘ഹാപ്പി ഫാദേഴ്‌സ് ഡേ. സൂര്യനെപ്പോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല.. കിലുകില്‍ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..! സൂപ്പര്‍ഹീറോ തന്നെയായിരുന്നു അച്ഛന്‍ എനിക്കെന്നും..! ഈ പിതൃദിനത്തില്‍ എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവയ്ക്കാനുള്ളത്..! എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം…! ലവ് യൂ അച്ഛാ’

പിതാവും നടനുമായ അബിയുടെ ചിത്രമാണ് ഷെയ്ന്‍ നിഗം പോസ്റ്റ് ചെയ്തത്.

ഓരോ തലമുറയിലേയും അമ്മമാര്‍ക്ക് നന്ദി പറഞ്ഞാണ് കുഞ്ചാക്കോ ബോബന്റെ ഫാദേഴ്‌സ് ഡേ ആശംസ. കുഞ്ചാക്കോ മുതല്‍ മകന്‍ വരെയുള്ള നാല് തലമുറയുടെ ചിത്രം നടന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.