‘ചാനല്‍ പൂട്ടി വല്ല പണിയും നോക്ക്’; ജനം ടിവിയുടെ വ്യക്തി അധിക്ഷേപത്തില്‍ പൃഥ്വിരാജിനൊപ്പം അണി നിരന്ന് താരങ്ങള്‍

ലക്ഷദ്വീപിലെ കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജനം ടിവി പൃഥ്വിരാജിനെതിരെ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരണവുമായി താരങ്ങള്‍. പൃഥ്വിരാജിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജനം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചും സെലിബ്രിറ്റികള്‍ രംഗത്തെത്തി. നടന്‍മാരായ അജുവര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഷിയാസ് കരീം എന്നിവരും സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസും ജൂഡ് ആന്റണി ജോസഫും പൃഥ്വിരാജിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പൃഥ്വിരാജിനെതിരെയുള്ള വേട്ട അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പറഞ്ഞു. ഭരണവര്‍ഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്ക് അനുവദിക്കാനാകില്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. ലവ്, ലൈക്ക് ഇമോജികള്‍ക്കൊപ്പം പൃഥ്വിരാജ് മീശിപിരിച്ച് ചിരിച്ചുനില്‍ക്കുന്ന ചിത്രമാണ് നടന്‍ ആന്റണി വര്‍ഗീസ് പോസ്റ്റ് ചെയ്തത്.

അജു വര്‍ഗീസ്

“ഒരാള്‍ വ്യക്തമായ അഭിപ്രായം പറയുമ്പോള്‍ ആഭാസം അല്ല മറുപടി. വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ!”

ജൂഡ് ആന്റണി

“വളരെ മാന്യമായി തന്റെ നിലപാടുകള്‍ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് . തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വില കൊടുക്കാതെ സിനിമകള്‍ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യന്‍ ഇപ്പൊ നടക്കുന്ന ഈ സൈബര്‍ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും. നിലപാടുകള്‍ ഉള്ളവര്‍ക്ക് സൊസൈറ്റി വെറും.”

അരുണ്‍ ഗോപി

“സംസ്‌കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, ഈ വാചകങ്ങള്‍ നിങ്ങള്‍ തിരുത്തണ്ട കാരണം നിങ്ങളില്‍ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍. ലക്ഷദ്വീപിലെ ‘ജന’ത്തിനൊപ്പം.”

വി ടി ബല്‍റാം

“ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്റെ വാര്‍ത്താ ചാനല്‍ നേരിട്ട് നടത്തുന്ന ഈ വേട്ടയാടല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേത്. അത് ഇന്ത്യയുടെ ഫെഡറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവര്‍ഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.”

ഷിയാസ് കരീം

“അഭിപ്രായം പറയുന്നവന്റെ അച്ഛനും കുടുംബക്കാര്‍ക്കും എതിരെ സംസാരിക്കുന്നതാണ് എന്ത് തരം മാധ്യമ ധര്‍മ്മമാണ്, ഇതൊക്കെ ശരിയാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നു എങ്കില്‍ ചാനല്‍ പൂട്ടി നിങ്ങള്‍ വല്ല പണിയും നോക്ക്. ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പം.”