മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നിര്‍മ്മാണം ആരംഭിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റിന് കേന്ദ്രം അനുമതി നല്‍കാത്തതിനെതിരെ എംപി എളമരം കരീം. ഇക്കാര്യം ചൂണ്ടിക്കാട്ടി എംപി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്ധന് കത്തയച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, പ്ലാന്റിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ജില്ലകളുടെ പട്ടികയില്‍ മലപ്പുറത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇക്കാര്യം നിയുക്ത എംഎല്‍എ പി നന്ദകുമാര്‍ എളമരം കരീമിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് എംപിയുടെ ഇടപെടല്‍.
മിനുട്ടില്‍ 1500 ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് കഴിയുന്ന പ്ലാന്റ് ഏഴ് ദിവസം കൊണ്ട് നിര്‍മ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്‍എച്ച്എഐ അധികൃതര്‍ മെഡിക്കല്‍ കോളെജിലെ സൗകര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരുന്നു പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രം കൂടിയാണ് മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രി.