മീഡിയാ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു

മീഡിയാ വൺ വാർത്താ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്രസർക്കാർ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാനലിനെതിരെയുള്ള നടപടി. ഉത്തരവിനെ തുടർന്ന് ചാനൽ സംപ്രേഷണം താത്കാലികമായി നിർത്തിവെച്ചു.

സുരക്ഷാ കാരണങ്ങളാലാണ് ചാനൽ സംപ്രേഷണം നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല എന്ന് മീഡിയവൺ ചീഫ് എഡിറ്റർ പ്രമോദ് രാമൻ വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. കേന്ദ്രസർക്കാർ ഉത്തരവിനെതിരേ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു, ചാനൽ സംപ്രേഷണം എത്രയും പെട്ടെന്ന് പുനരാരംഭിക്കുമെന്നും പ്രമോദ് രാമൻ പറഞ്ഞു.

കേന്ദ്രസർക്കാർ ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. നടപടി “അപ്രഖ്യാപിത അടിയന്തരാവസ്‌ഥ” യാണെന്നും മാധ്യമ വേട്ടയ്ക്കെതിരെ ഒന്നിച്ചുനിൽക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കെപി റെജി പ്രതികരിച്ചു.

“കേന്ദ്ര സർക്കാറിന്റെ മാധ്യമ വിരുദ്ധ നിലപാട് വീണ്ടും വെളിപ്പെടുത്തി മീഡിയ വൺ ചാനലിന് വീണ്ടും വിലക്ക്. പ്രത്യേകിച്ചു ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്നങ്ങൾ എന്നു മാത്രം പറഞ്ഞാണ് വിലക്ക്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതിൽ എന്തു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചത് എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്‌ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ഇന്ത്യയെ സ്നേഹിക്കുന്ന, ജനാധിപത്യം ഇഷ്ടപ്പെടുന്ന ജനത ഒന്നടങ്കം അടരാടേണ്ടതുണ്ട്,” എന്ന് കെപി റെജി അഭിപ്രായപ്പെട്ടു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പേരിൽ മീഡിയാവണ്ണിനെതിരെ നേരത്തെയും കേന്ദ്രസർക്കാർ നടപടിയെടുത്തിരുന്നു. 2020 മാർച്ചിൽ 48 മണിക്കൂറാണ് മീഡിയാവൺ സംപ്രേഷണം നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നത്. എന്നാൽ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ 14 മണിക്കൂറിന് ശേഷം ചാനലിന് സംപ്രേഷണാനുമതി തിരികെ നൽകി. കലാപ റിപ്പോർട്ടിങ്ങിൽ ടെലിവിഷൻ ചട്ടങ്ങളുടെ ലംഘനം ഉണ്ടായെന്നും ഡൽഹി പോലീസിനെതിരേയും ആർഎസ്എസിനെതിരേയും വാർത്ത നൽകി എന്നുമായിരുന്നു വാർത്താ വിതരണ മന്ത്രാലയം കാരണമായി പറഞ്ഞിരുന്നത്.