കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കുരുക്ക്; വായ്പാബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെമി ഹൈസ്പീഡ് റെയിലിന്റെവായ്പാബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിലപാടറിയിച്ചത്. ബാധ്യതയേറ്റെടുക്കാന്‍ കേരളത്തിന് കഴിയുമോ എന്നും കേന്ദ്രം ചോദിച്ചു.

63,941 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ പദ്ധതിയായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 33,700 കോടി രൂപ വിദേശ ഏജന്‍സികളില്‍നിന്നും വായ്പയെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, എന്നാല്‍ ഈ കടബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ബാധ്യതയേറ്റെടുക്കാന്‍ സംസ്ഥാനത്തിന് കഴിയുമോ എന്ന് റെയില്‍വേ മന്ത്രി മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തോട് ചോദിച്ചു.

സംസ്ഥാനവും കേന്ദ്രവും നിശ്ചിത തുകയുടെ ബാധ്യത ഏറ്റെടുക്കുമെന്നാണ് നിലവിലെ എം.ഒ.യു പ്രകാരമുണ്ടായിരുന്ന ധാരണ. എന്നാല്‍, ഈ ബാധ്യത ഏറ്റെടുക്കാന്‍ കേരളത്തിന് കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കണമെന്നാണ് കേന്ദ്രമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തിന് ബാധ്യതയേറ്റെടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയെന്നാണ് വിവരം.

ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകളും ചര്‍ച്ചകളും ആവശ്യമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാവും സംസ്ഥാനം നിലപാട് സ്വീകരിക്കുക.

നാലുമണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്നും കാസര്‍കോഡ് എത്തിച്ചേരാവുന്ന അര്‍ദ്ധ അതിവേഗ റെയില്‍ ലൈനായിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. കഴിഞ്ഞ ജൂണിലാണ് പദ്ധതിക്ക് തത്വത്തില്‍ അനുമതി ലഭിച്ചത്.

എന്താണ് സില്‍വര്‍ ലൈന്‍ പദ്ധതി

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 529 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന സെമി ഹൈസ്പീഡ് റെയില്‍ പാതയാണിത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന തരത്തിലാണ് രൂപകല്‍പന. 11 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേക്കും സംസ്ഥാനത്തിനും തുല്യപങ്കാളിത്വമുള്ള കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ റെയില്‍) സംസ്ഥാനത്ത് ഏറ്റെടുത്തിരിക്കുന്ന പദ്ധതികളിലൊന്നാണിത്.