ടിവി ചാനലുകളെ നിരീക്ഷിക്കാന്‍ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ് മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ട് കേന്ദ്രം വിജ്ഞാപനമിറക്കി. കേന്ദ്രസമിതിയുടെ ഇടപെടല്‍ എപ്പോഴൊക്കെ ഉണ്ടാകുമെന്ന കാര്യം ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമം ഭേദഗതി ചെയ്യുകയാണെന്ന് വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ടിവി ചാനലുകളിലെ പരിപാടികള്‍ക്കെതിരെയുള്ള പൗരന്മാരുടെ ആവലാതികളും പരാതികളും പരിഹരിക്കാന്‍ ഒരു നിയമാനുസൃതമായ സംവിധാനമുണ്ടാക്കുന്നു.
പ്രകാശ് ജാവദേക്കര്‍
ടി വി ചാനലുകളെ നിരീക്ഷിക്കാനുള്ള നിയമാനുസൃത സംവിധാനങ്ങളെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക് നിയമത്തിന് കീഴിലായി കൊണ്ടുവരുമെന്നും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തു. ടിവി ചാനലുകളെ നിരീക്ഷിക്കാനും ഉള്ളടക്കം നിയന്ത്രിക്കാനും ഇതുവരെ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമുണ്ടായിരുന്നില്ല. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുള്പ്പെട്ടെ സമിതി, ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷന്റെ എന്‍ബിഎസ്എ എന്നീ സ്വയം നിയന്ത്രണ സംവിധാനങ്ങളാണ് ഇതുവരെ ഉണ്ടായിരുന്നത്. പത്രങ്ങളിലെ വാര്‍ത്താ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് മുതിര്‍ന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രസ് കൗണ്‍സിലാണ് ഇപ്പോഴുള്ളത്. സ്വയം നിയന്ത്രണ സമിതികളെ അംഗീകരിച്ചുകൊണ്ടുള്ള സ്വാതന്ത്രമാണ് ടെലിവിഷന്‍ ചാനലുകള്ക്കുണ്ടായിരുന്നത്.
വിജ്ഞാപനം പറയുന്നത്
- ടിവി ചാനല്‍ നിരീക്ഷണ സംവിധാനത്തിന് നിയമ പരിരക്ഷയുണ്ടാകും
- ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്ക് നിയമപരമായ രജിസ്ട്രേഷന് നല്‍കും
- പരാതിക്കാരന് മൂന്ന് തലങ്ങളില്‍ ആവലാതി ബോധിപ്പിക്കാം
- ഏതെങ്കിലും ടിവി പരിപാടി ചട്ടം ലംഘിച്ചെന്ന് ബോധ്യപ്പെട്ടാല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടും
ഉദ്യോഗസ്ഥര്‍ അടങ്ങിയ നിരീക്ഷണ-നിയന്ത്രണ സമിതി രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. മൂന്ന് തട്ടിലായുള്ള പരാതി പരിഹാര സംവിധാനമാണുണ്ടാകുക. ഏതെങ്കിലും ടിവി ചാനലിന്റെ പരിപാടിയില്‍ പരാതിയുള്ളവര്‍ക്ക് ആദ്യം ചാനലുകള്‍ക്ക് പരാതി എഴുതി നല്‍കാം. അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കണം. മൂന്നാമതായാണ് കേന്ദ്ര സര്‍ക്കാരിന്റെ സമിതിയെ കാണേണ്ടത്. ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതിയെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.