ശമ്പളമില്ലാതെ ഓവർടൈം ജോലി, യൂണിയനില്ല, സമരമില്ല; വരുന്നൂ പുതിയ സ്വകാര്യ തൊഴിൽ നിയമങ്ങൾ

സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നാല് ലേബർ കോഡുകളാണ് വരുന്ന സാമ്പത്തിക വർഷത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പന്ത്രണ്ട് മണിക്കൂറിന് മുകളിൽ ജോലിചെയ്യിക്കൽ നിയമപരമാകുന്നതും സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാകുന്നതും അടക്കം നിരവധി തൊഴിലവകാശങ്ങൾ ലംഘിക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങൾ എന്നാണ് വിമർശനം.

നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചാണ് പുതിയ നാല് ലേബർ കോഡുകൾ നടപ്പിലാക്കുന്നത്. വേതനം, വാണിജ്യാ മേഖലാ സംബന്ധം, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷാ വകുപ്പുകളിലായി നിരവധി മാറ്റങ്ങളാണ് നിയമങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്.

വ്യവസായ മേഖലാ സംബന്ധമായ പുതുക്കിയ നിയമാവലി പ്രകാരം തൊഴിലാളികൾക്ക് സംഘടിക്കാനും യൂണിയനുകൾ രൂപീകരിക്കാനുമുള്ള അവകാശം നഷ്ടമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ നിയമം യൂണിയനുകളുടെ രജിസ്ട്രേഷന് അനുമതി നൽകാതിരിക്കാൻ സർക്കാരിന് പൂർണാധികാരം നൽകും. യൂണിയനുകൾക്ക് ആര് നേതൃത്വം നൽകണം എന്നകാര്യത്തിൽ വ്യവസ്ഥകൾ വെക്കാനും ഇടപെടാനും സർക്കാരിന് ഈ പരിഷ്കാരങ്ങൾ അധികാരം നൽകും. യൂണിയൻ തെരഞ്ഞെടുപ്പിലെ രഹസ്യ ബാലറ്റ് സംവിധാനവും പുതിയ നിയമങ്ങൾ ഇല്ലാതാക്കും. ഇത് സ്വകാര്യ മേഖലയിലെ സംഘടനാ അവകാശങ്ങൾ പൂർണമായും റദ്ദ്‌ ചെയ്യുന്നതാണെന്നാണ് തൊഴിലാളി സംഘടനയായ സിഐടിയു അഭിപ്രായപ്പെടുന്നത്.

ആഴ്ചകൾക്ക് മുൻപ് തന്നെ നിർബന്ധമായും നോട്ടീസ് നൽകണമെന്ന വ്യവസ്ഥ സ്വകാര്യ മേഖലയിലെ സമരങ്ങൾക്കും തടയിടുന്നതാണ്. നേരത്തെ നോട്ടിസ് നൽകാതെയുള്ള സമരങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ സർക്കാരിന് സാധിക്കുമെന്നും സിഐടിയു നേതാവ് ആർ കരുമലൈയൻ നടത്തിയ പഠനറിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

പുതിയ പരിഷ്‌കാരങ്ങൾ നാലുദിന ജോലി അനുവദിക്കുന്നുണ്ട്. എന്നാൽ ആഴ്ച്ചയിൽ 48 മണിക്കൂർ ജോലി ഉറപ്പാക്കുകയും വേണം. അതിനാൽ തൊഴിലാളികൾ പന്ത്രണ്ട് മണിക്കൂറും അതിന് മുകളിലും ജോലിചെയ്യേണ്ടിവരും. ഇത് അവകാശ ലംഘനമാണെന്നും യൂണിയനുകൾ വാദിക്കുന്നു.

പുതിയ കോഡുകൾ പ്രകാരം ‘ശമ്പളം’ എന്തെന്ന് വിശദീകരിക്കുന്നിടത്ത് അധികസമയ ജോലി, ശമ്പളത്തോടെയുള്ള അവധി, അവധിക്കാല ശമ്പളം എന്നിവ പ്രതിപാദിക്കുന്നില്ല. നിലവിലുള്ള നിയമത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. അവ ഒഴിവാക്കുന്നതോടെ ഇത്തരം ആനുകൂല്യങ്ങൾക്ക് നിയമസാധുത ഇല്ലാതാകും എന്നാണ് മറ്റൊരു ആക്ഷേപം.

മേൽനോട്ട അധികാരമുള്ള (സൂപ്പർവൈസറി കപ്പാസിറ്റി) തസ്തികയിലാണ് ജോലി ചെയ്യുന്നതെങ്കിൽ ‘തൊഴിലാളി’ എന്ന നിലയിലുള്ള അവകാശങ്ങൾ പുതിയ നിയമപ്രകാരം ലഭിക്കില്ല. ഏതൊരു തൊഴിലാളിയെയും സാങ്കേതികമായെങ്കിലും സൂപ്പർവൈസറി തസ്തികയിലേക്ക് മാറ്റാൻ തൊഴിൽ ഉടമകൾക്ക് സാധിക്കുമെന്നതിനാൽ ഈ നിർദേശവും അവകാശ ലംഘനങ്ങളിലേക്ക് വഴിവെക്കുമെന്നാണ് ദേശീയ ഐടി യൂണിയൻ നേതാക്കളും വിശദീകരിക്കുന്നത്.

പുതിയ നിയമാവലികൾ തൊഴിലിൽ സുരക്ഷയും ഉറപ്പിക്കുന്നില്ല എന്നാണ് മറ്റൊരു പ്രധാന വിമർശനം. കരാർ ജോലിക്കാരെ തൊഴിലുടമയുടെ താത്പര്യത്തിനനുസരിച്ച് പിരിച്ചുവിടാൻ പുതിയ പരിഷ്കാരങ്ങളിൽ വകുപ്പുകളുണ്ട്. സ്ഥിര ജോലിക്കാർക്ക് സമാനമായ വേതനം കരാറുകാർക്കും നൽകണം എന്ന വ്യവസ്ഥയും ഇനിയുണ്ടാകില്ല. ഭൂരിഭാഗം തൊഴിലാളികളും അംഗീകരിച്ചാൽ പിഎഫ് പോലെയുള്ള പദ്ധതികളികളിൽ നിന്നും തൊഴിലുടമക്ക് പിന്മാറാനും അധികാരമുണ്ടാകും.

നിലവിൽ സ്വകാര്യ തൊഴിലിടങ്ങളിൽ മിന്നൽ പരിശോധനകൾ സാധ്യമാണെകിൽ പുതിയ നിയമങ്ങൾ വരുന്നതോടെ അത് സാധ്യമാകാതെ വരും. കാലങ്ങളായി വിവിധ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടികളെ എതിർക്കണമെന്നും കരുമലൈയൻ അഭിപ്രായപ്പെടുന്നു.

2022-2023 സാമ്പത്തിക വർഷത്തോടെ പുതിയ ലേബർ കോഡുകൾ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. സംസ്ഥാനങ്ങളോട് ഇതിനു അനുസൃതമായി ഡ്രാഫ്റ്റ് നിയമങ്ങളിൽ തീരുമാനമെടുക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.