ആധാറിൽ തീരുന്നില്ല; സകലതിനെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഐഡി ഉടൻ

പൗരന്മാരുടെ എല്ലാ തിരിച്ചറിയൽ രേഖകളും ഒന്നിച്ച് ബന്ധിപ്പിക്കാനും മറ്റു രേഖകളുടെ വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന പുതിയ ഡിജിറ്റൽ ഐഡിയുമായി കേന്ദ്ര ഐ.ടി മന്ത്രാലയം. ആധാർ, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെ പൗരന്മാരുടെ എല്ലാ രേഖകളെയും ഒന്നിച്ച് കൊണ്ടുവരുന്ന പുതിയ ‘ഫെഡറേറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റീസ്’ എന്ന സംവിധാനമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്.

ഓരോ വ്യക്തിക്കും ഒരു തിരിച്ചറിയൽ നമ്പറോ കോഡോ ഉണ്ടാകും. അത് മാത്രം ഉപയോഗിച്ച് ഏതു രേഖയുടെയും വിവരങ്ങൾ ലഭ്യമാക്കാനും കൈമാറാനും കഴിയും. എല്ലാ രേഖകളെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നതുവഴി ആവർത്തിച്ചുള്ള വെരിഫിക്കേഷനുകൾ ഒഴിവാക്കാനും സാധിക്കും എന്നും ഐ.ടി മന്ത്രാലയം അവകാശപ്പെടുന്നത്.

വിവിധ സർക്കാർ-സ്വകാര്യ സേവനങ്ങൾക്ക് ഈ ഐഡി വഴി രേഖകൾ സമർപ്പിക്കാനാവുന്നതാണ്. രേഖകൾക്കുമേൽ വ്യക്തികൾക്ക് കൂടുതൽ അധികാരം നൽകാനാണ് ഈ സംവിധാനം എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പദ്ധതിയുടെ ഡ്രാഫ്റ്റ് ഫെബ്രുവരി 27ന് പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളിലെ അനുദിന മാറ്റങ്ങൾക്കനുസൃതമായ വിവര കൈമാറ്റത്തിന് ആധാർ മതിയാവില്ലെന്നാണ് കേന്ദ്രസർക്കാർ നിരീക്ഷണം. സർക്കാർ സംബന്ധമായ ആവശ്യങ്ങൾക്കും പൊതു പദ്ധതികൾക്കും ആധാർ പര്യാപ്തമായിരുന്നെങ്കിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, കർഷകർക്കും, ഭൂവുടമകൾക്കും, പെൻഷൻകാർക്കും ഉൾപ്പടെ പുതിയ ഐഡി ഉപകാരപ്പെടും എന്നാണ് കേന്ദ്രമന്ത്രാലയം പറയുന്നത്.

എന്നാൽ വിവരസുരക്ഷയുടെ കാര്യത്തിൽ ഡിജിറ്റൽ ഐഡി പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ഒരുവിഭാഗം വിദഗ്ധർ വിലയിരുത്തുന്നുണ്ട്. ഒറ്റ ഐഡിയിലൂടെ സകല വിവരവും ലഭ്യമാകുന്നത് വിവരങ്ങൾ ചെയ്യാനുള്ള സാധ്യത വർധിപ്പിക്കും എന്നാണ് ആരോപണം. ഇത്തരം ഡിജിറ്റൽ ഐഡികൾ കൊണ്ടുവരുന്നതിന് മുൻപ് രാജ്യത്ത് ശക്തമായ ഡാറ്റാ സംരക്ഷണ നിയമം നടപ്പിലാക്കണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം.