നിപ സമ്പര്‍ക്കപ്പട്ടിക ഇനിയും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി; ഉറവിടം തേടി മൃഗസംരക്ഷണ വകുപ്പ്, റമ്പൂട്ടാനില്‍നിന്നാകാമെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 20 പേരുള്‍പ്പെടെ 188 ആളുകളാണ്‌ നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കുട്ടിയുമായി അടുത്തിടപഴകിയിരുന്ന ഏഴ് പേരുടെ സാമ്പിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ ഹാഷിമാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മരിച്ചത്. കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി ആശാ പ്രവര്‍ത്തകരെ പ്രദേശത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിപാ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരും. പൂനെയില്‍നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കോഴിക്കോടെത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ വീട്ടിലെ ആട് രോഗം ബാധിച്ച് ചത്തതിന് നിപയുമായി ബന്ധമില്ലെന്നും വീണ ജോര്‍ജ് അറിയിച്ചു.

നിപ വൈറസിന്റെ ഉറവിടം റംബൂട്ടാനില്‍നിന്നാകാമെന്നാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക നിഗമനമെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം തൃപ്തി അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

Also Read: വാക്‌സിൻ പൂഴ്ത്തിവെപ്പ്: സമ്പന്ന രാജ്യങ്ങളുടെ പക്കൽ 120 കോടി അധിക വാക്‌സിൻ, ദരിദ്ര രാജ്യങ്ങളിൽ കുത്തിവെപ്പെടുത്തവർ രണ്ട് ശതമാനത്തിൽ താഴെ

കുട്ടിയുടെ വീട്ടിലെത്തിയ കേന്ദ്രസംഘം പഴത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്നും വൈറസ് ബാധ വവ്വാലുകളില്‍നിന്നാണോ ഉണ്ടായതെന്നും സംഘം പരിശോധിക്കും. കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ചാത്തമംഗലത്തെ വീട്ടിലെത്തി സാമ്പിളുകള്‍ ശേഖരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായും സംഘം സംസാരിച്ചു.

കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, ഹാഷിമിന്റെ മൃതദേഹം പ്രോട്ടോക്കോളുകള്‍ പാലിച്ച് കണ്ണംപറമ്പ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍നിന്നും ആരോഗ്യപ്രവര്‍ത്തകരെത്തിയാണ് കബറടക്കത്തിന് നേതൃത്വം നല്‍കിയത്. 2018ല്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന, പിന്നീട് വിവിധ ജില്ലകളിലേക്കടക്കം സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.