സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ സര്‍ക്കാരിന് വീണ്ടും പരിശോധിക്കാം; സിനിമാട്ടോഗ്രാഫ് ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, വ്യാജന്മാര്‍ക്ക് പിടിവീഴും

ന്യൂഡല്‍ഹി: സെന്‍സറിങ് പൂര്‍ത്തിയായ സിനിമകള്‍ കേന്ദ്രത്തിന് വീണ്ടും പരിശോധിക്കാമെന്ന നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന് അനുമതി നല്‍കുന്ന സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ല് 2021 ല്‍ കേന്ദ്രം പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്.

നിലവില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. എന്നാല്‍ പുതിയ ഭേദഗതിപ്രകാരം സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ കഴിയും. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ സര്‍ക്കാരിന് പുനപരിശോധിക്കാമെന്ന കേന്ദ്ര തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കുകയും 2000-ത്തില്‍ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെ മറികടക്കുന്നതാണ് പുതിയ ഭേദഗതി.

Also Read: ‘നിരാശപ്പെടുത്തി, ധനുഷിനെ കണ്ടിരിക്കാം’; ജഗമേ തന്തിരത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സിനിമകളുടെ വ്യാജപതിപ്പിറക്കുന്നവര്‍ക്ക് തടവുശിക്ഷയും പിഴയും ഭേദഗതിയില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിയമപരമല്ലാതെ സിനിമയോ സനിമയുടെ ഭാഗമോ റെക്കോര്‍ഡ് ചെയ്യന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതാണിത്.

കൂടാതെ, പ്രായം അടിസ്ഥാനപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കേഷനും ഭേദഗതിയില്‍ പറയുന്നു.