‘അഖിലേഷിന് ദളിത് നേതാക്കളെ വേണ്ട’; സഖ്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം പിന്മാറി ചന്ദ്രശേഖർ ആസാദ്

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തന്റെ ആസാദ് സമാജ് പാർട്ടിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യ സാധ്യത തള്ളി ചന്ദ്രശേഖർ ആസാദ്. അഖിലേഷിന് ദളിത് വോട്ടുകൾ മാത്രമാണ് വേണ്ടതെന്നും ദളിത് നേതാക്കളെ താൽപര്യമില്ലെന്നും പറഞ്ഞ അദ്ദേഹം എസ്‌പിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി. ആസാദ് സമാജ് പാർട്ടി എസ്‌പിയുമായി സഖ്യമുണ്ടാക്കുമെന്ന് വാർത്തകൾ വന്ന് മണിക്കൂറുകൾക്കകമാണ് ഭീം ആർമി തലവന്റെ പിന്മാറ്റം.

അഖിലേഷുമായി സഖ്യധാരണയായെന്ന് ചന്ദ്രശേഖർ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളിയാഴ്ച്ച അഖിലേഷ് യാദവുമായി ചന്ദ്രശേഖർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സഖ്യമുണ്ടാകുമെന്ന് ചന്ദ്രശേഖർ പറഞ്ഞത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച്ച ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.

“അഖിലേഷിന് ദളിത് നേതാക്കളെ വേണ്ട, ദളിത് വോട്ടുകൾ മാത്രം മതി. ‘സാമൂഹിക നീതി’ എന്താണെന്ന് മനസിലാക്കാൻ അഖിലേഷിന് കഴിയുന്നില്ലെന്നും ദലിതുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുകയാണെന്നും ചന്ദ്രശേഖർ ആസാദ് ചൂണ്ടിക്കാട്ടി,” എന്ന് ആസാദ് പറഞ്ഞു.

ചർച്ചയിൽ ചന്ദ്രശേഖർ പത്ത് സീറ്റ് ആവശ്യപ്പെടുകയും അഖിലേഷ് മൂന്നെണ്ണം മാത്രമേ നൽകാൻ കഴിയൂ എന്ന് നിലപാടെടുക്കുകയും ചെയ്‌തു എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പിന്നോക്ക ജാതിരാഷ്ട്രീയം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ എസ്‌പി ലക്ഷ്യംവെക്കുന്ന സാഹചര്യത്തിൽ ആസാദ് സമാജ് പാർട്ടി സഖ്യം അഖിലേഷിന് ഗുണം ചെയ്യും എന്നായിരുന്നു വിലയിരുത്തൽ

പടിഞ്ഞാറൻ യുപിയിൽ ദളിത് വിഭാഗക്കാർക്കിടയിൽ വ്യക്തമായ സ്വാധീനം ആസാദ് സമാജ് പാർട്ടിക്കുണ്ട്. 2020 മെയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ബിജ്‌നോർ, മുസഫർനഗർ, സഹാറൻപൂർ ജില്ലകളിൽ ചന്ദ്രശേഖറിന്റെ പാർട്ടി നിരവധി വാർഡുകളിൽ വിജയിച്ചിരുന്നു. എസ്‌പി ശക്തികേന്ദ്രവും സ്വന്തം മണ്ഡലവുമായ സഹാറൻപൂരിൽ നിന്നും ചന്ദ്രശേഖർ മത്സരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

“സീറ്റ് വിഭജനവും സഖ്യവുമാണ് ഞങ്ങൾ ചർച്ച ചെയ്‌തത്‌. എസ്‌പിയുമായി ചേർന്ന് മത്സരിക്കാൻ ആസാദ് സമാജ് പാർട്ടി തീരുമാനിച്ചു. അഖിലേഷ് നയിക്കുന്ന മുന്നണിയായിരിക്കും ഭരണത്തിൽ വരിക,” എന്നാണ് ചന്ദ്രശേഖർ വെള്ളിയാഴ്ച്ച ചർച്ചക്ക് ശേഷം പ്രഖ്യാപിച്ചത്.

നിരവധി കക്ഷികളെ എസ്‌പി ഇതിനോടകം തന്നെ കൂടെക്കൂട്ടിയിട്ടുണ്ട്. രാഷ്ട്രീയ ലോക് ദൾ, എൻസിപി, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, പ്രഗതിശീൽ സമാജ് പാർട്ടി, മഹാൻ ദൾ, അപ്‌നാ ദൾ, തൃണമൂൽ കോൺഗ്രസ്, ജനവാദി പാർട്ടി തുടങ്ങിയവ എസ്‌പി സഖ്യത്തിലുണ്ട്. കൂടാതെ റാം അചൽ രാജ്ഭറും ലാൽജി വർമയും പോലെയുള്ള മുൻ ബിഎസ്പി നേതാക്കളും ഇപ്പോൾ എസ്‌പിയോടൊപ്പമുണ്ട്.

തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ യുപിയിൽ ജാതിരാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ബിജെപിയിൽ നിന്നും ഒബിസി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എസ്‌പിയിലെത്തിയതും അനുബന്ധ രാഷ്ട്രീയ ചർച്ചകളും സംസ്ഥാനത്ത് പിന്നോക്ക വിഭാഗക്കാർക്കിടയിൽ മുൻപില്ലാതിരുന്ന ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് നിരീക്ഷണം. ഇത് പരമാവധി വോട്ടാക്കാന് എസ്‌പി ശ്രമം.

ALSO READ: മണ്ഡൽ-കമണ്ഡൽ ചൂടുപിടിക്കുന്ന യുപി; രാഷ്ട്രീയക്കാറ്റ് അഖിലേഷിന് എതിരല്ലെന്ന് വിലയിരുത്തൽ