‘ഡി.സി.സി അധ്യക്ഷനാകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല’; ഡല്‍ഹി യാത്ര പേര് നിര്‍ദ്ദേശിക്കാനെന്ന വാര്‍ത്ത വ്യാജമെന്ന് ചാണ്ടി ഉമ്മന്‍

ന്യൂഡല്‍ഹി: താന്‍ ഡി.സി.സി അധ്യക്ഷനാകാന്‍ ശ്രമിക്കുന്നു എന്നും ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള പേരുകള്‍ നിര്‍ദ്ദേശിച്ചു എത്തിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് ചാണ്ടി ഉമ്മന്‍. മറ്റ് ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലെത്തിയത്. ആരുടെയും പേര് നിര്‍ദ്ദേശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘കഴിഞ്ഞ കുറേ നാളുകളായി എന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഡി.സി.സി അധ്യക്ഷ സ്ഥാനത്തിനുവേണ്ടി ഞാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വരുത്തി. ടൈംസ് ഓഫ് ഇന്ത്യയിലും മംഗളം പത്രത്തിലും ഇന്ന് ഇത്തരത്തില്‍ വാര്‍ത്ത വന്നു. കോട്ടയത്തെ ഡി.സി.സി അധ്യക്ഷനെ തീരുമാനിക്കാനാണ് ഞാന്‍ ഡല്‍ഹിയില്‍ വന്നിരിക്കുന്നത് എന്നാണ് വാര്‍ത്ത. തീര്‍ത്തും വ്യാജവാര്‍ത്തയാണിത്. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട്, കഴിഞ്ഞ കുറേക്കാലങ്ങളായി നിങ്ങള്‍ ഒരുപാട് വാര്‍ത്തകള്‍ നല്‍കി. എന്നോട് ചോദിക്കാതെയാണ് അതെല്ലാം നല്‍കിയിട്ടുള്ളത്. ഇതൊരു നല്ല പ്രവണതയല്ല’, ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ രാഷ്ട്രീയമേഖലയില്‍ മാത്രമല്ല, സാമൂഹിക മേഖലകളില്‍ക്കൂടി പ്രവര്‍ത്തിച്ച വ്യക്തിയാണ് താന്‍. പഠനം മുഴുവന്‍ ഡല്‍ഹിയിലായിരുന്നു. തനിക്ക് പ്രിയപ്പെട്ട രണ്ട് വ്യക്തികള്‍ കഴിഞ്ഞ ആഴ്ചകളില്‍ വേര്‍പെട്ടുപോയി. കാലം ചെയ്ത ഡല്‍ഹി മലങ്കര കത്തോലിക്ക സഭ രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ കബറടക്കത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലേക്ക് വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

താന്‍ ആരുടെയും പേര് ആരോടും നിര്‍ദ്ദേശിച്ചിട്ടില്ല, പറഞ്ഞിട്ടില്ല, പറയാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. നേരത്തെ താന്‍ ഡി.സി.സി അധ്യക്ഷനാകും എന്നായിരുന്നു വാര്‍ത്ത. ഇപ്പോള്‍ ഡി.സി.സി അധ്യക്ഷനെ തീരുമാനിക്കാന്‍ താന്‍ ഡല്‍ഹിയില്‍ വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അങ്ങനെയൊരു നീക്കം നടത്തിയെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

Also Read: ‘പറയേണ്ടത് പറഞ്ഞു മറുപടിയും വന്നു, ഇനി ചര്‍ച്ചയില്ല’; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍; ‘ഗോപിനാഥ് പാര്‍ട്ടി വിടില്ല’

കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നാട്ടകം സുരേഷിനെ കൊണ്ടുവരാന്‍ ചാണ്ടി ഉമ്മന്‍ ഇടപെട്ട് ശ്രമം നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.