പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച ഡിജിപിയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയേക്കും; നടപടി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, തീരുമാനമെടുക്കുക സര്‍ക്കാര്‍

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ നടപടി ക്രൈംബ്രാഞ്ചിന് തീരുമാനിക്കാമെന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. മൂന്ന് വര്‍ഷമായ കേസില്‍ അന്വഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. മര്‍ദ്ദിച്ചെന്ന കേസ് നിലനില്‍ക്കുന്നതാണെന്നും കുറ്റപത്രം സമര്‍പ്പിക്കാമെന്നുമുള്ള വസ്തുതാ റിപ്പോര്‍ട്ട് അന്വേഷണം നടത്തി എസ്പി ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു.

പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നീക്കം. മകള്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് നിയമനത്തിനുള്ള അയോഗ്യതയായേക്കുമെന്നാണ് സൂചന. ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായവും നിയമോപദേശവും തേടിയ ശേഷമാവും നടപടി സ്വീകരിക്കുക.

പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയില്‍ മൂന്നാമനാണ് സുധേഷ് കുമാര്‍. സുധേഷ് കുമാറിനൊപ്പം ടോമിന്‍ ജെ തച്ചങ്കരിയെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഇരുഭാഗത്തുമുള്ള പഴയ കേസുകള്‍ വീണ്ടും ചര്‍ച്ചയാക്കുന്നതെന്ന ആരോപണവുമുണ്ട്.