വിഡി സതീശനെ യുഡിഎഫ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച വിഡി സതീശന് അഭിനന്ദനമെന്ന് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോള്‍ വി ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. എഐസിസി പ്രഖ്യാപനത്തിന് ശേഷം തന്നെ വിളിച്ച വി ഡി സതീശനോട് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ.
സതീശാ, കണ്‍ഗ്രാജുലേഷന്‍സ്..മറ്റന്നാള്‍ നിയമസഭയില്‍ കാണാം.
രമേശ് ചെന്നിത്തല
എ, ഐ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെ മറികടക്കാവുന്ന തരത്തില്‍ ശക്തമായ പിന്തുണ ലഭിച്ചതാണ് സതീശന് അനുകൂലമായത്. തലമുറമാറ്റം വേണമെന്ന് ആവര്‍ത്തിച്ച് ഗ്രൂപ്പ് അതീതരായി യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സതീശനെ പിന്തുണക്കുന്നവര്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാലും സതീശന് അനുകൂലമായി നിലപാടെടുത്തു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ അവസാന നിമിഷം വരെ നടത്തിയെങ്കിലും ഫലമുണ്ടായി. നേതൃമാറ്റത്തെ പരോക്ഷമായി ലീഗ് പിന്തുണയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.
ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പിലെ വലിയൊരു വിഭാഗത്തിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പുവരെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.
ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി എഐസിസി നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനും വരുന്നതിന് തടസം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതികരണങ്ങളുണ്ടായി. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. എഐസിസി നിരീക്ഷകര്‍ക്ക് മുന്നില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന് ശേഷം വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി വൈത്തിലിംഗം എന്നിവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഗ്രൂപ്പ് താല്പര്യങ്ങള് നോക്കാതെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12ഓളം പേര് സതീശനെ പിന്തുണച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത കുറഞ്ഞേക്കുമെന്ന് യുവ നേതാക്കള്‍ എഐസിസി നിരീക്ഷകരോട് അഭിപ്രായപ്പെട്ടെന്നാണ് വിവരം.