നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം തുടരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിയുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രമേശ് ചെന്നിത്തല കൂടി നേതൃപദവി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ഗ്രൂപ്പുകള്‍ക്ക് അതീതമായി എതിര് സ്വരങ്ങള്‍ ഉയര്‍ന്നുവന്നതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയാണ്.
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സ്ഥാനങ്ങള്‍ ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യത്തിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തി. രമേശ് ചെന്നിത്തല എന്തിന് മാറണം? എന്നാണ് ഗൂപ്പ് നിലപാട്. ചെന്നിത്തല എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ പലതും പാര്‍ട്ടി ഏറ്റെടുത്തില്ലെന്നും ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.
നേതൃതലത്തില്‍ അഴിച്ചുപണിയാണ് എഐസിസിയുടെ ലക്ഷ്യം. ചെന്നിത്തലയ്ക്ക് പകരക്കാരനെങ്കില് ആര് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ചകള്‍ ഉടന്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ പൊതു അഭിപ്രായമെടുത്ത ശേഷമാകും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ചെന്നിത്തല മാറുകയാണെങ്കില്‍ വി ഡി സതീശനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ ആണ് സാധ്യത കല്പിക്കപ്പെടുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി വൈകാതെയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. മുല്ലപ്പള്ളി ഇന്നലെ രാത്രി തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിയണമെന്ന് എഐസിസി മുല്ലപ്പള്ളിയോട് നിര്‍ദ്ദേശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ റിപുന്‍ ബോറ അസം പിസിസി പ്രസിഡന്റ് സ്ഥാനംരാജി വെച്ചിരുന്നു.