‘ദുരന്തശേഷം കണ്ണീര്‍ പൊഴിക്കുന്നത് വഞ്ചനയാണ്’; മുഖ്യമന്ത്രിയുടെ നെതര്‍ലാന്റ്‌സ് യാത്രയെ ചോദ്യംചെയ്ത് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. 2018-19 വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലാന്റ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം, ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്’, അദ്ദേഹം പറയുന്നു.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം. ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വെള്ളം കെട്ടിക്കിടക്കാന്‍ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കില്‍ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളില്‍ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്. മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാല്‍ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗര്‍ഭ ജലമില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്‌മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ’, ചെറിയാന്‍ ഫിലിപ്പ് എഴുതുന്നതിങ്ങനെ.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി. പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാല്‍ക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കില്‍ മഴയോടൊപ്പം ഉരുള്‍പൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവര്‍ മനുഷ്യക്കുരുതിക്കും വഴി തുറക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

രണ്ട് വര്‍ഷങ്ങളിലായുണ്ടായ പ്രളയത്തിന് പിന്നാലെ മുഖ്യമന്ത്രിയടങ്ങുന്ന സംഘം നവകേരള നിര്‍മ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കാനായി നടത്തിയ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനത്തിനെതിരെ ഇത്തവണത്തെ മഴക്കെടുതികള്‍ക്ക് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പദ്ധതിയുടെ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെച്ചൊല്ലിയായിരുന്നു വിമര്‍ശനങ്ങളേറെയും. പ്രതിപക്ഷത്തിന് ആയുധമായേക്കാവുന്ന വിമര്‍ശനം ഇടത് സഹയാത്രികന്റെ ഭാഗത്തുനിന്നുതന്നെയുണ്ടായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയേക്കും.