ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്; മടക്കം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേരുന്നു. വെള്ളിയാഴ്ച മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിലേക്കുള്ള തന്റെ മടക്കം ചെറിയാന്‍ ഫിലിപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 11 മണിക്കാണ് ആന്റണിയുമായുള്ള കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിട്ടിരുന്നു.

ഇരുപത് വര്‍ഷത്തോളം ഇടതുസഹയാത്രികനായി പ്രവര്‍ത്തിച്ച ചെറിയാന്‍ ഫിലിപ്പ്, രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതുമുതല്‍ സിപിഐഎമ്മുമായി ഇടച്ചിലിലായിരുന്നെന്നാണ് സൂചന. ഇതിന് പകരമായിട്ടായിരുന്നു സര്‍ക്കാര്‍ ഖാദി ബോര്‍ഡിലേക്കുള്ള നിയമനം നല്‍കിയിരുന്നത്. എന്നാല്‍, താന്‍ തിരക്കിലാണെന്നും സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് അന്ന് അറിയിച്ചത്.

കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പിലെ ബുദ്ധികേന്ദ്രമായിരുന്ന ചെറിയാന്‍ ഫിലിപ്പ് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം സീറ്റ് നല്‍കാത്തതിന് പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയോടും കോണ്‍ഗ്രസിനോടും പിണങ്ങിയിറങ്ങിയത്. തുടര്‍ന്ന് ആ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമതനായി മത്സരിച്ച് പിണക്കത്തിന്റെ ആഴംകൂട്ടി. തുടര്‍ന്നിങ്ങോട്ടുള്ള ഇരുപത് വര്‍ഷം ഇടത് സഹയാത്രികനായിട്ടായിരുന്നു ചെറിയാന്റെ രാഷ്ട്രീയ ജീവിതം.