തിരുവന്തപുരം: സിപിഐഎം പാളയങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച വിമര്‍ശനത്തിന് പിന്നാലെ പുതിയ യുട്യൂബ് ചാനല്‍ തുടങ്ങുന്നെന്ന് അറിയിച്ച് ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പ്. കണ്ണടയും വരെ പ്രതികരിച്ചുകൊണ്ടിരിക്കും എന്ന് വ്യക്തമാക്കിയാണ് ചെറിയാന് ഫിലിപ്പിന്റെ ചാനല്‍ പ്രഖ്യാപനം. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം.
രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും’, ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ഉല്പാദന കേന്ദ്രിത വികസന സംസ്കാരം, കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്രയെന്നും അദ്ദേഹം പറയുന്നു.
മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെറിയാന് ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ദുരന്തനിവാരണത്തിനായുള്ള നെതര്‍ലാന്റ് മാതൃകയെക്കുറിച്ച് സര്‍ക്കാര്‍ അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്ക്കുമറിയില്ലെന്നായിരുന്നുംചെറിയാന് ഫിലിപ്പിന്റെ കുറ്റപ്പെടുത്തല്‍.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പരോക്ഷ പ്രതികരണമായിരുന്നു നടത്തിയത്. ചെറിയാന് ഫിലിപ്പ് ഒരുകാലത്ത് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായ ആളാണെന്നും അദ്ദേഹത്തെ നല്ലരീതിയില്‍ സഹകരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന കാര്യം തനിക്കറിയില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടി. അതിനിടെ, വൈസ് ചെയര്മാന് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ നിയമന ഉത്തരവ് ഖാദിബോര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇരുപത് വര്‍ഷത്തോളം ഇടതുസഹയാത്രികനായി പ്രവര്‍ത്തിച്ച ചെറിയാന് ഫിലിപ്പ്, രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കാത്തതുമുതല് സിപിഐഎമ്മുമായി ഇടച്ചിലിലായിരുന്നെന്നാണ് സൂചന. ഇതിന് പകരമായിട്ടായിരുന്നു സര്‍ക്കാര്‍ ഖാദി ബോര്‍ഡിലേക്കുള്ള നിയമനം നല്‍കിയിരുന്നത്. എന്നാല്‍, താന്‍ തിരക്കിലാണെന്നും സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നുമായിരുന്നു ചെറിയാന് ഫിലിപ്പ് അന്ന് അറിയിച്ചത്.