ന്യൂഡല്‍ഹി: ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തുമടക്കം കോപ്ടറിലുണ്ടായിരുന്ന 13 പേര് അപകടത്തില്‍ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12:30-ഓടെയായിരുന്നു സംഭവം.
14 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് അപകടത്തില്‍നിന്നും രക്ഷപെട്ടത്. ഇദ്ദേഹം വില്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ സെമിനാറില്‍ പങ്കെടുക്കാനായിരുന്നു സൈനിക മേധാവി അടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടത്. കോയമ്പത്തൂരിനും സുലൂരിനും ഇടയിലുള്ള കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങിന് ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് വിവരം. തകര്‍ന്നയുടന്‍ തന്നെ കോപ്ടറില്‍ തീ പടര്‍ന്നു. പ്രദേശവാസികളാണ് കോപ്ടര്‍ തകര്‍ന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ തീ ആളിപ്പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സൈനിക ക്യാമ്പില്‍നിന്നും സൈനികരെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.
വ്യോമസേനയുടെ എഫ് എംഐ-12 വി 5 എന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹര്ദിന്ദര് സിങ്, എന്‍.കെ ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് കോപ്ടറിലുണ്ടായിരുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ റാവത്ത് അടക്കം ഒമ്പതംഗ സംഘമായിരുന്നു തമിഴ്നാട്ടിലെത്തിയത്. സുലൂരില്നിന്നും അഞ്ചുപേര്‍ക്കൂടി സംഘത്തോടൊപ്പം ചേരുകയായിരുന്നു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സൈനിക മേധാവിയുടെ മരണത്തില്‍ അനുശോചിച്ചു.
2020 ജനുവരി ഒന്നിനായിരുന്ന രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റെടുത്തത്. മൂന്നുവര്‍ഷത്തേക്കായിരുന്നു നിമയനം. 1978 ഡിസംബറില്‍ ഗൂര്‍ഖാ റൈഫില്‍സില്‍ സെക്കന്റ് ലെഫ്റ്റനന്റായിട്ടായിരുന്നു ഔദ്യോഗിക ചുമതലകളുടെ തുടക്കം. 2014 ജൂണ്‍ ഒന്നിന് ലെഫ്റ്റനന്റ് ജനറലായി. 2017 ജനുവരി ഒന്നിനായിരുന്നു അദ്ദേഹം കരസേനാ മേധാവിയായി നിയമിതമായത്.