വില്ലകൾ ജയിലുകളാക്കി യു.എ.ഇയിൽ ചൈനയുടെ രഹസ്യ പീഡന കേന്ദ്രങ്ങൾ; തടവിലിടുന്നത് ഉയിഗർ മുസ്‌ലിങ്ങളെയും രാഷ്ട്രീയ എതിരാളികളെയും

രാഷ്ട്രീയ എതിരാളികളെയും ഉയിഗർ മുസ്‌ലിം വിഭാഗക്കാരെയും ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനും പീഡിപ്പിക്കുന്നതിനുമായി ചൈന യു.എ.ഇയിൽ തടങ്കൽ പാളയങ്ങൾ നടത്തുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. ‘ബ്ലാക്ക് സൈറ്റുകൾ’ എന്നാണ് ഇത്തരം തടവറകൾ അറിയപ്പെടുന്നത്. ചൈനയ്ക്കുള്ളിൽ ഇത്തരം ജയിലറകൾ നിരവധിയുള്ളതായി നേരത്തേതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒരു വിദേശ രാജ്യത്ത് ചൈനീസ് ‘ബ്ലാക്ക് സൈറ്റുകൾ’ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

ചൈനയിൽ നിന്നും രക്ഷപ്പെട്ട് ദുബായിലെത്തുകയും പിന്നീട് ചൈനീസ് അധികൃതരുടെ പിടിയിലാവുകയും ചെയ്‌ത വു ഹുവാൻ എന്ന 26കാരിയെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭത്തെ അനുകൂലിച്ച് ചൈനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ എഴുതിയതിന്റെ പേരിൽ അധികൃതർ വിമതനായി പ്രഖ്യാപിച്ച വാങ് ജിൻഗ്യു എന്ന യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് ഹുവാൻ പ്രശ്‌നത്തിലാകുന്നത്. ദുബായിലെ ഒരു ഹോട്ടലിൽ നിന്നും തട്ടിക്കൊണ്ടുപോയ ഹുവാനെ പിന്നീട് ചൈനീസ് അധികൃതർ കസ്‌റ്റഡിയിലെടുത്തു. ശേഷം എട്ട് ദിവസത്തോളം തടവിലിട്ടത് ‘ബ്ലാക്ക് സൈറ്റുകളിൽ’ ഒന്നിലായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. അവരോടൊപ്പം രണ്ട് ഉയിഗർ വംശജരും ഉണ്ടായിരുന്നുവെന്നും ഹുവാൻ വ്യക്തമാക്കുന്നു. എന്നാൽ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വില്ല പോലെയുള്ള കെട്ടിടം ജയിലായി രൂപമാറ്റം വരുത്തിയിരിക്കുന്നതാണ് ഈ കേന്ദ്രം. ഇവിടെവെച്ച് അധികൃതർ ഹുവാനെ ചോദ്യം ചെയ്യുകയും ചൈനീസ് ഭാഷയിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ശേഷം പ്രതിശ്രുത വരൻ തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്ന്‌ വ്യാജ രേഖകളുണ്ടാക്കി ഒപ്പിട്ടുവാങ്ങിയെന്നും യുവതി വിവരിക്കുന്നു. ജൂൺ എട്ടിന് മോചിതയായ യുവതി ഇപ്പോൾ നെതർലാന്റിൽ അഭയംതേടിയിരിക്കുകയാണ്. ഹോട്ടലിൽ നിന്നും കടത്തിക്കൊണ്ടുപോയി തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചതിനാൽ ‘ബ്ലാക്ക് സൈറ്റിന്റെ’ കൃത്യമായ സ്ഥാനം എവിടെയാണെന്ന് തിരിച്ചറിയാൻ യുവതിക്ക് കഴിഞ്ഞിട്ടില്ല. അസോസിയേറ്റഡ് പ്രസ്സിനും ഇത് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ പാസ്സ്പോർട്ടിലെ സ്‌റ്റാമ്പിങ് വിവരങ്ങളും ചൈനീസ് അധികൃതരുമായുള്ള ഫോൺ സംഭാഷണങ്ങളും ജയിലിൽ നിന്നും യുവതി ഒരു പാസ്റ്ററിന് അയച്ച ടെക്സ്റ്റ് മെസ്സേജുകളും മുൻനിർത്തി യുവതിയുടെ ആരോപണം മുഖവിലക്കെടുക്കാവുന്നതാണ് എന്നാണ് വിലയിരുത്തൽ.

വു ഹുവാനും (വലത്) വാങ് ജിൻഗ്യുവും ഉക്രൈനിൽ.

എന്നാൽ ഹുവാന്റെ വിവരണങ്ങൾ വാസ്‌തവ വിരുദ്ധമാണെന്നാണ് ചൈനയുടെ നിലപാട്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുഅ ഷുൻയി അസോസിയേറ്റഡ് പ്രസ്സിനോട് പ്രതികരിച്ചു. ഒരു വിദേശരാജ്യത്തിനുവേണ്ടി ചൈനീസ് യുവതിയെ പ്രാദേശിക ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു എന്ന വാദം തെറ്റാണെന്നും യുവതി സുഹൃത്തിനൊപ്പം മൂന്നുമാസം മുൻപ് തന്നെ സ്വന്തം ഇഷ്ട്ടപ്രകാരം രാജ്യത്തുനിന്നും പോയതാണെന്നും ദുബായ് പോലീസും അവകാശപ്പെടുന്നു.

ALSO READ: ‘ഉയ്‌ഗൂർ വംശഹത്യക്കുനേരെ കണ്ണടക്കാനാവില്ല’; സിൻജിയാങിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാൻ അമേരിക്ക

ചൈനയിൽ നിന്നും രക്ഷപ്പെട്ട് വിദേശങ്ങളിലേക്ക് കടന്നവരെ തിരികെയെത്തിക്കാൻ അധികൃതർ എന്തുമാർഗവും സ്വീകരിക്കുമെന്നാണ് തായ്‌വാൻ അക്കാഡെമിയ സിനികയിലെ അസിസ്റ്റൻഡ് പ്രൊഫസർ യൂ-ജീ ഷെൻ അഭിപ്രായപ്പെടുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം 1997 മുതൽ 2007 വരെ 89 ഉയിഗർ വംശജരെയാണ് ചൈന തിരികെകൊണ്ടുവന്നത്. എന്നാൽ 2014 മുതൽ ഇപ്പോൾ വരെ 1327പേരെ അധികൃതർ 20 രാജ്യങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്ത് തിരികെയെത്തിച്ചു.

രാഷ്ട്രീയ എതിരാളികളെയും ഉയിഗർ പോലെയുള്ള മതന്യൂനപക്ഷങ്ങളെയും കുറ്റാരോപിതരെയും പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ ചൈനയിൽ നിരവധിയുണ്ട്. ഏകദേശം പത്ത് ലക്ഷത്തോളം ഉയിഗർ മുസ്‌ലിം വംശജരെ മാത്രം ‘റീ എഡ്യൂക്കേഷൻ ക്യാമ്പുകൾ’ എന്ന് വിളിക്കുന്ന ഈ ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ തടവിൽ പാർപ്പിച്ച് പുറംലോകമറിയാത്ത ക്രൂരതകൾക്ക് ചൈന അവരെ വിധേയമാക്കുവെന്ന ആരോപണം വിവിധ മനുഷ്യാവകാശ ഏജൻസികൾ ഉന്നയിക്കുന്നുണ്ട്. നിർബന്ധിത വന്ധ്യംകരണത്തിനും ലൈംഗിക അതിക്രമങ്ങൾക്കും അടിമവേലക്കും ഇവരെ വിധേയരാക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

നിരവധിയാളുകൾ ഈ ക്യാമ്പുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഉയിഗർ തടവുകാരുടെയും മരിച്ചവരുടെയും എണ്ണം ഹിറ്റ്ലറിന്റെ ഹോളോകോസ്റ്റിൽ തടവിലാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ മൊത്തം ജൂതന്മാരേക്കാൾ അധികമാണെന്ന് ഉയിഗർ പ്രൊജക്റ്റ്സ് ഫൗണ്ടേഷൻ പ്രസിഡൻറും ഉയിഗർ അമേരിക്കനുമായ ഡോ. എർകിൻ സിഡിക്ക് വാദിക്കുന്നു. തീവ്രവാദ ബന്ധം ആരോപിച്ചാണ് ഉയിഗർ വംശജർക്ക് നേരെയുള്ള ചൈനീസ് നടപടി.