ലോകത്തെ ആശങ്കപ്പെടുത്തിയ ചൈനയുടെ റോക്കറ്റ് മാലി ദ്വീപിന് സമീപത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. കേരളത്തില്‍ നിന്നും 1,448 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനയുടെ ലോങ്ങ് മാര്‍ച്ച് 5 ബി യാവോ 2 റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണത്. 18 ടണ്‍ ഭാരമുള്ള റോക്കറ്റ് ഇന്ത്യക്ക് സമീപത്ത് പതിക്കുമെന്ന് അറിഞ്ഞതാകട്ടെ ഇന്ന് പുലര്‍ച്ചെയും. റോക്കറ്റ് ഇന്തൊനീഷ്യയ്ക്ക് സമീപം വീഴുമെന്നായിരുന്നു റഷ്യന്‍ സ്പേജ് ഏജന്‍സി ഇന്നലെ രാത്രി പ്രവചിച്ചത്. ലോങ്ങ് മാര്‍ച്ച് 5 ബി യാവോ 2 ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ കത്തിത്തീര്‍ന്നെന്ന് ചൈനീസ് സ്പേസ് ഏജന്‍സി പ്രതികരിച്ചു. എത്രത്തോളം അവശിഷ്ടം കടലില്‍ വീണെന്ന കാര്യം ചൈന വ്യക്തമാക്കിയിട്ടില്ല.
108 അടി ഉയരവും 21 ടണ്‍ ഭാരമുണ്ടായിരുന്ന റോക്കറ്റ് ഏപ്രില്‍ 29നാണ് ചൈന വിക്ഷേപണം നടത്തിയത്. ലോങ്ങ് മാര്‍ച്ച് 5 ബി ശ്രേണിയിലെ രണ്ടാം റോക്കറ്റായിരുന്നു ഇത്. ഉപഗ്രഹങ്ങളെയോ സ്പേസ് സ്റ്റേഷനുകളെയോ ഭ്രമണപഥത്തിലെത്തിക്കുന്ന റോക്കറ്റുകള്‍ സമുദ്രത്തില്‍ വീഴ്ത്തുകയോ ബഹിരാകാശത്ത് ഉപേക്ഷിക്കുകയോ ആണ് പതിവ്. എന്നാല്‍ ചൈനീസ് റോക്കറ്റ് ഇന്ധനം തീര്‍ന്നതിന് ശേഷം ബഹിരാകാശത്തിലൂടെ അനിയന്ത്രിതമായി സഞ്ചാരം തുടര്‍ന്നു.
ഇതോടെ ലോങ്ങ് മാര്‍ച്ച് 5 ബി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി ജനവാസ മേഖലയില്‍ വീഴുമോയെന്ന ആശങ്കയുയര്‍ന്നു. ഭയപ്പെടേണ്ടതില്ലെന്നും റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തി തീരുമെന്നുമായിരുന്ന ചൈനയുടെ വിശദീകരണം. എന്നാല്‍ റോക്കറ്റിന്റെ ഭാരവും വലുപ്പവും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടാക്കി.

ലോങ്ങ് മാര്‍ച്ച് 5 ബിയുടെ ആദ്യ റോക്കറ്റിന്റെ അവശിഷ്ടം കഴിഞ്ഞ വര്‍ഷം ഐവറി കോസ്റ്റില്‍ വീണ് കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചത് വാര്‍ത്തയായിരുന്നു. യുഎസ് സ്പേസ് ഏജന്‍സി നാസയുടെ സ്കൈ ലാബ് 1979ല്‍ ഓസ്ട്രേലിയയില്‍ വീണ അനുഭവവും ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി. റോക്കറ്റിന്റെ തിരിച്ചുവരവ് പ്രമുഖരാജ്യങ്ങളുടെ സ്പേജ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ന്യൂയോര്‍ക്ക, മാഡ്രിഡ്, ബെയ്ജിങ്ങ്, ചിലി, വെല്ലിങ്ങ്ടണ്‍, ന്യൂസിലന്‍ഡ് എന്നീ സ്ഥലങ്ങള്ക്കിടെ എവിടെ വേണമെങ്കിലും റോക്കറ്റ് വീഴാമെന്ന് വിദഗ്ധര്‍ പ്രവചിച്ചു.
അവശിഷ്ടം ജനവാസമേഖലയില്‍ വീഴാതെ കടലില്‍ വീണ് അപകടമൊഴിവായെങ്കിലും ചൈനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ചൈന നിരുത്തവാദിത്തപരമായി പെരുമാറിയെന്നും റോക്കറ്റിന്റെ അനിയന്ത്രിതമായ തിരിച്ചുവരവ് അപകടങ്ങളുണ്ടാക്കിയേനെയെന്നും നാസ ചൂണ്ടിക്കാണിക്കുന്നു.