വാടക ഗർഭധാരണം: ഒറ്റ ചിത്രം കൊണ്ട് റൂമറുകൾക്ക് വിരാമമിട്ട് ചിന്മയി

വാടക ഗർഭധാരണം സംബന്ധിച്ച കിംവദന്തികൾക്ക് വിരാമമിട്ട് ഗായിക ചിന്മയി ശ്രീപാദ. എന്തുകൊണ്ടാണ് താൻ ഇത്രയും നാൾ ഗർഭകാലത്തെ ചിത്രങ്ങൾ ഒന്നും പങ്കുവയ്ക്കാതിരുന്നത് എന്നും ഒരു വീഡിയോയിലൂടെ ചിന്മയി പറഞ്ഞു. താൻ മുൻപ് ഗർഭിണിയായിരുന്നപ്പോൾ അബോർഷൻ സംഭവിച്ചിട്ടുണ്ടെന്നും അതിനുശേഷമുള്ള തന്റെ ഭയമാണ് ചിത്രങ്ങൾ പങ്കുവയ്ക്കാതിരുന്നതിന് പിന്നിലെന്നും ചിന്മയി പറയുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ചിന്മയിക്കും രാഹുൽ രവീന്ദ്രനും ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്.

തന്റെ മക്കളായ ശ്രവസിനും ദ്രിപ്തയ്ക്കും പാലൂട്ടുന്ന ചിത്രമാണ് ചിന്മയി പങ്കുവച്ചത്. കുട്ടികളെ മുലയൂട്ടുമ്പോൾ തന്റെ മുതുകിനും തോളിനും വേദനയുണ്ടെന്നും ചിത്രത്തോടൊപ്പം ചിന്മയി കുറിച്ചു.

മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ചിന്മയിയുടെ വിശദീകരണം.

“32 ആഴ്‌ച ഗർഭിണിയായിരിക്കുമ്പോൾ ഉള്ള എന്റെ ഒരു ചിത്രം ഞാൻ ഇപ്പോൾ പോസ്‌റ്റ് ചെയ്‌തു. കൂടുതൽ ഫോട്ടോഗ്രാഫുകൾ എടുക്കാത്തതിൽ ഇപ്പോൾ എനിക്ക് അൽപ്പം ഖേദമുണ്ട്. പക്ഷേ എന്റെ യൂട്യൂബ് ചാനലിൽ ഞാൻ ഇതിനകം സൂചിപ്പിച്ചതുപോലെ, എനിക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. മുൻപൊരിക്കൽ അബോർഷൻ സംഭവിച്ചിട്ടുള്ളതിനാൽ എനിക്ക് പേടിയുണ്ടായിരുന്നു. അപ്പോഴും ഞാൻ ഡബ്ബിങ് സ്റ്റുഡിയോയിലും റിക്കോർഡിങ് സ്റ്റുഡിയോയിലും പോകാറുണ്ടായിരുന്നു. പക്ഷേ ഫോട്ടോകളൊന്നും എടുക്കരുതെന്നും എന്റെ സ്വകാര്യതയെ പൂർണ്ണമായും മാനിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിച്ചു. ഞാൻ ഒരു പ്രസ് മീറ്റിംഗ് പോലും നടത്തിയിരുന്നു. മാധ്യമങ്ങൾ എന്റെ ആവശ്യത്തെ ബഹുമാനിച്ചു. അതിനാൽ വാടക ഗർഭധാരണത്തെക്കുറിച്ചു നിരന്തരമായി ചോദ്യങ്ങൾ ചോദിക്കുന്നവരോട്, വാടക ഗർഭധാരണത്തിലൂടെയോ, ഐവിഎഫ് വഴിയോ, അല്ലെങ്കിൽ നോർമൽ, സിസറിയൻ പ്രസവത്തിലൂടെയോ ആർക്കെങ്കിലും കുഞ്ഞുണ്ടാകുന്നതിൽ ഒരു പ്രശ്നവുമില്ല. ഏതുവഴി എന്നതല്ല കാര്യം. അത് ശരിക്കും പ്രശ്നമല്ല, ഒരു അമ്മ ഒരു അമ്മയാണ്, അത് ഒരു മനുഷ്യക്കുഞ്ഞായാലും വളർത്തുമൃഗങ്ങളുടെ മാതാപിതാക്കളായാലും. അതിനാൽ വാടക ഗർഭധാരണത്തിലൂടെയാണ് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായതെന്ന് ആളുകൾ കരുതുന്നുണ്ടെങ്കിൽ ഞാൻ കാര്യമാക്കുന്നില്ല. എന്നെക്കുറിച്ചുള്ള അവരുടെ അഭിപ്രായം എന്റെ പ്രശ്നമല്ല.”

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ച വാർത്തകളും അത് സംബന്ധിച്ച അന്വേഷണവും സജീവമായ സാഹചര്യത്തിൽ കൂടിയാണ് ചിന്മയിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.