‘മുന്നണി പോരാളികള്‍ക്ക് പ്രായപരിധിയില്ല, ചട്ടലംഘനം ഉണ്ടായിട്ടില്ല’; വാക്‌സിന്‍ വിവാദത്തില്‍ മറുപടിയുമായി ചിന്ത ജെറോം

തിരുവനന്തപുരം: താന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണെന്ന് വിവാദങ്ങളില്‍ പ്രതികരിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ആദ്യഘട്ട വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടം മുന്നണി പോരാളികള്‍ക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഇതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തി എന്ന നിലയിലാണ് താന്‍ വാക്‌സിന്‍ സ്വീകരിച്ചതെന്നും ചിന്ത ജെറോം പറയുന്നു.

‘കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. 24 മണിക്കൂറും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് ഞങ്ങള്‍. സംസ്ഥാന യുവജന കമ്മീഷന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്. കേന്ദ്ര നിര്‍ദ്ദേശമനുസിച്ച് യുവജന കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചു. അതിന്റെ ഭാഗമായാണ് ഞാനും വാക്‌സിന്‍ എടുത്തത്’, ചിന്ത ജെറോം വിശദീകരിക്കുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ കേന്ദ്രം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. മറ്റ് പ്രചാരണങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനും തെറ്റിദ്ധാരണ പരത്തുന്നതിനും വേണ്ടിയാണെന്നും ചിന്ത പറഞ്ഞു.

നിലവില്‍ വാക്‌സിന്‍ നല്‍കന്നത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കെ, 32 കാരിയായ ചിന്ത ജെറോം വാക്‌സിന്‍ സ്വീകരിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രം ചിന്ത തന്നെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.