ലൂസിഫര്‍ ചിരഞ്ജീവി ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്; കാരണത്തെ കുറിച്ചും പകരം ചിത്രത്തെ കുറിച്ചും ടോളിവുഡ് നെറ്റ്

മോഹന്‍ലാല്‍ അഭിനയിച്ച് വന്‍വിജയം നേടിയ ലൂസിഫറിന്റെ തെലുങ്ക് റിമേക്കില്‍ ചിരഞ്ജീവി നായകനായെത്തുന്നു എന്ന വാര്‍ത്ത വലിയ പ്രചാരമാണ് നേടിയത്. ജനുവരിയില്‍ വലിയ ചടങ്ങോടെ ചിത്രത്തിന്റെ ലോഞ്ചിംഗും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സിനിമാ പ്രേമികളെ നിരാശപ്പെടുത്തുന്നതാണ്.

ചിരഞ്ജീവി ചിത്രത്തില്‍ നിന്നും പിന്‍മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ചിത്രത്തിന്റെ സംവിധായകരായി വന്നിരുന്ന വിവി വ്ിനായകും സുജീത്തും ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നീട് ജയം, തനി ഒരുവന്‍ ചിത്രങ്ങളുടെ സംവിധായകന്‍ മോഹന്‍ രാജ ചിത്രത്തിന്റെ സംവിധാന ചുമതല ഏറ്റെടുത്തിരുന്നു. പക്ഷെ ചിത്രത്തില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങളില്‍ തൃപ്തി വരാതെ ചിരഞ്ജീവി ചിത്രം ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്,.

ലൂസിഫര്‍ ചിത്രത്തിലെ മലയാളം സ്വഭാവം മാറ്റി തെലുങ്ക് പശ്ചാത്തലത്തിലേക്ക് മാറ്റാനാണ് സംവിധായകര്‍ ശ്രമിച്ചത്. എന്നാല്‍ ഈ മാറ്റങ്ങളില്‍ ചിരഞ്ജീവി തൃപ്തനായില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവില്‍ പുറത്തിറങ്ങാനുള്ള ആചാര്യക്ക് ശേഷം നീണ്ട അവധിയെടുക്കാനാണ് ചിരഞ്ജീവിയുടെ തീരുമാനമെന്നും ടോളിവുഡ് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് ശേഷം അജിത്ത് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.