‘ഉടന്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ’; സഹതാരങ്ങളോട് എറിക്‌സണ്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡാനിഷ് ഫെഡറേഷന്‍

ഫുട്‌ബോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ ഉറ്റുനോക്കവെ ആരോഗ്യനില വീണ്ടെടുത്ത് കളിക്കളത്തില്‍ കുഴഞ്ഞുവീണ ഡാനിഷ് മിഡ് ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. രാവിലെ എറിക്‌സണുമായി സംസാരിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു. താരം ടീമംഗങ്ങളോട് സംസാരിച്ചെന്നും സഹകളിക്കാര്‍ക്ക് ആശംസകള്‍ അയച്ചെന്നും ഡാനിഷ് എഫ്എ വ്യക്തമാക്കി.

എറിക്‌സന്റെ ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

ഡാനിഷ് എഫ് എ

ദേശീയ ടീമിനും സ്റ്റാഫിനും പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കേണ്ട പിന്തുണ ലഭിച്ചിട്ടുണ്ട്. ഇന്നലത്തെ സംഭവത്തിന് ശേഷം എല്ലാവരും പരസ്പരം താങ്ങായി നില്‍ക്കുന്നു. ആരാധകരില്‍ നിന്നും കളിക്കാരില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ഡാനിഷ്, ഇഗ്ലീഷ് രാജകുടുംബങ്ങളില്‍ നിന്നും ലഭിച്ച ഹാര്‍ദ്ദമായ സുഖാശംസകള്‍ക്ക് നന്ദി അറിയിക്കുന്നു. എല്ലാ ആശംസകളും ക്രിസ്റ്റ്യനേയും കുടുംബത്തേയും അറിയിക്കുമെന്നും ഡാനിഷ് എഫ്എ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് കുഴപ്പമൊന്നുമില്ല, ഉടന്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ’ എന്ന് ഇന്റര്‍ മിലാന്‍ മിഡ്ഫീല്‍ഡര്‍ സഹതാരങ്ങള്‍ക്ക് മെസ്സേജ് അയച്ചെന്ന് സെംപ്രെഇന്റര്‍.കോം എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് കുഴപ്പങ്ങളില്ലെന്ന് എറിക്‌സണ്‍ ക്ലബ്ബിനെ നേരിട്ട് അറിയിച്ചെന്ന് ഇന്റര്‍മിലാന്‍ സിഇഒ ബെപ്പെ മറോട്ടയും പറഞ്ഞു.

അപകടന നില തരണം ചെയ്ത കാര്യം എറിക്‌സണ്‍ പെട്ടെന്ന് തന്നെ അറിയിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു. അവന്‍ ശാന്തനായിരിക്കട്ടെ, ഇപ്പോള്‍ കൂടുതല്‍ ഇടപെടലുകള്‍ ഞങ്ങള്‍ നടത്തുന്നില്ല.

ബെപ്പെ മറോട്ട

മെഡിക്കല്‍ സംഘം എത്തുന്നതിന് മുന്നേ തന്നെ എറിക്‌സണെ റിക്കവറി പൊസിഷനിലാക്കിയ ഡെന്മാര്‍ക്ക്-എസി മിലാന്‍ ഡിഫന്‍ഡറുടെ ഇടപെടല്‍ ധീരമാണെന്നും ഇന്റര്‍മിലാന്‍ സിഇഒ കൂട്ടിച്ചേര്‍ത്തു.

കോപ്പന്‍ഹേഗനില്‍ ഫിന്‍ലന്‍ഡുമായുള്ള ആദ്യ റൗണ്ട് മത്സരത്തിനിടെ കളിക്കാരന്‍ പെട്ടെന്ന് കുഴഞ്ഞുവീണത് കാണികളിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലും ആശങ്കയുണ്ടാക്കിയിരുന്നു. ആദ്യപകുതി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം അവശേഷിക്കെയായിരുന്നു ഇത്. ഉടന്‍ തന്നെ സഹകളിക്കാരും മെഡിക്കല്‍ സംഘവും പ്രാഥമിക ശുശ്രൂഷ നല്‍കുകയും എറിക്‌സനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ തന്നെ എറിക്‌സണ് ബോധമുണ്ടായിരുന്നെന്നും സംസാരിക്കുന്നുണ്ടെന്നും യുവേഫയും ഡാനിഷ് എഫ്എയും പ്രതികരിക്കുകയുണ്ടായി.