‘ഞാന്‍ സുഖമായിരിക്കുന്നു, ഡെന്‍മാര്‍ക്കിന്റെ ചുണക്കുട്ടികളോടൊപ്പം ആര്‍പ്പുവിളിക്കാന്‍ ഞാനുമുണ്ടാവും’; ആശുപത്രിയില്‍നിന്ന് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍

ആശുപത്രിയില്‍നിന്നുള്ള സെല്‍ഫിയും മടങ്ങിയെത്തുമെന്ന സന്ദേശവും പങ്കുവെച്ച് ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. ഇപ്പോള്‍ സുഖമായിരിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പും ചിരിച്ചുള്ള ചിത്രവുമാണ് എറിക്‌സണ്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഹലോ, ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമെത്തിയ സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി. എനിക്കും കുടുംബത്തിനും അവയോരോന്നും വളരെ വലുതായിരുന്നു. ഞാന്‍ സുഖമായിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ആശുപത്രിയില്‍ ചില പരിശോധകള്‍ക്കൂടിയുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ വളരെ ഭേദപ്പെട്ട അവസ്ഥയിലാണ്. അടുത്തമത്സരങ്ങളില്‍ ഡെന്‍മാര്‍ക്കിന്റെ ചുണക്കുട്ടികള്‍ക്കൊപ്പം ആര്‍പ്പുവിളിക്കാന്‍ ഞാനുമുണ്ടാവും’, എറിക്‌സണ്‍ കുറിച്ചു.

ഫിന്‍ലെന്‍ഡിനെതിരായ മത്സരത്തിനിടെയാണ് എറിക്‌സണ്‍ കളിക്കളത്തില്‍ കുഴഞ്ഞുവീണത്. ഗ്രൗണ്ടില്‍വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കി എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം നിര്‍ത്തിവെച്ചെങ്കിലും ഇരുടീമുകളുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പുനരാരംഭിച്ച മത്സരത്തില്‍ ഡെന്‍മാര്‍ക്ക് പരാജയപ്പെട്ടു. വ്യാഴാഴ്ച ബെല്‍ജിയത്തിനെതിരെയാണ് ഡെന്‍മാര്‍ക്കിന്റെ അടുത്ത പോരാട്ടം.