ക്രിസ്റ്റഫര്‍ നൊളാന്റെ അടുത്ത പ്രൊജക്ടിന്റെ പ്രമേയം രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ് വികസിപ്പിച്ചെടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍. അണു ബോബിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമറാണ് പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമെന്ന് ‘ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍’ പറയുന്നു. നോളന് ക്യാംപ് സോണി, യൂണിവേഴ്സല്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. വാര്‍ണര്‍ ബ്രദേഴ്സും പാരമൗണ്ടുമായും ധാരണയിലെത്താനും ശ്രമങ്ങള്‍ തുടരുന്നുണ്ട്.

നോളനും വാര്‍ണേഴ്സ് സ്റ്റുഡിയോയും തമ്മില്‍ അകലുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്ത് വര്ഷവമായി വാര്‍ണര്‍ ബ്രദേഴ്സ് ആണ് നൊളാന് ചിത്രങ്ങള്‍ വിതരണത്തിനെടുത്തിരുന്നത്. ‘ടെനറ്റ്’, ‘ഡാര്‍ക് നൈറ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ വാര്ണേഴ്സിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. കൊവിഡ് കാരണം 2021ലെ ചിത്രങ്ങള്‍ മുഴുവനും തിയേറ്റര്‍, ഒടിടി, ഹോം മൂവി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യാന്‍ വാര്‍ണേഴ്സ് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ സിനിമകളുടെ അണിയറ പ്രവര്‍ത്തകരുമായോ നിര്‍മ്മാണ പങ്കാളികളുമായോ ചര്‍ച്ച ചെയ്തില്ലെന്ന വിമര്‍ശനമുണ്ട്. നോളനുമായുള്ള ബന്ധത്തില്‍ ഇടര്ച്ചയുണ്ടാകാനുള്ള ഒരു കാരണമിതാണെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.
കൊവിഡിനിടെ ‘ടെനറ്റ്’ തിയേറ്ററുകളില്‍ മാത്രമായി റിലീസ് ചെയ്യമെന്ന നോളന്റെ ആവശ്യം വാര്‍ണര്‍ ബ്രദേഴ്സ് അംഗീകരിച്ചിരുന്നു. മൂന്ന് തവണ റിലീസ് മാറ്റിവെച്ചതിന് ശേഷമാണ് തിയേറ്ററുകള്‍ പൂര്‍ണമായും തുറക്കുന്നതിന് മുന്നേ 2020 ഡിസംബറില്‍ ടെനറ്റ് സ്ക്രീനിങ്ങ് നടത്തിയത്. 200 ദശലക്ഷം ഡോളറായിരുന്നു ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍ പ്രധാന റോളിലെത്തിയ ചിത്രത്തിന്റെ ബജറ്റ്. 363 ദശലക്ഷം ഡോളര്‍ ടെനറ്റ് ബോക്സ് ഓഫീസില്‍ നേടി. കൂടുതല്‍ ആളുകള്‍ക്ക് തിയേറ്ററിലെത്താന്‍ കഴിയുന്ന കാലം വരെ റിലീസ് കുറച്ച് വൈകിച്ചിരുന്നെങ്കില്‍ കൂടുതല്‍ പണം നേടാനായേനെയെന്ന് പറയുന്നവരുണ്ട്.

നോളന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള അധികം വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര കഥാപാത്രമായെത്തുക ഐറിഷ് നടന് സിലിയന്‍ മര്ഫിയായേക്കുമെന്ന് ‘ഡെഡ്ലൈന്’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നോളന്റെ ‘ബാറ്റ്മാന് ബിഗിന്‍സ്’, ‘ഡാര്‍ക് നൈറ്റ് റൈസസ്’, ‘ഡണ്‍കിര്‍ക്’, ‘ഇന്സെപ്ഷന്’ എന്നീ ചിത്രങ്ങളില്‍ മര്‍ഫി അഭിനയിച്ചിരുന്നു. 2006ല്‍ ‘ദ വിന്‍ഡ് ദാറ്റ് ഷെയ്ക്സ് ദ ബാര്‍ലി’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മര്‍ഫി അന്തര്‍ദ്ദേശീയ ശ്രദ്ധ നേടുന്നത്. ഐറിഷ് സ്വാതന്ത്ര്യ പോരാട്ടവും ആഭ്യന്തര യുദ്ധവും പ്രമേയമാക്കിയ ചിത്രത്തിലൂടെ ഒട്ടേറെ പുരസ്കാരങ്ങളും മര്‍ഫിയെ തേടിയെത്തി. നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്ന ഗാങ്സ്റ്റര്‍ ഡ്രാമ ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ വെബ് സീരീസിന് ലോകമെമ്പാടും പ്രേക്ഷകരുണ്ട്. സിലിയന്‍ മര്‍ഫി അവതരിപ്പിക്കുന്ന തോമസ് ഷെല്ബിയാണ് സീരീസിലെ കേന്ദ്ര കഥാപാത്രം.