‘സുപ്രീം കോടതിയെ വെല്ലുവിളിക്കരുത്’; ഹിത പരിശോധനാ നിര്‍ദ്ദേശം തള്ളി ഓര്‍ത്തഡോക്സ് വിഭാഗം

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ ഹിത പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം തള്ളി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. നിയമ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസിന്റെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം പറഞ്ഞു. ഹിത പരിശോധന വിഘടനവാദം പ്രോത്സാഹിപ്പിക്കലാണ്. സുപ്രീം കോടതിവിധി സംശയ രഹിതമാണെന്നും ഓര്‍ത്തഡോക്‌സ് മെത്രാന്‍ പ്രതികരിച്ചു.

ഹിത പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ഭരണഘടനയേയും സുപ്രീം കോടതിയേയും വെല്ലുവിളിക്കലാണ്.

ഡോ. സഖറിയാസ് മാര്‍ അപ്രേം

തര്‍ക്കമുള്ള പള്ളികളില്‍ ഇടവക വിശ്വാസികളുടെ ഹിതപരിശോധന നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാര്‍ശ. സുപ്രീം കോടതിവിധി മറികടക്കാന്‍ നിയമനിര്‍മ്മാണത്തിന് സാധിക്കും. സുപ്രീം കോടതി വിധി കാരണം ഒരു വിഭാഗത്തിന് പള്ളികള്‍ നഷ്ടമാകുകയാണെന്നും കമ്മീഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞത്

“രണ്ട് നിയമങ്ങള്‍ ഞങ്ങള്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഒന്നാമത്തേത് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍. അത് സര്‍ക്കാര്‍ ആദ്യം ഓര്‍ഡിന്‍സായും പിന്നീട് നിയമസഭയിലും പാസാക്കി. ആ പ്രശ്‌നം അങ്ങനെ തീര്‍ന്നു. രണ്ടാമതായി നിര്‍മ്മിച്ചത് പള്ളിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് തീരുമാനിക്കാന്‍ വേണ്ടിയുള്ള നിയമമാണ്. പള്ളിയിലെ ഭൂരിപക്ഷം ആരാണെന്ന് തീരുമാനിക്കാന്‍ സംവിധാനമുണ്ടാക്കുന്നതിനുള്ള നിയമമാണ് നല്‍കിയത്. ഹിതപരിശോധനയെന്നു പറയുമ്പോള്‍, ഒരു പള്ളിയിലെ അംഗങ്ങളില്‍ പ്രായപൂര്‍ത്തിയായവരെ കൊണ്ട് അവര്‍ ഓരോരുത്തരും യാക്കോബായ പക്ഷത്താണോ ഓര്‍ത്തഡോക്‌സ് പക്ഷത്താണോ നില്‍ക്കുന്നതെന്ന് അറിഞ്ഞ് ഭൂരിപക്ഷം ആര്‍ക്കാണോ അവര്‍ക്ക് ആ പള്ളി വിട്ടുകൊടുക്കണം. ന്യൂനപക്ഷമായവര്‍ക്ക് ആ പള്ളിയില്‍ തുടരുകയോ വേറെ പള്ളിയിലേക്ക് മാറുകയോ ചെയ്യാം. സുപ്രീം കോടതിവിധിയുടെ പരിണിതഫലമായാണ് സെമിത്തേരി പ്രശ്‌നവും പള്ളിപിടിക്കലുമുണ്ടായത്. നിയമസഭ വഴി ഇത് മറികടക്കാമെന്ന് സുപ്രീം കോടതി വിധിയില്‍ തന്നെ പറയുന്നുണ്ട്. അല്ലെങ്കില്‍ തന്നെ ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ വിധി മറികടക്കാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്കേ സാധിക്കൂ.”