ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദേശീയാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാണാന്‍ ഡല്‍ഹിയിലെത്തി സി.ഐ.എ തലവന്‍ വില്യം ബേണ്‍സ്. ഐക്യരാഷ്ട്ര സഭ തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ ഗ്രൂപ്പിലെ നേതാവിനെയടക്കം ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ പ്രഖ്യാപനം താലിബാന് നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
ഡോവലും വില്യം ബേണ്‍സും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങളാണ് പ്രധാന ചര്‍ച്ചയായതെന്നാണ് വിവരം.
മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് അഫ്ഗാന് തലസ്ഥാനം താലിബാന് പിടിച്ചെടുത്തതിന് പിന്നാലെ കാബൂളില്‍നിന്നും നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ച രാജ്യങ്ങളില്‍ ഇന്ത്യയുമുള്പ്പെട്ടിരുന്നു. റഷ്യയും പാകിസ്താനും പക്ഷേ അവരുടെ ഉദ്യോഗസ്ഥരെ അഫ്ഗാനില്‍ത്തന്നെ നിലനിര്‍ത്തി.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ആശങ്കകളും അജിത് ഡോവലും സി.ഐ.എ തലവനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലുള്‍പ്പെടെ ഇന്ത്യയ്ക്കെതിരെ നീക്കങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനകളെ താലിബാന് അനുവദിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന് പുതിയ ഗവണ്മെന്റ് പ്രഖ്യാപിച്ചത്. പാകിസ്താനിലും അഫ്ഗാനിലുമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹക്കാനി നെറ്റ്വര്‍ക്കിന്റെ തലവന്‍ സിറാജുദ്ദീന് ഹക്കാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തിയാണ് സിറാജുദ്ദീന്. മുല്ലാ ഉമറിന്റെ മകന് മുല്ലാ മുഹമ്മദ് യാക്കൂബിനാണ് പ്രതിരോധ മന്ത്രാലയം.
താലിബാന് സ്ഥാപകന്‍ മുല്ലാ ഉമറിന്റെ വിശ്വസ്തനും പഴയ താലിബാന് സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന മുല്ലാ മുഹമ്മദ് ഹസ്സന് അഖുന്ദാണ് കാവല്‍ ഗവണ്മെന്റിന്റെ പ്രധാനമന്ത്രി. രാഷ്ട്രീയകാര്യ തലവനും മുതിര്‍ന്ന നേതാവുമായ മുല്ല അബ്ദുല്‍ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. താലിബാന് വക്താവ് സൈബുള്ള മുജാഹിദ് ചൊവ്വാഴ്ച് രാത്രിയോടെ പ്രഖ്യാപിച്ച ക്യാബിനറ്റ് പേരുകളില്‍ ഭൂരിഭാഗവും പഴയ നേതാക്കളും മുന്‍ താലിബാന് സര്‍ക്കാരിന്റെ ഭാഗമായിരുന്നവരുമാണ്. എല്ലാവരെയും ഉള്‍കൊള്ളുന്ന ഗവണ്മെന്റ് വാഗ്ദാനം ചെയ്തിരുന്ന താലിബാന് എന്നാല്‍ വനിതകളെയോ മറ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികളെയോ നിലവില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.