സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; തീരുമാനമെടുത്ത് ഉടമകള്‍

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ തിയറ്ററുകളും തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനം. തിയറ്റര്‍ ഉടമകളുടെ യോഗമാണ് തീരുമാനമെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 25 മുതല്‍ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാം എന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം പകുതി സീറ്റുകള്‍ മാത്രമായിരിക്കും കാഴ്ചക്കാര്‍ക്കായി അനുവദിക്കുക. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. വിനോദനികുതി ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

ഒന്നാംലോക്ഡൗണിന് ശേഷം ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. സമാന ഇളവ് അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നികുതി ഇളവിനൊപ്പം തിയറ്റര്‍ അടഞ്ഞുകിടന്ന മാസങ്ങളിലെ കെ.എസ്.ഇ.ബി ഡിപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കണം തുടങ്ങിയ കാര്യങ്ങളും ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. ഇതില്‍ തീരുമാനമായിട്ടില്ലെങ്കിലും തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കാം എന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തിലെ ധാരണ.