മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടെ പരോക്ഷ പ്രതികരണവുമായി നടന് വിനായകന്. ആശങ്കപ്പെടേണ്ടതില്ലെന്നും ഇവന്മാര് ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നും വിനായകന് ഫേസ്ബുക്കില്‍ കുറിച്ചു. തിയേറ്റര്‍ ഉടമകളുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിലപേശല്‍ നടത്തുന്നതിനിടെയാണ് സംസ്ഥാന അവാര്‍ഡ് ജേതാവായ നടന്റെ പ്രതികരണമെത്തിയിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ രംഗത്തെത്തിയിരുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ജനവിഭാഗമായ തിയേറ്റര്‍ ഉടമകളോട് ആന്റണി 25 കോടി ആവശ്യപ്പെടുകയാണെന്ന് സംഘടനാ നേതാവ് പറഞ്ഞു. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച് വിലപേശാനുള്ള സാധനമാണോയെന്ന് അദ്ദേഹം ചോദിച്ചു. ആദ്യം നൂറ് കോടി പറഞ്ഞു. പിന്നീട് 40 കോടി പറയുന്നു. ഒടുവില്‍ 25 കോടിയിലേക്ക് എത്തുന്നു. എത്ര വരെ പലിശയ്ക്ക് കിട്ടുമെന്ന് കണക്കെടുത്ത ശേഷമാണ് തിയേറ്റേര്‍ ഉടമകള്‍ 15 കോടിയിലേക്ക് എത്തിയത്. ഈ 15 കോടി തല്ലിപ്പിഴിഞ്ഞ് എടുക്കുന്ന കാശാണ്. ഒരു രൂപ പോലും കൂടുതലായി തരാന്‍ കഴിയില്ല. 500 സ്ക്രീനുകളും 21 ദിവസം ഫ്രീ റണ്ണും കേരളത്തില്‍ ഒരു സിനിമക്കും കിട്ടിയിട്ടില്ല. ഇതിലും വലിയ ഓഫര്‍ കൊടുക്കാനില്ല. ലക്ഷങ്ങള്‍ ഉണ്ടാക്കാം എന്ന പ്രതീക്ഷയിലല്ല തിയേറ്റര്‍ ഉടമകള്‍ ഈ ഓഫര്‍ കൊടുത്തത്. പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചാണെന്നും ഫിയോക് പ്രസിഡന്റ് വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് കെ വിജയകുമാറിന്റെ പ്രതികരണം.
മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആമസോണ്‍ പ്രൈമുമായി നിര്‍മ്മാതാവ് കരാറിലേര്‍പ്പെട്ടെന്ന് വിനോദാ വാര്‍ത്താ മാധ്യമമായ ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വീറ്റ് ചെയ്തു. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ഫിയോക്കും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വാര്‍ത്തയെത്തിയത്.
തമിഴ്-ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന പീരിയഡ് ഹിസ്റ്ററി ഡ്രാമ ഒരുക്കാന്‍ 100 കോടിയോളം രൂപ ചെലവായെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് മൂലമാണ് മാറ്റിവെയ്ക്കപ്പെട്ടത്. മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്ന ആന്റണി പെരുമ്പാവൂര്‍ ചിത്രീകരണത്തിന് മുന്‍പ് തിയേറ്റര്‍ ഉടമകളില്‍ നിന്ന് 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ അഡ്വാന്‍സ് വാങ്ങിയിരുന്നു.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിടിയിലാകും റിലീസ് ചെയ്യുകയെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയിലെ ആമസോണ്‍ പ്രൈം വീഡിയോ ഓഫീസില്‍ ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ നടന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. കൊവിഡിനേത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് മോഹന്‍ലാല്‍ ചിത്രമുണ്ടാക്കുന്ന ഇനീഷ്യല്‍ ക്രൗഡ്പുള്ളും കളക്ഷനും പുതുജീവന്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ഒടിടി റിലീസ് വാര്‍ത്തകളെത്തിയത്.
മരക്കാര്‍ ഒടിടിയിലേക്കെന്ന വാര്‍ത്ത തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലും വലിയ ചര്‍ച്ചയായിരുന്നു. ആന്റണി പെരുമ്പാവൂരിനേയും നടന് പൃഥ്വിരാജിനേയും വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ഇതിനേത്തുടര്‍ന്ന് സംഘടനാ നേതൃത്വം രഹസ്യ ബാലറ്റുപയോഗിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നു.
പകുതി പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയും രണ്ട് ഡോസ് വാക്സിനേഷന് നിര്‍ബന്ധമാക്കിയുമുള്ള പ്രദര്‍ശനത്തില്‍ വലിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ആത്മവിശ്വാസം കുറവാണ്. ജനം തിയേറ്ററുകളിലെത്തിയില്ലെങ്കില്‍ നല്ല തുടക്കം കിട്ടാതിരിക്കുമോയെന്നും നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണ്ട്.