‘പൗരന്മാരെ ട്രോള്‍ മെറ്റീരിയല്‍ ആക്കുന്നു, ഇതും സൈബര്‍ ബുളളിയിങ്ങ്’; ‘പൊലീസ് മാമന്റെ’ നിലവാരം ചില യുട്യൂബ് റോസ്റ്റര്‍മാരേക്കാള്‍ മോശമെന്ന് സിപിസി

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമ പാരഡൈസോ ക്ലബ്ബ്. പൊലീസ് ഈയിടെ പുറത്തുവിട്ട രണ്ട് വീഡിയോകള്‍ ചൂണ്ടിക്കാട്ടിയാണ് ചലച്ചിത്ര ആസ്വാദക കൂട്ടായ്മയുടെ വിമര്‍ശനം. നിയമലംഘനം നടത്തുന്നവരെ ട്രോള്‍ മെറ്റീരിയല്‍ ആക്കുന്ന പൊലീസിന്റെ നൈതികത എത്രയുണ്ടെന്ന് ആലോചിക്കണമെന്ന് സിപിസി പ്രതികരിച്ചു. ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റിലായാല്‍ അയാളുടെ ചിത്രങ്ങളും വീഡിയോയും പരിഹാസരൂപേണെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴി പങ്കുവെക്കാന്‍ പോലീസിന് കഴിയുമോ, അതിന് നിയമ സാധ്യതയുണ്ടോ എന്ന അടിസ്ഥാന ചോദ്യത്തില്‍ നിന്ന് വേണം കേരള പോലീസിന്റെ ട്രോള്‍ വിഡിയോകളെ ചോദ്യം ചെയ്തു തുടങ്ങാനെന്നും സിപിസി പറയുന്നു. നസീമുദ്ദീന്‍ എംഎന്‍ എഴുതിയ കുറിപ്പ് സിപിസിയുടെ ഫേസ്ബുക്ക് പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇങ്ങനെ പടച്ചു വിടുന്ന വിഡിയോകള്‍ക്ക് താഴെ പൊതുജനത്തിന് പ്രതിയെ തൂക്കികൊല്ലാന്‍ തുടങ്ങി, കോവിഡ് വാര്‍ഡില്‍ ക്‌ളീനിംഗ് സ്റ്റാഫ് ആക്കാനും വരെ പറയാന്‍ പാകത്തില്‍ കമന്റ് ബോക്സ് തുറന്ന് വെച്ചിട്ട് ഇന്നാട്ടില്‍ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിനെതിരെ എന്തെങ്കിലും ക്യാമ്പയിനാണ് പോലീസ് ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ചെയ്യുന്നതും മറ്റൊന്നല്ലന്ന് ഇവര്‍ എന്നാണ് തിരിച്ചറിയുക?

സിനിമ പാരഡൈസോ ക്ലബ്ബ്

കേരള പോലീസിന്റെ ട്രോള്‍ വീഡിയോകള്‍ക്ക് ഇരയാവുന്നവര്‍ സമൂഹത്തിന്റെ അണ്‍പ്രിവിലേജിഡ് സെക്ഷനുകളില്‍ നിന്നുള്ളവര്‍ മാത്രമായിരിക്കും. പോലീസിന്റെ ആ ചോയിസ് ഒട്ടും നിഷ്‌കളങ്കമല്ലെന്നു മാത്രമല്ല ഇന്റന്‍ഷണല്‍ കൂടിയാവണം. പോലീസിന്റെ ഈ ചോയ്‌സ് സ്വാഭാവികമായി സംഭവിച്ചാലും, ഇല്ലെങ്കിലും എന്ത് കൊണ്ടാണ് ചിലരെ മാത്രം ഇത്തരത്തില്‍ പ്രോജക്റ്റ് ചെയ്ത് വീഡിയോ നിര്‍മ്മിക്കുന്നതെന്നും ചോദ്യം ചെയ്യപ്പെടാതെ പൊയ്ക്കൂടാ. എന്താവും കേരള പോലീസിന്റെ ട്രോള്‍ വീഡിയോയില്‍ വരാനുള്ള മാനദണ്ഡം? പോലീസ് അറസ്റ്റ് ചെയ്യുന്നവരുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് കൈവന്ന ‘പോലീസ് മാമന്‍’ ഇമേജും ഫാന്‍ ബേസും നിലനിര്‍ത്താന്‍ ഏത് നിലവാരത്തിലേക്കും പോവാന്‍ മടിയില്ലാത്ത യൂട്യുബിലെ റോസ്റ്ററുമാരെക്കാള്‍ ഒട്ടും പിന്നിലല്ല കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ വിങ്. സ്റ്റേറ്റിന് ചെയ്യാന്‍ വേറെ ഒരുപാട് പണിയുണ്ട്, അതിനോടൊക്കെ നോട്ട് ഇന്‍ കേരള പ്രഖ്യാപിച്ചിട്ട് ഇപ്പുറത്ത് നടത്തുന്ന ലൈക്ക് യുദ്ധങ്ങള്‍ കേരള പോലീസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട്. വിഷലിപ്തമായ കണ്ടന്റുകള്‍ സൃഷ്ടിക്കുന്നവര്‍ നമുക്കിടയില്‍ വേണ്ടുവോളമുണ്ട്. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഇനിയാവശ്യമില്ലെന്നും സിപിസി വിമര്‍ശിച്ചു.

സിപിസിയുടെ പ്രസ്താവന

ഈയടുത്തായി കേരള പോലീസിന്റെ ഫേസ്ബുക്കില്‍ പേജില്‍ രണ്ട് വീഡിയോകള്‍ വന്നിരുന്നു. റോഡ് ബ്ലോക്കര്‍ ബ്രേക്ക് ചെയ്ത യുവാവിനെ കൊണ്ട് തന്നെ ചുറ്റും ലാത്തിയുമായി നിന്നും അത് നേരെയാക്കിക്കുന്ന കേരള പോലീസിന്റെ ‘സാഗര്‍ എന്ന മിത്രത്തെ നിനക്കറിയൂ, ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല’ ബിജിഎം ഇട്ട ഒന്നും, ഇന്‍സ്റ്റഗ്രാം ലൈവില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ എത്തിക്കുന്ന വീഡിയോയും. ഒരാള്‍ ടു വീലര്‍ ഓടിക്കവേ റോഡ് ബ്ലോക്കര്‍ ബ്രേക്ക് ചെയ്താല്‍ ‘ജാക്കിയെന്ന ശത്രു’ പുറത്തേക്ക് വരുന്ന കേരള പോലീസാണ് മാസങ്ങള്‍ക്ക് മുന്നേ പൗരന്മാരെ പൊതുസ്ഥലത്ത് എത്തമിടീച്ചതുമെന്ന് മറക്കരുത്.

ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നിരുന്ന് ഒരു പെണ്‍കുട്ടിയെ അധിക്ഷേപിച്ച ആളോട് ഒരു തരി പോലും അനുകമ്പയുടെ ആവശ്യമില്ല. സാമൂഹികമായും നിയമപരമായും അയാളും, അയാളുടെ രാഷ്ട്രീയവും എക്സ്പോസ് ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോഴും അയാളെ പരിഹാസ രൂപേണെ ട്രോള്‍ മെറ്റീറിയല്‍ ആകുന്ന ഒരു സ്റ്റേറ്റ് ഫോഴ്‌സിന്റെ നൈതികത എത്രയുണ്ടെന്ന് നമ്മള്‍ ഒന്നാലോചിക്കണം. ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റിലായാല്‍ അയാളുടെ ചിത്രങ്ങളും വീഡിയോയും പരിഹാസരൂപേണെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴി പങ്കുവെക്കാന്‍ പോലീസിന് കഴിയുമോ, അതിന് നിയമ സാധ്യതയുണ്ടോ എന്ന ഫണ്ടമെന്റല്‍ ചോദ്യത്തില്‍ നിന്ന് വേണം കേരള പോലീസിന്റെ ട്രോള്‍ വിഡിയോകളെ ചോദ്യം ചെയ്തു തുടങ്ങാന്‍. ഇങ്ങനെ പടച്ചു വിടുന്ന വിഡിയോകള്‍ക്ക് താഴെ പൊതുജനത്തിന് പ്രതിയെ തൂക്കികൊല്ലാന്‍ തുടങ്ങി, കോവിഡ് വാര്‍ഡില്‍ ക്‌ളീനിംഗ് സ്റ്റാഫ് ആക്കാനും വരെ പറയാന്‍ പാകത്തില്‍ കമന്റ് ബോക്സ് തുറന്ന് വെച്ചിട്ട് ഇന്നാട്ടില്‍ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിനെതിരെ എന്തെങ്കിലും ക്യാമ്പയിനാണ് പോലീസ് ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ചെയ്യുന്നതും മറ്റൊന്നല്ലന്ന് ഇവര്‍ എന്നാണ് തിരിച്ചറിയുക.

കേരള പോലീസിന്റെ ട്രോള്‍ വീഡിയോകള്‍ക്ക് ഇരയാവുന്നവര്‍ സമൂഹത്തിന്റെ അണ്‍പ്രിവിലേജിഡ് സെക്ഷനുകളില്‍ നിന്നുള്ളവര്‍ മാത്രമായിരിക്കും. പോലീസിന്റെ ആ ചോയിസ് ഒട്ടും നിഷ്‌കളങ്കമല്ലെന്നു മാത്രമല്ല ഇന്റന്‍ഷണല്‍ കൂടിയാവണം. പോലീസിന്റെ ഈ ചോയ്‌സ് സ്വാഭാവികമായി സംഭവിച്ചാലും, ഇല്ലെങ്കിലും എന്ത് കൊണ്ടാണ് ചിലരെ മാത്രം ഇത്തരത്തില്‍ പ്രോജക്റ്റ് ചെയ്ത് വീഡിയോ നിര്‍മ്മിക്കുന്നതെന്നും ചോദ്യം ചെയ്യപ്പെടാതെ പൊയ്ക്കൂടാ. എന്താവും കേരള പോലീസിന്റെ ട്രോള്‍ വീഡിയോയില്‍ വരാനുള്ള മാനദണ്ഡം?

കേരളാ പോലീസിന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ഇതാദ്യമായിട്ടല്ല നിരുത്തരവാദപരമായി കണ്ടന്റുകള്‍ പങ്കുവെക്കുന്നത്. റോസ്റ്റിങ്ങെന്ന പേരില്‍ ചില സാധു മനുഷ്യരുടെ നൃത്തച്ചുവടുകളെ വികൃതമായി കളിയാക്കുകയും, സ്ത്രീ വിരുദ്ധ കണ്ടന്റുകളോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വിഡിയോ പിന്‍വലിക്കേണ്ടിയും വന്നിട്ടുണ്ട് കേരള പോലീസിന്. ‘മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ ഏറെയും പോലീസുകാരാണ്’ എന്ന് കമന്റ് ചെയ്ത ആളുടെ വീട്ടില്‍ പോലീസുകാരുണ്ടോ എന്നാണ് കേരള പോലീസ് മറുപടി നല്‍കിയത്. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഹാന്റിലുകള്‍ നാളുകളായി ടോക്‌സിക്ക് ഇന്‍ഫ്‌ളുവന്‍സറെ പോലെയാണ് പലപ്പോഴും പെരുമാറുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നവരുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് കൈവന്ന ‘പോലീസ് മാമന്‍’ ഇമേജും ഫാന്‍ ബേസും നിലനിര്‍ത്താന്‍ ഏത് നിലവാരത്തിലേക്കും പോവാന്‍ മടിയില്ലാത്ത യൂട്യുബിലെ റോസ്റ്ററുമാരെക്കാള്‍ ഒട്ടും പിന്നിലല്ല കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ വിങ്. സ്റ്റേറ്റിന് ചെയ്യാന്‍ വേറെ ഒരുപാട് പണിയുണ്ട്, അതിനോടൊക്കെ നോട്ട് ഇന്‍ കേരള പ്രഖ്യാപിച്ചിട്ട് ഇപ്പുറത്ത് നടത്തുന്ന ലൈക്ക് യുദ്ധങ്ങള്‍ കേരള പോലീസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട്.

വിഷലിപ്തമായ കണ്ടന്റുകള്‍ സൃഷ്ടിക്കുന്നവര്‍ നമുക്കിടയില്‍ വേണ്ടുവോളമുണ്ട്. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഇനിയാവശ്യമില്ല.