‘മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ വൈകിയതില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായി’; സമ്മതിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ വൈകിയതില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായെന്ന് സമ്മതിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴുമാണ് ക്രൂരതയെ കുറിച്ച് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു യുവതിയും മാര്‍ട്ടിന്‍ ജോസഫിനെതിരെ സമാനമായ പരാതി നല്‍കിയിട്ടുണ്ട്. ആ കേസും അന്വേഷിക്കും. മാര്‍ട്ടിനെതിരെയും ഈ ഗ്രൂപ്പിനെതിരെയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കും. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

മാര്‍ട്ടിന്‍ ജോസഫിനെ കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ മുണ്ടൂര്‍ കിരാലൂരിലെ ചതുപ്പ് നിലത്തില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് മാര്‍്ട്ടിന്‍ പൊലീസ് പിടിയിലായത്.

മാര്‍ട്ടിന് ഒളിവില്‍ പോകാന്‍ സഹായിച്ച ധനേഷ്, ജോണ്‍ ജോയ്, ശ്രീരാഗ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്നും നാളെയുമായി മറൈന്‍ഡ്രൈവിനടത്തുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.