‘സികെ ശശീന്ദ്രന്റെ പക്കല്‍നിന്നുവാങ്ങിയത് കടം, അത് ഈ ലോകത്ത് നടക്കില്ലേ?’; കോഴ വാങ്ങിയിട്ടില്ല, എല്ലാം മര്യാദക്ക് അധ്വാനിച്ചുണ്ടാക്കിയതെന്ന് സികെ ജാനു

ബത്തേരി: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനില്‍നിന്നും വാങ്ങിയ പണം സിപിഐഎം എംഎല്‍എയായിരുന്ന സികെ ശശീന്ദ്രന് നല്‍കിയിരുന്നെന്ന എംഎസ്എഫ് ആരോപണം നിഷേധിച്ച് സികെ ജാനു. സികെ ശശീന്ദ്രന് നല്‍കിയത് മുമ്പ് കടം വാങ്ങിയ പണമാണ്. കോഴ വാങ്ങിയിട്ടില്ലെന്നും എല്ലാം താന്‍ അധ്വാനിച്ചുണ്ടാക്കിയതാണെന്നും സികെ ജാനു മാധ്യമങ്ങളോട് പറഞ്ഞു.

‘അങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ല. എംഎല്‍എ ശശിയേട്ടനില്‍നിന്നും ഞാന്‍ വായ്പ വാങ്ങിയ പണമാണ് തിരിച്ചുകൊടുത്തത്. ഇനിയും ഞാന്‍ ശശിയേട്ടന്റെ അടുത്തുനിന്ന് വാങ്ങും. അദ്ദേഹത്തിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ബാങ്കില്‍നിന്നും ലോണെടുത്താണ് എനിക്ക് തന്നത്. അത് ബാങ്കില്‍തന്നെയാണ് തിരിച്ചടയ്ക്കുകയും ചെയ്തത്. ഒരു ലോണെടുക്കാന്‍ കൂടി പറ്റില്ലെന്നാണോ? ഇതെന്തൊരു ലോകമാണ്?’, സികെ ജാനു ചോദിച്ചു.

എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്‍ നല്‍കിയ പണം സികെ ജാനു സിപിഐഎമ്മിന് കൊടുത്തെന്ന ആരോപണമുന്നയിച്ചത്. 480,000 രൂപ സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് കല്‍പറ്റയിലെ ബാങ്കിലെത്തി ജാനു നല്‍കിയെന്നാണ് നവാസ് വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപിച്ചത്.

മൂന്ന് ലക്ഷം രൂപ ശശീന്ദ്രനില്‍നിന്നും വായ്പയായി വാങ്ങിയിരുന്നെന്നും നേരത്തെ കാറ് വിറ്റ സമയത്ത് ഒന്നര ലക്ഷം രൂപ തിരിച്ചുകൊടുത്തെന്നും ആരോപണത്തോട് പ്രതികരിച്ച് സികെ ജാനു വ്യക്തമാക്കി. ബാക്കി കഴിഞ്ഞയിടക്കാണ് കൊടുത്തത്. അതൊന്നും കോഴവാങ്ങിയ പണമൊന്നുമല്ല. മര്യാദയ്ക്ക് അധ്വാനിച്ചുണ്ടാക്കുന്നതാണ്. വായ്പ വാങ്ങിയാലും അധ്വാനിച്ച് തിരിച്ചുകൊടുക്കും. അതാണ് സാധാരണ താന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വാഹനത്തിന്റെ അടവ് തെറ്റിയത് അടയ്ക്കാനാണ് പണം വാങ്ങിയതെന്നും സികെ ജാനു വിശദീകരിച്ചു. ‘അടവ് തെറ്റിയതുകൊണ്ട് കാര്‍ വില്‍ക്കേണ്ടി വന്നു. അങ്ങനെയാണ് ഒന്നരലക്ഷം തിരിച്ചുകൊടുത്തത്. എന്റെ പറമ്പില്‍ ആദായമുണ്ട്. കൂടാതെ, വായ്പകളും വാങ്ങാറുണ്ട്. ഞാന്‍ ആരോടെല്ലാം വായ്പ വാങ്ങുന്നുണ്ടെന്ന് ആളുകളോടെല്ലാം പറയേണ്ട എന്ത് ആവശ്യമാണുള്ളത്? വായ്പ വാങ്ങുന്നതും തിരിച്ചുകൊടുക്കുന്നതും ആളുകള്‍ സാധാരണ ചെയ്യുന്ന പ്രക്രിയ അല്ലേ? അതേ ഞാനും ചെയ്തിട്ടുള്ളു. അത് ഈ ലോകത്തില്‍ തെറ്റാണെങ്കില്‍ വായ്പ വാങ്ങുന്ന മുഴുവന്‍ ആളുകളുടെ പേരിലും കേസെടുക്കണമല്ലോ’, സികെ ജാനു ചോദിച്ചു. സികെ ശശീന്ദ്രനും താനും തമ്മിലുള്ളത് രാഷ്ട്രീയ ബന്ധമല്ലെന്നും സുഹൃദ് ബന്ധമാണെന്നും അവര്‍ വ്യക്തമാക്കി.

സികെ ജാനുവിന് പണം കടമായി നല്‍കിയതാണെന്ന് സികെ ശശീന്ദ്രനും വിശദീകരിച്ചിരുന്നു. 2019ല്‍ കാറ് വാങ്ങാന്‍ ജാനു തന്റെ പക്കല്‍നിന്നും മൂന്ന് ലക്ഷം രൂപ കടം വാങ്ങി. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. പണത്തിന്റെ ഒരു ഭാഗം നേരത്തെയും ബാക്കിയുള്ളത് മാര്‍ച്ചിലും നല്‍കിയെന്നുമാണ് അദ്ദേഹവും പറഞ്ഞത്.

നവാസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.