‘അമിത് ഷായുമായി പോലും നേരിട്ട് ബന്ധമുണ്ട്’; സാമ്പത്തിക ആരോപണങ്ങള്‍ നിഷേധിച്ച് സികെ ജാനു, ‘സുരേന്ദ്രനുമായി കാശിടപാടിന് ഇടനിലക്കാരിയെ ആവശ്യമില്ല’

ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനില്‍നിന്നും പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനു. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ സികെ പ്രസീതയുടെയും പ്രകാശന്റെയും പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘പണം വാങ്ങാനായി ഞാന്‍ ആരെയും ഏല്‍പിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലുമൊരു കാശിടപാട് സുരേന്ദ്രനുമായി നടത്തണമെങ്കില്‍ എനിക്ക് പ്രസീത എന്ന ഇടനിലക്കാരിയെ വെക്കേണ്ട ആവശ്യവുമില്ല. കേരളത്തിലെ ഏത് നേതാവുമായും നേരിട്ട് സംസാരിക്കാനുള്ള ബന്ധം എനിക്കുണ്ട്. കേന്ദ്രമന്ത്രി അമിത് ഷാ ആയിട്ടുപോലും ബന്ധമുണ്ട്. അത്തരം ബന്ധങ്ങളുള്ള എനിക്ക് ഇടനിലക്കാരിയെ വെച്ച് കാര്യങ്ങള്‍ ചെയ്യേണ്ട ആവശ്യമില്ല. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്’, സികെ ജാനു പറഞ്ഞു.

ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൊടുത്തെന്നാണ് ഉയര്‍ന്ന ആരോപണം. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ബത്തേരി സീറ്റും 10 ലക്ഷം രൂപയും തന്നാല്‍ മാത്രമേ എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കൂ എന്നതാണ് സികെ ജാനുവിന്റെ ഡിമാന്‍ഡെന്ന് പ്രസീത പറയുന്നതും കെ സുരേന്ദ്രന്‍ സമ്മതിക്കുന്നതുമാണ് ഫോണ്‍ റെക്കോഡിലുള്ളത്.

Also Read: ‘സി കെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം കൊടുത്തു’; ഫോണ്‍ സംഭാഷണം പുറത്ത്

‘ഏഴാംതീയതി വരുമ്പോള്‍ നേരിട്ട് സി കെ ജാനുവിന്റെ കൈയില്‍ കൊടുക്കാം. ഇലക്ഷന്‍ സമയത്തെ പൈസ ഡീലിങ്ങേ.. അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുനടക്കല്‍ പറ്റില്ല. ആറാം തീയതി രാവിലെ വന്നോ, ഞാന്‍ പൈസ തരാം’, എന്ന് കെ സുരേന്ദ്രന്‍ പറയുന്നതായാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിലുള്ളത്.

കൊടകര കുഴല്‍പ്പണകവര്‍ച്ചാ കേസ് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കെയാണ് കെ സുരേന്ദ്രന്‍ പണമെറിഞ്ഞ് രാഷ്ട്രീയ വിലപേശല്‍ നടത്തിയെന്ന ആരോപണമുയരുന്നത്. കുഴല്‍പണം കടത്തലുമായോ കവര്‍ച്ചയുമായോ ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പണമിടപാടുകളെല്ലാം പൂര്‍ണമായും ഡിജിറ്റലായിരുന്നെന്നും സുരേന്ദ്രന്‍ അവകാശപ്പെടുകയുണ്ടായി.