‘അപ്പോഴാണോ 10 കോടി കൊടുത്ത് ജാനുവിനെ വലവീശുന്നത്?’; ഒരു കോടി പോലും ബിജെപി വയനാട്ടില്‍ ചെലവഴിക്കില്ലെന്ന് അലി അക്ബര്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന പ്രസീത ആഴീക്കോടിന്റെ ആരോപണത്തോട് പ്രതികരിച്ച് സംവിധായകന്‍ അലി അക്ബര്‍. പത്തുകോടി പോയിട്ട് ഒരു കോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളില്‍ ബിജെപി ചിലവഴിക്കില്ലെന്ന് അലി അക്ബര്‍ പറഞ്ഞു. അഞ്ച് കോടി കൊടുത്താല്‍ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോണ്‍ഗ്രസുകാരനോ ബിജെപിയിലേക്ക് പാഞ്ഞു വരുമെന്നും സംവിധായകന്‍ പ്രതികരിച്ചു.

അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആള്‍ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നത്?

അലി അക്ബര്‍

ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍, ഭൂരിപക്ഷം ചെലവുകള്‍ പാര്‍ട്ടിയാണ് വഹിക്കുക. അത് കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷററുമായിരിക്കും. ഞാന്‍ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ, ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു ട്രഷററെ ഏല്‍പ്പിക്കുന്നു, പാര്‍ട്ടി വിശ്വസ്തതയോടെ ഏല്‍പ്പിക്കുന്ന ആളെ സ്ഥാനാര്‍ഥി സംശയിക്കേണ്ടല്ലോ. ഇതായിരുന്നു ഞാനെടുത്ത രീതി, കാരണം ഒരു സ്ഥാനാര്‍ഥിക്ക് എല്ലായിടത്തും എത്താന്‍ കഴിയില്ല. ഇത്തരം അവസ്ഥയിലായിരിക്കണം ജാനുവിന്റെ പാര്‍ട്ടി ട്രഷറര്‍ തെരഞ്ഞെടുപ്പ് ചിലവിന് ഒരു പത്തുകോടിയൊക്കെ പ്രതീക്ഷിച്ചത്. കമ്മിറ്റി ആ ആഗ്രഹം പ്രകടിപ്പിച്ചും കാണും, പത്തുകോടി പോയിട്ട് ഒരുകോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളില്‍ ബിജെപി ചിലവഴിക്കും എന്ന് തോന്നുന്നുണ്ടോ? 20/25 ലക്ഷം വരെയൊക്കെ തിരഞ്ഞെടുപ്പ് ഫണ്ട് എത്തിയാല്‍ ഭാഗ്യം, ബാക്കി ലോക്കല്‍ കളക്ഷന്‍ കിട്ടിയാല്‍ അത്രയുമായെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ് അനുഭാവിയായ അലി അക്ബര്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആകെ പോള്‍ ചെയ്ത 1.37 ലക്ഷം വോട്ടുകളില്‍ 11,537 വോട്ടുകളാണ് അലി അക്ബറിന് ലഭിച്ചത്. ഇടതുസ്വതന്ത്രന്‍ കാരാട്ട് റസാഖ് 61,033 വോട്ടുകള്‍ നേടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലീഗിന്റെ എം എ റസാഖ് 573 വോട്ടിനാണ് പരാജയപ്പെട്ടത്.