‘ഈ ഏകാധിപത്യ തീരുമാനങ്ങള്‍ ദ്വീപിനെ തകര്‍ക്കും’; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം രാജിവെച്ചു

കവരത്തി: അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ പ്രഫുല്‍ ഗോദാ പട്ടേലിനെതിരെ പ്രതിഷേധം കനക്കവെ ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പിപി മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടുപേര്‍ രാജിവെച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി.

മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുന്‍ ട്രഷറര്‍ ബി. ഷുക്കൂര്‍, മുന്‍ യൂണിറ്റ് പ്രസിഡന്റ് എംഐ മഹമൂദ്, അഗംങ്ങളായ പിപി ജംഹര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്‌സല്‍, എന്‍ റമീസ് എന്നിവരാണ് രാജി വച്ചത്. ഏകപക്ഷീയ തീരുമാനങ്ങള്‍ ലക്ഷദ്വീപിന്റെ സമാധാനത്തിന് ഹാനികരമായതുകൊണ്ടാണ് രാജിയെന്ന് ഇവര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. ബിജെപി പ്രതിനിധി കൂടിയായ പ്രഫുല്‍ പട്ടേലിന്റെ മനുഷ്യത്വവിരുദ്ധമായ നയങ്ങള്‍ അംഗീകരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

അഡ്മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ദ്വീപിലെ ബിജെപിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിലര്‍ അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ തള്ളിപ്പറയുകയും മറ്റുചിലര്‍ പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് ഭിന്നത പരസ്യമായത്.

ഇതിനിടെ ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി എച്ച്കെ മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു.. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചു. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ വരാറില്ലെന്നും മുഹമ്മദ് കാസിം വ്യക്തമാക്കുന്ന കത്താണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

Also Read: ‘പട്ടേല്‍ ഇങ്ങോട്ടേക്ക് വരാറേയില്ല, ദ്വീപില്‍ ഭരണസ്തംഭനം’; വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്ററെ കുരുക്കി ബിജെപി അധ്യക്ഷന്‍ മോഡിക്കയച്ച കത്ത് പുറത്ത്

ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണ്. 2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം മടങ്ങുന്ന പ്രവണതയാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ ആരോപിക്കുന്നു.

ലക്ഷദ്വീപിലെ കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തിയതും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് അയച്ച കത്താണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തായിരിക്കുന്നത്.

Also Read: ‘പൃഥ്വിരാജ് പച്ചപ്പണം കൈപ്പറ്റുന്നു’; അച്ഛന്റെ ഗുണഗണങ്ങളുണ്ടെങ്കില്‍ ലക്ഷദ്വീപ് പോസ്റ്റ് തിരുത്തണമെന്ന് ബി ഗോപാലകൃഷ്ണന്‍

ലക്ഷദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ആളുകളുടെ പ്രശ്ന പരിഹാരത്തിന് സംവിധാനങ്ങളില്ല. ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനരാലോചന നടത്തണമെന്നും കാസിം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.