ശ്രേയാംസ് കുമാറിനെതിരെ എല്‍ജെഡിയില്‍ പൊട്ടിത്തെറി, നാല് രാജി; ‘ചെയര്‍മാന്റെ പത്രവും ചാനലും പിണറായി വിരുദ്ധം’; കടുത്തപ്പോള്‍ ശ്രേയാംസ് ഇറങ്ങിപ്പോയി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി വന്‍ വിജയം നേടിയപ്പോഴും പാര്‍ട്ടിക്കുണ്ടായ പാരജയത്തിന് പിന്നാലെ എല്‍ജെഡിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍നിന്നും നാല് അംഗങ്ങള്‍ രാജിവെച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിനിനിന്നും എംവി ശ്രേയാംസ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ജനറല്‍ സെക്രട്ടറിമാരായ ഷേക് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് എ ശങ്കരന്‍, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി എന്നിവരാണ് രാജിവെച്ചത്. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാജി പ്രഖ്യാപനം.

യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തിയ എല്‍ജെഡി കല്‍പറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇതില്‍ കൂത്തുപറമ്പില്‍ മാത്രമാണ് ജയിക്കാനായത്. വടകരയില്‍ മനയത്ത് ചന്ദ്രനും കല്‍പറ്റയില്‍ പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാറും പരാജയപ്പെട്ടു.

കല്‍പറ്റ സീറ്റിനുവേണ്ടി ശ്രേയാംസ്‌കുമാര്‍ വാശിപിടിച്ചതാണ് പാര്‍ട്ടിക്ക് സീറ്റ് കുറയാനുള്ള കാരണണം. രാജ്യസഭാംഗമായി അധ്യക്ഷന്‍ മത്സരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അധ്യക്ഷന്‍ എന്ന നിലയില്‍ ശ്രേയാംസ്‌കുമാര്‍ ചെയ്യേണ്ടിയിരുന്നത് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമായിരുന്നു. എന്നാല്‍ മത്സരിക്കാനിറങ്ങിയതോടെ അധ്യക്ഷന്റെ ശ്രദ്ധ കല്‍പറ്റ സീറ്റില്‍ മാത്രമായൊതുങ്ങിയെന്നും കുറ്റപ്പെടുത്തലുണ്ട്.

രാജ്യസഭാ സ്ഥാനത്തിരുന്ന് മത്സരിച്ചിട്ടും സ്വന്തം മണ്ഡലം പോലും നഷ്ടപ്പെടുത്തിയെന്നും വിമര്‍ശനമുണ്ട്.

ശ്രേയാംസ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും ഒരു വിഭാഗം നേതാക്കള്‍ സ്വരം കടുപ്പിച്ചു. ചാനലും പത്രവും തോല്‍വിയില്‍ പങ്കുവഹിച്ചു. ചാനല്‍ പിണറായി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും ഇത് മുന്നണിയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നുമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

വിമര്‍ശനം കടുത്തതോടെ യോഗത്തില്‍നിന്നും ശ്രേയാംസ്‌കുമാര്‍ ഇറങ്ങിപ്പോയി. ചാനലിനെയും പത്രത്തെയും കുറിച്ചുള്ള ചര്‍ച്ച അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഇറങ്ങിപ്പോക്ക്. ഇതോടെ പത്തുമിനുട്ടോളം യോഗം നിര്‍ത്തിവെച്ചു.