‘ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികള്‍ക്ക് മുഖ്യമന്ത്രി പാദസേവ ചെയ്യുന്നു’; സിലബസ് വിവാദത്തില്‍ കെ സുധാകരന്‍; ‘എസ്എഫ്‌ഐ പിണറായിയുടെ അടിമക്കൂട്ടം’

കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സിലബസ് താത്ക്കാലികമായി മരവിപ്പിച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘപരിവാറിന് അനുകൂലമായി നിന്നു. സവര്‍ക്കറേയും ഗോള്‍വള്‍ക്കറെയും പഠിക്കണമെന്ന് പറഞ്ഞ എസ്എഫ്‌ഐയുടെ മുഖത്തേറ്റ അടി കൂടിയാണ് സമര വിജയമെന്നും സുധാകരന്‍ പ്രസ്താവിച്ചു.

എന്നാല്‍ ഏതു നിമിഷവും ഈ താല്‍ക്കാലിക മരവിപ്പിക്കല്‍ പിന്‍വലിച്ചേക്കാം. സംഘ്പരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

കെ സുധാകരന്‍

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള ആര്‍എസ്എസ് ബന്ധം കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ ആര്‍എസ്എസ് വോട്ട് വാങ്ങി തുടര്‍ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് വിജയന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിന് ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിന്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയന്റെ ശ്രമങ്ങള്‍ അപലപനീയമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിഷ്‌കാസനം ചെയ്യാനിറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് പിണറായി വിജയന്‍ കുട പിടിക്കരുത്. നമ്മുടെ കുട്ടികള്‍ക്ക് മതവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രം പഠനവിഷയമായി നല്‍കരുത്. ഇനിയും ആര്‍എസ്എസിന് കുഴലൂതുന്ന നടപടികളുമായി പിണറായി വിജയന്‍ മുന്നോട്ട് നീങ്ങിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരങ്ങള്‍. ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനേത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും പ്രതികരണം നടത്തി. സ്വാതന്ത്ര്യ സമരത്തിന് മുഖം തിരിഞ്ഞുനിന്ന നേതാക്കളെ മഹത്വവല്‍കരിക്കുന്ന സമീപനം നമുക്കില്ല. ഏത് മോശപ്പെട്ട ആശയവും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടി വരും. പക്ഷെ, മഹത്വവല്‍കരിക്കാന്‍ തയ്യാറാകരുത്. യൂണിവേഴ്‌സിറ്റി ഇപ്പോള്‍ തന്നെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് അംഗങ്ങളുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചു. ജെ പ്രഭാഷ്, ഡോ. കെ എസ് പവിത്രന്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കും. ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കും പ്രത്യേകിച്ച് ആശങ്കയോ സംശയമോ വേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

Also Read: ‘ആള്‍ത്താര വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്’; സുവിശേഷം സ്‌നേഹത്തിന്റേതാണെന്ന് യാക്കോബായ ബിഷപ്പ്