‘നാര്‍ക്കോട്ടിക്‌സിന് മതത്തിന്റെ നിറം കൊടുക്കരുത്’; സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിച്ചവരെ മഹത്വവല്‍കരിക്കില്ലെന്ന് മുഖ്യമന്ത്രി; ‘ജലീല്‍ നല്ല സഹയാത്രികന്‍’

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ നല്ല സ്വാധീന ശക്തിയുള്ള ബിഷപ്പാണ് അദ്ദേഹം. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവുണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണ്. നാര്‍ക്കോട്ടിക്‌സ് ജിഹാദ് എന്ന് ആദ്യമായി കേള്‍ക്കുകയാണ്. മുന്‍പ് ആ വാക്ക് കേട്ടിട്ടില്ല. ലഹരിമരുന്ന് സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്‌നമാണ്. എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. അത് തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തും. നാര്‍ക്കോട്ടിക്‌സിന് മതത്തിന്റെ നിറം നല്‍കരുത്. അതിന്റെ നിറം സാമൂഹിക വിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പക്ഷെ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അനാവശ്യ ചേരികള്‍ സൃഷ്ടിക്കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കണം. നമ്മുടെ നാടിന്റെ പ്രത്യേകത വെച്ച് ആ കരുതല്‍ മനസിലുണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനേത്തുടര്‍ന്നുണ്ടായ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും പ്രതികരണം നടത്തി. സ്വാതന്ത്ര്യ സമരത്തിന് മുഖം തിരിഞ്ഞുനിന്ന നേതാക്കളെ മഹത്വവല്‍കരിക്കുന്ന സമീപനം നമുക്കില്ല. ഏത് മോശപ്പെട്ട ആശയവും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടി വരും. പക്ഷെ, മഹത്വവല്‍കരിക്കാന്‍ തയ്യാറാകരുത്. യൂണിവേഴ്‌സിറ്റി ഇപ്പോള്‍ തന്നെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് അംഗങ്ങളുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചു. ജെ പ്രഭാഷ്, ഡോ. കെ എസ് പവിത്രന്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കും. ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കും പ്രത്യേകിച്ച് ആശങ്കയോ സംശയമോ വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എആര്‍ നഗര്‍ ബാങ്ക് വിവാദത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ വേണ്ടി കെ ടി ജലീലിന് മൂക്ക് കയറിടുകയാണെന്ന ആരോപണങ്ങള്‍ക്കും പിണറായി മറുപടി നല്‍കി. പികെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് നേതാവാണ്. ലീഗും കുഞ്ഞാലിക്കുട്ടിയും സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും അറിയാം. അവരോടുള്ള എല്‍ഡിഎഫ് സമീപനത്തേക്കുറിച്ചും എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ് ഇവിടെയുണ്ട്. എ ആര്‍ ബാങ്കിനെതിരേയും വകുപ്പ് നടപടിയെടുക്കുന്നുണ്ട്. അതിന് ഇ ഡി വരേണ്ട സാഹചര്യമില്ല. ഞാന്‍ ഇ ഡി വരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് താന്‍ ഉന്നയിച്ചതെന്നും ജലീല്‍ പറഞ്ഞു. വ്യാഖ്യാന തല്‍പരരായ ആളുകളായ ചിലര്‍ ജലീലിനെ സിപിഐഎം എന്തോ തള്ളിയെന്ന തരത്തില്‍ പ്രചരണം നടത്തുന്നു. അത് ജലീലിനെ തള്ളലല്ല. അദ്ദേഹം സിപിഐഎമ്മിന്റേയും എല്‍ഡിഎഫിന്റേയും നല്ലൊരു സഹയാത്രികനാണ്. അക്കാര്യത്തില്‍ അണുകിട സംശയമില്ല. കെ ടി ജലീല്‍ സ്വീകരിച്ച നിലപാടിനേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹമത് വ്യക്തമാക്കുകയും ചെയ്തു. വ്യക്തിപരമായി ആരും അതിനെ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: ‘മുഖ്യമന്ത്രിയുടെ മൗനം വര്‍ഗീയ പ്രചരണത്തേക്കാള്‍ ക്രൂരം’; ബിഷപ്പിന്റെ പ്രസ്താവന സിപിഐഎം ധ്രുവീകരണ അജണ്ടയുടെ പ്രതിഫലനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി