‘ഒരു സന്നദ്ധസംഘടനയ്ക്കും വാഹനപരിശോധനക്ക് അനുമതിയില്ല, പ്രോത്സാഹിപ്പിക്കുകയുമില്ല’; സേവാഭാരതിയുടെ വാഹനപരിശോധനയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് പൊലീസിനൊപ്പം സംഘ്പരിവാര്‍ സംഘടനയായ സേവാഭാരതി പ്രവര്‍ത്തകര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സന്നദ്ധസംഘടനയ്ക്കും വാഹനപരിശോധനക്ക് അനുമതിയില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. സന്നദ്ധ സംഘടനകള്‍ ധാരാളമുണ്ട്. പക്ഷേ, സര്‍ക്കാര്‍ തന്നെ സന്നദ്ധ സംഘടനകളെ ക്ഷണിച്ച് രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ക്ക് പോകാനുള്ള അനുമതി. അതോടൊപ്പം പൊലീസ് സേനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാരെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയില്‍പെട്ടവരല്ല. സമൂഹത്തില്‍ പ്രവര്‍ത്തന സന്നദ്ധരായി വരുന്ന ആളുകളാണ്. അവര്‍ക്ക് രാഷ്ട്രീമായോ മറ്റോ ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാനാവില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കുകയുമില്ല’, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പൊലീസിനെ സഹായിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ സംഘടനയുടെ ബനിയനിട്ട് വന്നതാണ് പ്രശ്നമായതെന്ന് ടൗണ്‍ സൗത്ത് സിഐ ജോയ് ന്യൂസ്റപ്റ്റിനോട് പ്രതികരിച്ചു. മുനിസിപ്പാലിറ്റി-പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരോട് ആവശ്യപ്പെടുന്നതിന് അനുസരിച്ച് അവര്‍ നിര്‍ദ്ദേശിച്ച് അയക്കുന്നവരെയാണ് പൊലീസ് ലോക്ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം കൂട്ടുന്നതെന്നും സിഐ പറഞ്ഞു.

”പൊലീസിന്റെ അംഗസംഖ്യ കുറവുവന്നതുകൊണ്ട് ഞങ്ങള്‍ കുറച്ച് വൊളന്റിയേഴ്സിനെ ആവശ്യപ്പെട്ടു. അറുപതോളം വളന്റിയര്‍മാരുണ്ടായിരുന്നു. അവരില്‍ രണ്ട് പേര്‍ പ്രത്യേക ഡ്രസ് ഇട്ട് വന്നു. അതൊരു വീഴ്ച്ചയായി വന്നപ്പോള്‍, പരാതി വന്നപ്പോള്‍ തന്നെ അവരെ മാറ്റി. പൊലീസ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ആവശ്യപ്പെട്ടാണ് സന്നദ്ധ പ്രവര്‍ത്തകരെ എടുക്കുക. കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ വന്നതാണ് അവര്‍. പാര്‍ട്ടി നോക്കിയല്ല സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. നിങ്ങള്‍ ആര്‍എസ്എസുകാരനാണോ സിപിഐഎമ്മുകാരനാണോ കോണ്‍ഗ്രസുകാരനാണോ എന്ന് ചോദിച്ച് അവരെ എടുക്കാന്‍ കഴിയില്ല. വാര്‍ഡ് മെമ്പര്‍ തരുന്നതിന് അനുസരിച്ചാണ് ആളുകളെ എടുക്കുന്നത്. ബനിയന്‍ മാത്രമാണ് പ്രശ്നമായത്. ഇങ്ങനൊരു നിറമുണ്ടാകുമെന്ന് അറിയില്ലായിരുന്നു. പൊലീസിന് ആരോടും പ്രത്യേക താല്‍പര്യങ്ങള്‍ വെയ്ക്കേണ്ട കാര്യമില്ല.’

പൊലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സേവാഭാരതി പാലക്കാട് എന്നെഴുതിയ ടീഷര്‍ട്ടും കാക്കി പാന്റും ധരിച്ചായിരുന്നു സംഘടനാ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും പ്രവര്‍ത്തകര്‍ യാത്രക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാസ്‌ക് മുഖത്തുനിന്നും താഴ്ത്തിവെച്ചും ദേഹത്ത് സ്പര്‍ശിച്ചുമാണ് യാത്രക്കാരോട് സംസാരിക്കുന്നത്. വിമര്‍ശനം കടുത്തതോടെ ഇവരെ ഉപയോഗിച്ചുള്ള പരിശോധന പൊലീസ് നിര്‍ത്തിവെച്ചു.