‘മുഖ്യമന്ത്രി പിണറായി വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനെങ്കിലും ആയേനെ’; കര്‍ദ്ദിനാള്‍ ആലഞ്ചേരി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ ഉറപ്പായും ഒരു മെത്രാനെങ്കിലും ആകുമായിരുന്നെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു മെത്രാനായി തീരുമെന്ന്. പോകുന്ന വഴി കേട്ടോട്ടെ എന്ന് കരുതിയാണ് ഞാന്‍ പറഞ്ഞത്.

കര്‍ദിനാള്‍ ആലഞ്ചേരി

ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഫാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കവും മുഖ്യമന്ത്രി പങ്കുവെച്ചു. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജീവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആത്മീയതയും ഭൗതികതയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞ മഹദ് വ്യക്തിയാണ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്. സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ഏറെ പങ്കുവഹിച്ചു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് ശേഷം കര്‍ദിനാള്‍ ആലഞ്ചേരിയാണ് പ്രസംഗിക്കാന്‍ എഴുന്നേറ്റത്. സഭയേക്കുറിച്ചും ബൈബിളിനേക്കുറിച്ചുമുള്ള മുഖ്യമന്ത്രിയുടെ അവഗാഹം പരാമര്‍ശിച്ചുകൊണ്ട് കര്‍ദിനാള്‍ സംസാരിച്ചുതുടങ്ങി. മറ്റ് പരിപാടികളുടെ തിരക്കുള്ളതിനാല്‍ മുഖ്യമന്ത്രി അപ്പോഴേക്കും വേദി വിട്ടിരുന്നു.