സംസ്ഥാനത്ത് ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. തെളിയിക്കപ്പെടാത്ത നുണകള്‍ ബിഷപ്പിനെപ്പോലുള്ളവര്‍ പറഞ്ഞു പരത്തുന്നത് ഗൗരവത്തിലെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി സിപിഐഎം ആരംഭിച്ച മുസ്ലിം വിരോധ സാമുദായിക ധ്രുവീകരണ അജണ്ടയുടെ പ്രതിഫലനം കൂടിയാണിതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.
എല്ലാം മുസ്ലീംകള്‍ കൊണ്ടുപോകുന്നുവെന്നും മദ്രസ അധ്യാപകര്‍ക്ക് വരെ ശമ്പളം കൊടുക്കുന്നുവെന്നും കേരളീയ സമൂഹത്തില്‍ ക്രൈസ്തവ മത നേതാക്കള്‍ തന്നെ നുണ പ്രചാരണം നടത്തിയപ്പോള്‍ വസ്തുത വെളിപ്പെടുത്തേണ്ടുന്ന മുഖ്യമന്ത്രി മൗനം പാലിച്ചു.
ഹമീദ് വാണിയമ്പലം
ഈ പ്രചാരണം നടക്കുമ്പോള്‍ മദ്രസകള്‍ പൂട്ടി പട്ടിണിയിലായ ഉസ്താദുമാര്‍ നാരങ്ങാകച്ചവടം നടത്തുന്നത് തെരുവിലെ പതിവ് കാഴ്ചയായിരുന്നു. വര്‍ഗീയ പ്രചാരണത്തേക്കാള്‍ ക്രൂരമായിരുന്നു അന്നത്തെ ഭരണകൂട മൗനം. പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രസ്താവനയോട് മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാകണം. ക്രൈസ്തവ വോട്ടുബാങ്കാണോ അതോ കേരളത്തിന്റെ സൗഹൃദാന്തരീക്ഷമാണോ നിങ്ങള്‍ക്ക് വലുതെന്നറിയാന് കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
നുണ നിര്‍മ്മിതിയിലൂടെ വിരോധം വളര്‍ത്തിയെടുത്ത് ഉത്തരേന്ത്യന്‍ മോഡല്‍ മുസ്ലിംകള്ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നാളെ കേരളത്തിലും ആവര്‍ത്തിക്കാനുളള മരുന്നിട്ട് കൊടുക്കലാണിത്. അന്ന് സംരക്ഷകരായി മോങ്ങിയിട്ട് കാര്യമുണ്ടാകില്ല. ഇതില്‍ നിങ്ങളുടെ മൗനത്തിനു കൂടി പങ്കുണ്ടായിരിക്കുമെന്ന് മുന്‍കൂട്ടി തന്നെ ഇവിടെ എഴുതി വെക്കുന്നു. ആര്‍എസ്എസ് സ്വന്തമായിട്ട് മാത്രമല്ല വളരുക, അത് സിപിഐഎമ്മിലൂടെയും കോണ്‍ഗ്രസിലൂടെയും പാത്തും പതുങ്ങിയും വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. ആര്‍എസ്എസ് നിങ്ങളുടെ അണികളെ തന്നെയും കൊണ്ടുപോകും.
മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഫാഷിസ വിരുദ്ധ പോരാട്ടം. അല്ലാതെ അവരാരും സോഷ്യലിസവും കമ്മ്യൂണിസവും വേറെ പഠിക്കാനൊന്നും പോകുന്നില്ല. അതോ ഞങ്ങള്‍ തന്നെയങ്ങ് സംഘിയാവാം എന്നാണ് തീരുമാനമെങ്കില്‍ അതങ്ങ് നേരെ ചൊവ്വെ പറയണം. ഈ മിണ്ടാതിരിക്കലിന് കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് കൂട്ടിച്ചേര്‍ത്തു.
പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തി. കേരളത്തിലെ സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ലിംഗമോ ഇല്ല. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണ വിവേചനത്തിന് തുല്യമാണ്. മതമേലദ്ധ്യക്ഷന്മാര് സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. വെളിച്ചം പകരേണ്ട ആത്മീയ നേതൃത്വം കൂരിരുട്ട് പടര്‍ത്തുകയല്ല വേണ്ടത്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പ്രസ്താവിച്ചു. സത്യം മൂടിവെയ്ക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണ്. ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് സാമുദായിക വിഷയം മാത്രമല്ല. ലൗജിഹാദിലൂടെ ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റേയും ഭൂരിപക്ഷ സമുദായങ്ങളുടേയും ആശങ്ക സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും കൃഷ്ദാസ് പറഞ്ഞു.