ആത്മനിർഭർ ക്ഷാമം: രാജ്യത്തെ ഇരുട്ടിലാക്കിയേക്കാവുന്ന കൽക്കരി പ്രതിസന്ധി സർക്കാർ സൃഷ്ടിയോ?

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ കനത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കൊവിഡിൽ നിന്നും കരകയറുന്ന ഇന്ത്യൻ സാമ്പത്തിക രംഗം. ആകെ വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്ന ഇന്ത്യയുടെ കൽക്കരി-അധിഷ്ഠിത നിലയങ്ങൾ ഏതാണ്ട് പൂർണമായും നിലയ്ക്കുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കേന്ദ്രസർക്കാർ മേൽനോട്ടത്തിലുള്ള 135 താപനിലയങ്ങളിൽ 115 എണ്ണവും ‘ഗുരുതരമായ കൽക്കരി ക്ഷാമമാണ്’ നേരിടുന്നത്. ഇതിൽ 70 നിലയങ്ങളിൽ നാല് ദിവസത്തെ ഉല്പാദനത്തിനുള്ള കൽക്കരി ശേഖരം മാത്രമാണ് ബാക്കിയുള്ളത്. കൽക്കരിക്ഷാമം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പടെയുള്ള നിരവധി പ്രദേശങ്ങളും വരും ദിവസങ്ങളിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് ചെന്നെത്തും.

രാജസ്ഥാൻ, ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിലവിൽ തന്നെ 14 മണിക്കൂർ ലോഡ് ഷെഡിങ്ങാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ 13 നിലയങ്ങളും പഞ്ചാബിൽ മൂന്നെണ്ണവും പ്രവർത്തനം അവസാനിപ്പിക്കുകയും ജനങ്ങളോട് വൈദ്യുതി മിതമായി ഉപയോഗിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ആറ് മണിക്കൂറോളം പവർ കട്ട് ഏർപ്പെടുത്തേണ്ടിവരുമെന്ന് പഞ്ചാബ് മുന്നറിയിപ്പ് നൽകി. അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ രാജ്യതലസ്ഥാനം ഇരുളിലാകുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞാൽ കേരളവും നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതമാകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടിയും വ്യക്തമാക്കി.

എന്തുകൊണ്ട് അപ്രതീക്ഷിത പ്രതിസന്ധി?

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ 70 ശതമാനവും കൽക്കരി അധിഷ്‌ഠിത താപനിലയങ്ങളിൽ നിന്നാണ്. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക- വാണിജ്യ രംഗം ഉണർന്നതോടെ അധികരിച്ച വൈദ്യുതി ഉപഭോഗത്തിനനുസരിച്ച് കൽക്കരി ലഭ്യമാകാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയർത്തിക്കാണിക്കപ്പെടുന്നത്. ഓഗസ്റ്റ് മാസം മാത്രം കഴിഞ്ഞവർഷത്തേക്കാൾ 19 ശതമാനത്തിന്റെ അധിക വൈദ്യുതി ആവശ്യകതയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പ്രധാന കൽക്കരി ഖനന മേഖലകളിൽ മഴ ശക്തിപ്പെട്ടതോടെ ഉത്പാദനം വർധിപ്പിക്കാനോ ഖനനം ചെയ്‌ത കൽക്കരി സംസ്‌കരണ കേന്ദ്രങ്ങളിലേക്കോ വൈദ്യുതി നിലയങ്ങളിലേക്കോ എത്തിക്കാനോ കഴിയാത്ത സ്ഥിതിയായി എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

അന്താരാഷ്ട്ര മാർക്കറ്റിൽ കൽക്കരിയുടെ വില കുതിച്ചുയർന്നതോടെ ഇറക്കുമതിയും പ്രതിസന്ധിയിലായി. 40 ശതമാനത്തിന്റെ വിലവർധനവാണ്‌ ഈ കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. തുടർന്ന് ഇറക്കുമതി രണ്ടുവർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ഈ പശ്ചാത്തലത്തിൽ നേരത്തെ കൽക്കരി ഇറക്കുമതി ചെയ്‌തിരുന്ന വൈദ്യുതി നിലയങ്ങൾ കൂടി ആഭ്യന്തര ഉത്പാദനത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. മുൻവർഷങ്ങളിൽ മൺസൂൺ കനക്കുമ്പോഴുണ്ടാകുന്ന ഖനന പ്രതിസന്ധികൾ മറികടന്നിരുന്നത് ഇറക്കുമതിയെ ആശ്രയിച്ചായിരുന്നു. എന്നാൽ വിലക്കയറ്റം അതിനെയും പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. കൽക്കരി ഇറക്കുമതി രാജ്യങ്ങളിൽ ലോകത്ത് രണ്ടാമനാണ് ഇന്ത്യ.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര പവർ സ്റ്റേഷൻ, ജാർഖണ്ഡ്

എന്നാൽ നിലവിലെ അപ്രതീക്ഷിത ലഭ്യതക്കുറവല്ല പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്‌ധാഭിപ്രായം. കൊവിഡാനന്തര അധികഉപഭോഗം മുൻകൂട്ടിക്കണ്ട് ആവശ്യമായ തോതിൽ കൽക്കരി ശേഖരിച്ച് വെയ്ക്കാൻ കോൾ ഇന്ത്യ ലിമിറ്റഡ് പരാജയപ്പെട്ടതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. 2019ലെ ഒരു ശതമാനം ഇടിവ് ഒഴിച്ചാൽ കഴിഞ്ഞ ഇരുപത് വർഷവും ഇന്ത്യയിലെ കൽക്കരി ഉത്പാദനം വർധിക്കുകയാണ് ഉണ്ടായതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ‘ഖനന പ്രതിസന്ധിയല്ല നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത്. മറിച്ച് ഉത്പാദകരുടേയും ഊർജ്ജ നിയന്ത്രകരുടെയും ദീർഘവീക്ഷണമില്ലായ്മയും, കൃത്യമായ പദ്ധതികളുടെ അഭാവവുമാണ് കാര്യങ്ങൾ ഗുരുതരമാക്കിയത്,’ എന്നാണ് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ളീൻ എയറിലെ സുനിൽ ദഹിയ അഭിപ്രായപ്പെടുന്നത്.

സാമ്പത്തിക രംഗം കരകയറുന്നതിന്റെ ലക്ഷണങ്ങൾ മാസങ്ങൾക്ക് മുൻപേ തന്നെ പ്രകടമായിരുന്നുവെന്നും ഊർജലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നുവെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി എക്കണോമിക്സിലെ മുതിർന്ന സാമ്പത്തിക വിദഗ്‌ധ വിഭൂതി ഗാർഗ് അഭിപ്രായപ്പെടുന്നത്. രാജ്യത്ത് പുനരുപയോഗ ഊർജ്ജ സ്രോതസുകളുടെ നിർമാണവും പ്രോത്സാഹനവും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താഴേക്ക് പോയെന്നും സൗര, വായു, ജല ഊർജ്ജസ്രോതസുകളെ പൂർണസജ്ജമാക്കിയിരുന്നുവെങ്കിൽ നിലവിലെ പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാൻ സാധിക്കുമായിരുന്നുവെന്നും ഗാർഗ് ചൂണ്ടിക്കാട്ടുന്നു.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി കൽക്കരി ഇറക്കുമതി വെട്ടിച്ചുരുക്കിയതും പ്രതിസന്ധിയിൽക്ക് നയിക്കാൻ കാരണമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര കൽക്കരി ഉത്പാദനം ഒരു ബില്യണിലേക്ക് ഉയർത്തി 2023-24-ലോടെ ഇറക്കുമതി പൂർണമായും നിർത്തലാക്കുമെന്നാണ് കേന്ദ്ര കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മുൻ വർഷങ്ങളിൽ മൺസൂൺ പ്രതിസന്ധിയുണ്ടാകുമ്പോൾ ഇറക്കുമതി അധികരിപ്പിച്ച് അതിനെ മറികടക്കുന്ന രീതി ഇതുപ്രകാരം തുടരാതിരുന്നതും സാഹചര്യം രൂക്ഷമാക്കി എന്ന വിലയിരുത്തലുണ്ട്.

പ്രഹ്ളാദ് ജോഷി, കേന്ദ്ര കൽക്കരി മന്ത്രി

കരകയറുന്ന രാജ്യം കൂപ്പുകുത്തുമോ?

കൊവിഡ് പ്രതിസന്ധികൾ തരണം ചെയ്‌തുതുടങ്ങിയ സാഹചര്യത്തിലെ ഊർജ്ജ പ്രതിസന്ധി സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ. അടുത്ത അഞ്ചുമുതൽ ആറുമാസം വരെയുള്ള കാലയളവ് വലിയ പ്രതിസന്ധിയുടേതായിരിക്കുമെന്നും ശക്തമായ തീരുമാനങ്ങളിലൂടെ മാത്രമേ മറികടക്കാൻ കഴിയുകയുള്ളു എന്നുമാണ് ഊർജ്ജ മന്ത്രി ആർ.കെ സിങ് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ആശങ്കയുളവാക്കുന്നതാണ് സാഹചര്യമെന്ന് പേരുവെളിപ്പെടുത്താത്ത മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനും ബി.ബി.സിയോട് അഭിപ്രായപ്പെട്ടു. സ്ഥിതി തുടരുകയാണെകിൽ ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഇക്കണോമി കരകയറാൻ ഏറെ ബുദ്ധിമുട്ടുമെന്ന് കോൾ ഇന്ത്യ ലിമിറ്റഡ് മുൻ അധ്യക്ഷ സൊഹ്‌റാ ചാറ്റർജ്ജിയും അഭിപ്രായപ്പെടുന്നു.

എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് കൽക്കരി ഉത്പാദനത്തിലും വിതരണത്തിലും വർദ്ധനവുണ്ടായിട്ടും ആവശ്യത്തിന് ഊർജമുറപ്പാക്കാൻ കഴിയാതിരുന്നത് വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വേഗതയിൽ സാമ്പത്തിക രംഗം തിരികെവന്നതിനാലാണെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.

കേന്ദ്രസർക്കാർ ഇടപെടലുകളെന്ത്?

കൽക്കരി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അനാവശ്യ കോലാഹലങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും രാജ്യത്ത് കൽക്കരി ക്ഷാമമെന്ന സാഹചര്യം ഉണ്ടാകില്ലെന്നുമാണ് കേന്ദ്ര കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെടുന്നത്. കനത്ത മഴയും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും ചൂണ്ടിക്കാട്ടിയ മന്ത്രി ദിവസങ്ങൾക്കുള്ളിൽ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും അവകാശപ്പെട്ടു. അടിയന്തിര നടപടിയായി ആഭ്യന്തര കൽക്കരിയോടൊപ്പം ഉപയോഗിക്കാൻ കഴിയുന്ന സമാന ഗ്രേഡിലുള്ള കൽക്കരി വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ ഉല്പാദകർക്ക് അനുമതി നൽകിയിട്ടുണ്ട്.

കോൾ ഇന്ത്യയിൽ നിന്നും ആവശ്യാനുസരണം കൽക്കരി സംഭരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ജനുവരിയിൽതന്നെ ആവശ്യപ്പെട്ടിരുന്നു എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി നൽകുന്ന റിപ്പോർട്ട്. സംസ്ഥാനങ്ങൾ ആവശ്യാനുസരണം ഖനനം വർധിപ്പിക്കുന്നില്ല എന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. വരുന്ന അഞ്ചുദിവസത്തിനുളിൽ 1.94 ദശലക്ഷം ടണ്ണിൽ നിന്നും 2 ദശലക്ഷം ടണ്ണിലേക്ക് കൽക്കരി ഉത്പാദനം അടിയന്തിരമായി വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി.

എന്നാൽ നിലവിലെ പ്രതിസന്ധി മുതലെടുത്ത് ചട്ടങ്ങൾ ലംഘിച്ചും, പാരിസ്ഥിതിക നിർദേശങ്ങൾ മറികടന്നും കൂടുതൽ ഖനനാനുമതി നൽകാൻ കേന്ദ്രസർക്കാർ തയാറായേക്കുമെന്നും ഒരു വിഭാഗം വിദഗ്‌ധർ ആശങ്കപ്പെടുന്നു.