ഡെന്നീസ് ജോസഫിന്റെ അവസാന തിരക്കഥയുടെ പ്രമേയം ഡ്രഗ് മാഫിയ; ആദ്യ പേജ് പങ്കുവെച്ച് ഒമര്‍ലുലു

ഡെന്നീസ് ജോസഫ് അവസാനമായെഴുതിയ തിരക്കഥയുടെ ഒന്നാം പേജ് പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. തിരക്കഥാകൃത്തിന്റെ വീട്ടില്‍ പോയി കൈയ്യെഴുത്ത് പ്രതി വാങ്ങിയ ശേഷമാണ് ഒമറിന്റെ പ്രതികരണം. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിന്റെ തിരക്കഥ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഡെന്നീസ് ജോസഫിന്റെ മരണം. അധോലോക നായകന്‍മാരേയും മാഫിയസംഘങ്ങളേയും പശ്ചാത്തലമാക്കി നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച ഡെന്നീസ് ജോസഫിന്റെ അവസാന തിരക്കഥയുടെ പ്രമേയം മയക്കുമരുന്ന് ലോകമാണെന്ന സൂചനയാണ് ആദ്യ പേജ് നല്‍കുന്നത്.

ഇന്നലെ ഡെന്നീസ് ജോസഫ് സാറിന്റെ വീട്ടില്‍ പോയി പവര്‍ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് വാങ്ങി. എന്റെ ജീവിതത്തില്‍ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവും എല്ലാം.

ഒമര്‍ ലുലു

2020 ഓഗസ്റ്റ് 17ന് എഴുതിത്തുടങ്ങിയ സ്‌ക്രിപ്റ്റിലെ ആദ്യ സീന്‍ മയക്കുമരുന്നുകളേക്കുറിച്ച് നാര്‍ക്കോട്ടിക് ഓഫീസര്‍ സമുദ്രപാണ്ഡ്യന്‍ ടിവിയില്‍ നടത്തുന്ന പ്രതികരണമാണ്. സമുദ്ര പാണ്ഡ്യന്‍ എന്ന പേരില്‍ അടിവരയിട്ട ശേഷം ഡെന്നീസ് ജോസഫ് വെങ്കട്ട് പ്രഭു എന്ന് മുകളില്‍ എഴുതിയിട്ടുണ്ട്. തമിഴ് സിനിമാ സംവിധായകനും നടനുമായ വെങ്കട്ട് പ്രഭുവിനെയാണോ സമുദ്ര പാണ്ഡ്യനെ അവതരിപ്പിക്കാന്‍ അദ്ദേഹം മനസില്‍ കണ്ടതെന്ന് വ്യക്തമല്ല.