ലക്ഷദ്വീപില്‍ നാളികേര ഷെഡ്ഡുകളും പൊളിക്കാന്‍ ഉത്തരവ്, നിയമനടപടിക്കൊരുങ്ങി കര്‍ഷകര്‍

ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്. പ്രതിഷേധവുമായി ബംഗാര ദ്വീപിലെ കര്‍ഷകര്‍. കോടതിയെ സമീപിക്കും. ബംഗാരയില്‍ നടപ്പിലാക്കുന്ന ടൂറിസം വികസന നടപടിയുടെ ഭാഗമായാണിത്.

അമ്പത് വര്‍ഷം മുമ്പ, 1985ല്‍ സ്ഥാപിച്ച ഷെഡുകള്‍ പൊളിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഷെഡുകള്‍ ഉടനടി പൊളിച്ചു നീക്കണമെന്ന ഉത്തരവ് മാര്‍ച്ച് 30നാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഈ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ദ്വീപിലെ നാളികേര കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവയൊന്നും അനധികൃതമല്ലെന്നും നിയമവിരുദ്ധമായി സ്ഥാപിച്ചവയല്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, തങ്ങളുടെ ഉപജീവനവുമായി ബന്ധപ്പെട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

നേരത്തെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഷെഡുകളും ഭരണകൂടം മുന്നറിയിപ്പുകളില്ലാതെ പൊളിച്ചുനീക്കയിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.

Also Read: ലക്ഷദ്വീപില്‍ സന്ദര്‍ശകര്‍ക്ക് അടിയന്തിര വിലക്ക്; ഉത്തരവ് കോണ്‍ഗ്രസ് എംപിമാര്‍ ദ്വീപ് സന്ദര്‍ശിക്കാനിരിക്കെ

വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സന്ദര്‍ശകപാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.

ലക്ഷദ്വീപിലെ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘം ദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കവെയാണ് കേന്ദ്രത്തിന്റെ അടിയന്തിര ഉത്തരവ്. ശനിയാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിത്തുടങ്ങുകയാണ്. ലക്ഷദ്വീപില്‍ കേന്ദ്രം നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകരെ വിലക്കിയിരിക്കുന്നത്.