സമൂഹ മനസാക്ഷി സൂരജിന് വധശിക്ഷ ആവശ്യപ്പെടുന്നെന്ന പരാമര്‍ശം; സര്‍ക്കാര്‍ അഭിഭാഷകന്‍ ജി മോഹന്‍രാജിനെതിരെ വിമര്‍ശനം

ഉത്ര വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സൂരജിന് സമൂഹ മനസാക്ഷി വധശിക്ഷ ആവശ്യപ്പെടുന്നെന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ പ്രസ്താവന വിവാദത്തില്‍. പൊതുബോധത്തിന്റെ കൊലവിളികള്‍ക്കും ആള്‍ക്കൂട്ട ആക്രോശങ്ങള്‍ക്കും വിധേയനായി വികാരങ്ങള്‍ക്ക് അടിപ്പെടുകയല്ല സര്‍ക്കാര്‍ അഭിഭാഷകന്‍ ചെയ്യേണ്ടിയിരുന്നതെന്ന വിമര്‍ശനവുമായി ഒരു വിഭാഗമാളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ശിക്ഷ പ്രസ്താവിക്കുന്നതിന് മുന്‍പ് ജി മോഹന്‍രാജ് മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണമാണ് വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്.

സര്‍ക്കാര്‍ അഭിഭാഷകന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്

‘ഈ കേസ് അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. നിയമവിദ്യാര്‍ത്ഥികള്‍ക്കും അഭിഭാഷകര്‍ക്കും സംശയമുണ്ടാകില്ല. വധശിക്ഷ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രതിക്ക് അനുകൂലഘടകങ്ങളും പ്രതികൂല ഘടകങ്ങളും തുലനം ചെയ്യുമ്പോഴാണ്. കളക്ടീവ് സോഷ്യല്‍ റെസ്‌പോണ്‍സ് എന്നൊരു സംഗതിയുണ്ട്. അത് മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ എന്ന നിലയ്ക്കും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയ്ക്കും സമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള ധര്‍മ്മം എനിക്കുണ്ട്. അത് നിറവേറ്റുന്നതിന് വേണ്ടിയാണ് ഈ കേസില്‍ വധശിക്ഷ ആവശ്യപ്പെട്ടത്. വ്യക്തിപരമായ താല്‍പര്യത്തില്‍ അല്ല. സമൂഹം അത് (വധശിക്ഷ) ആവശ്യപ്പെടുന്നു. നിലവിലുള്ള നിയമത്തിലെ അളവുകോലുകള്‍ അത് ആവശ്യപ്പെടുന്നു എന്നതുകൊണ്ടാണ് ഞാനത് ആവശ്യപ്പെട്ടത്.

ജി മോഹന്‍രാജ്

സുപ്രീം കോടതി 2004ല്‍ മുര്‍മു കേസില്‍ (സുശീല്‍ മുര്‍മു വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ജാര്‍ഖണ്ഡ്, നരബലി കേസ്) സമൂഹ മനസാക്ഷി വധശിക്ഷ ആവശ്യപ്പെടുന്ന അഞ്ച് ഘടകങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് പൈശാചികവും വിചിത്രവും ക്രൂരവുമായിട്ടുള്ള കൊലപാതകം. രണ്ട്, വിശ്വാസം നല്‍കിയ ഒരാളെ വിശ്വാസലംഘനം നടത്തി കൊല ചെയ്യുക. മൂന്ന് മറ്റൊരു വിവാഹം കഴിക്കുന്നതിനോ ധനത്തിന് വേണ്ടിയോ (കൊല) ചെയ്യുക. നാല്, ഒന്നില്‍ കൂടുതല്‍ ആളുകളെ കൊല്ലുക. അത് ഈ കേസില്‍ ഇല്ല. അഞ്ച്, കുട്ടിയേയോ നിരാലംബയായ സ്ത്രീയേയോ കൊലപ്പെടുത്തുക. അഞ്ചില്‍ നാല് സാഹചര്യങ്ങള്‍ നിലവിലുണ്ട് എന്നുള്ളതുകൊണ്ടാണ് ഞാനത് ചോദിക്കാന്‍ നിര്‍ബന്ധിതനാകുന്നത്.

പ്രതിയുടെ മാനസാന്തരത്തിനുള്ള സാധ്യത, അയാളുടെ സമീപനം, ദു:ഖം ഇതെല്ലാം നമ്മളേയും സ്വാധീനിക്കും. ഈ കേസില്‍, അത്തരത്തില്‍ നമ്മളെ സ്വാധീനിച്ചില്ല എന്ന് മാത്രമല്ല, സൂരജ് നിര്‍വികാരനായി ഇരിക്കുകയായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ തെളിവുകള്‍ വരുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കാറുണ്ടായിരുന്നു, ഇയാളുടെ മുഖം എങ്ങനെയെന്നറിയാന്‍.’

ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്

‘വൈകാരിക തലത്തിന് അപ്പുറത്ത് നിയമപരമായ ബാധ്യത കൂടി ഞാന്‍ ഈ കേസില്‍ കണ്ടു. ആദ്യമായാണ് വധശിക്ഷ ആവശ്യമുണ്ടെന്ന് ശക്തമായി വാദിച്ചത്. വധശിക്ഷയുടെ ശരി തെറ്റുകളോ, അത് പരിഷ്‌കൃത സമൂഹത്തില്‍ വധശിക്ഷ ശരിയാണോ? തെറ്റാണോ? എന്ന (എന്റെ) ചിന്തകള്‍, എന്റെ വ്യക്തിപരമായ അഭിപ്രായത്തിന് യാതൊരു ബാധ്യതയുമില്ല. പൊതുസമൂഹത്തിന്റെ കളക്ടീവായുള്ള ഒരു ആവശ്യമുണ്ട്. അത് വളരെ പ്രധാനമായി എനിക്ക് തോന്നി. പറയുകയാണെങ്കില്‍ വൈകാരികമായ ഒരു കാര്യം കൂടിയുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ‘ഗോള്‍ഡന്‍ സ്‌കെയ്ല്‍സ്’, വിധി ന്യായത്തിന്റെ കാര്യത്തില്‍ ഉപയോഗിക്കുന്ന വിരമിച്ച ഒരു ന്യായാധിപന്‍..അദ്ദേഹത്തിന്റെ വിധിനിര്‍ണ്ണയം വളരെ സൂക്ഷ്മമാണ്. അദ്ദേഹം ഈ കേസിന്റെ കാര്യം ചോദിച്ചപ്പോള്‍ ‘സാര്‍ ഞാനാദ്യമായി വധശിക്ഷ ചോദിക്കാന്‍ പോകുകയാണ്’ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ഇത് എതിര്‍ക്കും എന്ന ധാരണയിലാണ് ഞാനത് പറഞ്ഞത്. ‘അത് ചെയ്യേണ്ടത് മോഹന്‍രാജിന്റെ ജോലിയാണ്. കാരണം റെയറസ്റ്റ് ഓഫ് ദ റെയര്‍ എന്നല്ല ഞാന്‍ പറയുന്നത്. റെയര്‍ ഇന്‍ റെയറസ്റ്റ് ഓഫ് ദ റെയര്‍ എന്നാണ്’. അത് എന്റെ മനസിന് കുറച്ചുകൂടി ശക്തി പകര്‍ന്നു. അദ്ദേഹത്തേപ്പോലുള്ള ഒരു വിരമിച്ച ന്യായാധിപന് അങ്ങനെ ഒരു തോന്നലുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ മൊത്തം തോന്നലാണ്. അല്ലെങ്കില്‍ എന്റെ മനസിലുള്ള ചിന്ത ശരിയാണെന്ന് എനിക്ക് തോന്നി.

ഉത്ര, സൂരജ്

വധശിക്ഷ നല്‍കേണ്ട കേസാണിതെന്നായിരുന്നു എന്റെ ശക്തമായ വാദം. കാരണം, സമൂഹത്തിന് ഇതൊരു പാഠമാകണം. കോടതിയിലും ഞാന്‍ പറഞ്ഞ ഒരു കാര്യം, സര്‍പ്പദോഷം എന്ന ഒരു തോട്ട് വെച്ചിട്ട് അയാള്‍ക്ക് ഒരു കൊലപാതകം ചെയ്യാനുള്ള ഒരു ചിന്തയുണ്ടായി. ഈ കേസിന്റെ സൂക്ഷ്മമായ അന്വേഷണം കൊണ്ടോ, അല്ലെങ്കില്‍ പ്രതിക്ക് പറ്റിയ പിഴവുകള്‍ കൊണ്ടോ മാത്രമാണ് ഇതൊരു കൊലപാതകമാണെന്ന് പ്രോസിക്യൂഷന് കൂലങ്കുഷമായി തെളിയിക്കാന്‍ പറ്റിയത്. പാമ്പുകളെ ഉപയോഗിച്ചുള്ള എല്ലാ കൊലകളിലും അത് തെളിയിക്കാന്‍ പറ്റിക്കൊള്ളണമെന്നില്ല. ഇപ്പോള്‍ ഇത് പുറത്തുവന്ന സ്ഥിതിക്ക് കൈ കൊണ്ട് പിടിച്ച് കടിപ്പിച്ചാല്‍ പല്ലുകളുടെ വീതിയിലെ വ്യത്യാസം വെച്ച് പൊലീസിന് സംശയം തോന്നാം എന്ന തോന്നല്‍ ഇത്തരം ചിന്തകളുള്ളവര്‍ക്കും പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും ഉണ്ടാകാം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ പരമാവധി ശിക്ഷയാണെന്നുള്ള സന്ദേശം സമൂഹത്തിന് കൊടുക്കുകയാണെങ്കില്‍ ഇത്തരം ഹീനമായ ചിന്തകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ ശിക്ഷ വേണമെന്ന് വളരെ ശക്തമായി തന്നെ ഞാന്‍ വാദിച്ചത്.’

അഫ്‌സല്‍ ഗുരു

ജി മോഹന്‍രാജ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം പരമാവധി നന്നായി പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ‘സമൂഹ മനസിന്റെ’ ആവശ്യത്തേക്കുറിച്ചും വികാരത്തേക്കുറിച്ചും സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശം സുപ്രീം കോടതിയുടെ മുന്‍കാല വിധികളേയും ന്യായാധിപന്‍മാരുടെ നിരീക്ഷണങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട അഫ്‌സല്‍ ഗുരുവിന് സുപ്രീം കോടതി മൂന്ന് വട്ടം ജീവപര്യന്തവും ഇരട്ട വധശിക്ഷയും വിധിച്ചിരുന്നു. 2005 ഓഗസ്റ്റ് അഞ്ചിന് നടത്തിയ വിധി പ്രസ്താവത്തിലെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കി. അഫ്‌സല്‍ ഗുരു ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് സമ്മതിച്ച സുപ്രീം കോടതി ഇങ്ങനെ പ്രസ്താവിച്ചു. ‘വലിയ ആള്‍ നാശത്തില്‍ കലാശിച്ച സംഭവം രാജ്യത്തെയൊട്ടാകെ ഞെട്ടിച്ചു, അപരാധിക്ക് പരമാവധി ശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹത്തിന്റെ പൊതു മനസാക്ഷി തൃപ്തമാകുകയുള്ളൂ.’ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പിറ്റേന്ന്, 2013 ഫെബ്രുവരി പത്തിന് ‘ദ ഗാര്‍ഡിയന്‍’ പത്രത്തില്‍ ‘അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കം’ എന്ന തലക്കെട്ടില്‍ അരുന്ധതി റോയ് എഴുതിയ ലേഖനം ആഗോളതലത്തില്‍ ചര്‍ച്ചയായി. സുപ്രീം കോടതിയുടെ വിധിന്യായത്തെ എഴുത്തുകാരി രൂക്ഷമായി വിമര്‍ശിച്ചു.

പാര്‍ലമെന്റ് ആക്രമണത്തേക്കുറിച്ചുള്ള നമ്മുടെ പൊതു മനസാക്ഷി ആര് സൃഷ്ടിച്ചതാണ്? ന്യൂസ് പേപ്പറുകളില്‍ നിന്ന് പെറുക്കിക്കൂട്ടിയെടുത്ത വസ്തുതകളാണോ അത്? അതോ നമ്മള്‍ ടിവിയില്‍ കണ്ട സിനിമകളോ?

അരുന്ധതി റോയ്
അരുന്ധതി റോയ്,  Mayank Makhija/NurPhoto via AP

ദൃശ്യ-സമൂഹമാധ്യമങ്ങളിലൂടേയും ദിനപത്രങ്ങളിലൂടേയും ഉത്രവധക്കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വന്‍തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ശേഷം ഭാര്യയെ പാമ്പിനേക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ആവശ്യമുയര്‍ന്നിരുന്നു. കോടതി കഴിഞ്ഞ ദിവസം സൂരജ് കുറ്റക്കാരനെന്ന് വിധിച്ചതോടെ വധശിക്ഷ തന്നെ നല്‍കിയേക്കുമെന്ന അഭ്യൂഹം ശക്തമായി. സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

ഉത്ര വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് കോടതി അംഗീകരിച്ചെങ്കിലും വധശിക്ഷ നല്‍കേണ്ടതില്ലെന്ന തീര്‍പ്പിലെത്തി. പ്രതിക്ക് മുന്‍കാല കുറ്റകൃത്യ പശ്ചാത്തലമില്ല. 27 വയസ് മാത്രമാണ് പ്രായം. കുറ്റകൃത്യത്തില്‍ പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വ്യക്തമാക്കി. 17 വര്‍ഷത്തെ തടവിന് ശേഷം ഇരട്ട ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി സൂരജിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 17 വര്‍ഷത്തെ തടവ് പൂര്‍ത്തിയായ ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂയെന്ന് ജഡ്ജി എം മനോജ് പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.